കെ.ആർ. ഗൗരിയമ്മ അന്തരിച്ചു; വിടവാങ്ങിയത് മലയാളത്തിന്റെ വിപ്ലവനായിക
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ സമാനതകളില്ലാത്ത രാഷ്ട്രീയ നേതാവും ആദ്യ വനിതാ മന്ത്രിയുമായ കെ ആർ ഗൗരിയമ്മ അന്തരിച്ചു. 102 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ രാവിലെ ഏഴ് മണിയോടെയായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു.
കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ റവന്യൂ മന്ത്രിയായിരുന്നു. കമ്മ്യൂണിസ്റ്റ് നേതാവ് ടി. വി തോമസ് ആണ് ജീവിത പങ്കാളി. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെത്തിയ ഗൗരിയമ്മ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലൂടെയും കര്‍ഷക പ്രസ്ഥാനങ്ങളിലൂടെയും കേരള രാഷ്ട്രീയത്തില്‍ സജീവമായി.
ചേർത്തല പട്ടണക്കാട് അന്ധകാരനഴിയിൽ കളത്തിപ്പറമ്പിൽ കെ എ രാമൻ, പാർവതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14നായിരുന്നു ഗൗരിയമ്മ ജനിച്ചത്. തിരൂർ, ചേർത്തല എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും ബിരുദവും തുടർന്ന് എറണാകുളം ലോ കോളേജിൽ നിന്ന് നിയമബിരുദവും കരസ്ഥമാക്കി. വിദ്യാർഥി ആയിരിക്കുമ്പോൾ മുതൽ തന്നെ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. 1953 ലും 1954 ലും നടന്ന തിരുവിതാംകൂർ, തിരു-കൊച്ചി നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഗണ്യമായ ഭൂരിപക്ഷത്തോടെ വിജയിച്ചു. ലോകത്താദ്യമായി ബാലറ്റ് വോട്ട് ജനാധിപത്യവ്യവസ്ഥയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ അംഗമായിരുന്ന കെ ആര്‍ ഗൗരിയമ്മ ഭൂപരിഷ്‌കരണ നിയമമടക്കം നിയമസഭയില്‍ അവതരിപ്പിക്കുകയും നടപ്പില്‍ വരുത്തുകയും ചെയ്‌ത സവിശേഷ വ്യക്തിത്വത്തിന് ഉടമയാണ്.
1957, 1967, 1980, 1987 കാലത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗമായിരുന്നു. ചേർത്തലയിൽ നിന്നും അരൂരിൽ നിന്നുമാണ് ഗൗരിയമ്മ നിയമസഭയിലെത്തിയത്. 1957 ലാണ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും മന്ത്രിസഭയിലെ സഹ അംഗവുമായ ടി വി തോമസിനെ വിവാഹം കഴിക്കുന്നത്. 1964 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളന്നപ്പോൾ കെ ആർ ഗൗരിയമ്മ സിപിഎമ്മിലും ടി വി തോമസ് സിപിഐയിലും ചേർന്നു. 1987ൽ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പാർട്ടിയിലെ വലിയൊരു വിഭാഗം ഗൗരിയമ്മയെ ഉയർത്തിക്കാട്ടിയിരുന്നു. ‘കേരളംതിങ്ങും കേരളനാട്ടിൽ കെ ആർ ഗൗരി ഭരിക്കട്ടെ’ എന്ന മുദ്രാവാക്യം പോലും മുഴങ്ങിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം ഭൂരിപക്ഷം കിട്ടിയപ്പോൾ ഗൗരിയമ്മ തഴയപ്പെട്ടു. ഇ കെ നായനാർ മുഖ്യമന്ത്രിയായി.
പിന്നീട് 1994ൽ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന ആരോപണത്തിന്റെ പേരിൽ സിപിഎമ്മില്‍ നിന്നും കെ ആർ ഗൗരിയമ്മയെ പുറത്താക്കി. ഇതേ തുടർന്ന് ജനാധിപത്യ സംരക്ഷണ സമിതി (ജെഎസ്എസ്) എന്ന സ്വന്തം പാര്‍ട്ടി രൂപീകരിച്ചു. പിന്നീട് ജെഎസ്എസ് യുഡിഎഫിന്റെ ഭാഗമാവുകയും 2001-06 കാലത്ത് എ കെ ആന്റണി, ഉമ്മൻചാണ്ടി മന്ത്രിസഭകളിൽ പ്രധാന വകുപ്പുകളുടെ ചുമതല കെ ആർ ഗൗരിയമ്മ വഹിക്കുകയും ചെയ്‌തു. റവന്യൂ, വ്യവസായം, എക്സൈസ്, കൃഷി, സാമൂഹ്യക്ഷേമ വകുപ്പുകൾ പലപ്പോഴായി കൈകാര്യം ചെയ്തു. പിന്നീട് 2016ഓടെ ജെഎസ്എസ് എൽഡിഎഫുമായി സഹകരിക്കാൻ തീരുമാനിച്ചു. പിന്നീട് ഇടതുമുന്നണി നേതാക്കളുമായി നല്ല ബന്ധം പുലർത്തിയിരുന്നു ഗൗരിയമ്മ.
കേരളത്തിൽ 1960-70-കളിൽ നടപ്പിലാക്കിയ ഭൂപരിഷ്കരണ നിയമത്തിന്റെ പ്രമുഖശില്പിയായാണ് ഗൗരിയമ്മയെ വിശേഷിപ്പിക്കപ്പെടുന്നത്. പതിനൊന്നാം കേരള നിയമസഭയിലെ (2001-2006) ഏറ്റവും പ്രായം കൂടിയ നേതാവ് കൂടിയായിരുന്നു ഗൗരിയമ്മ. ഏറ്റവുമധികം തവണ തെരഞ്ഞെടുക്കപ്പെട്ടയാൾ എന്ന റെക്കോർഡ് ഗൗരിയമ്മയുടെ പേരിലാണ്. ഏറ്റവും പ്രായം കൂടിയ നിയമസഭാംഗം (85 വയസ്), ഏറ്റവും കൂടുതൽ കാലം നിയമസഭാംഗം, ഏറ്റവും പ്രായം കൂടിയ മന്ത്രി തുടങ്ങിയ വേറെയും റെക്കോർഡുകൾ ഗൗരിയമ്മയുടെ പേരിലുണ്ട്. കെ ആർ ഗൗരിയമ്മയുടെ ആത്മകഥ 2010 ൽ ‘ആത്മകഥ-കെ.ആർ. ഗൗരിയമ്മ’ എന്ന പേരിൽ പുറത്തിറങ്ങിയിരുന്നു.
Comments are closed.