എം.ഐ ഷാനവാസ് എം.പി അന്തരിച്ചു
ചെന്നൈ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി വര്‍ക്കിങ്ങ് പ്രസിഡന്റും വയനാട് ലോക്‌സഭാ മണ്ഡലത്തിലെ എം.പിയുമായ എം.ഐ ഷാനവാസ് അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ അണുബാധയെ തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. ഇന്ന് ഉച്ചയ്ക്കു ശേഷം വിമാനമാര്‍ഗ്ഗം കൊച്ചിയിലേക്കു കൊണ്ടുവരുന്ന മൃതദേഹം എറണാകുളത്തെ വസതിയില്‍ പൊതുദര്‍ശനത്തിനു വെക്കും. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് കൊച്ചി തൊട്ടത്തുപടി പള്ളിയില്‍ നടക്കും.
പാന്‍ക്രിയാസ് ശസ്ത്രക്രിയ നടത്തിയിട്ടുള്ള അദ്ദേഹത്തിന് ദീര്‍ഘനാളുകളായി ആരോഗ്യപ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. കരള്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് നവംബര്‍ ഒന്നിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് നവംബര്‍ രണ്ടിന് കരള്‍മാറ്റ ശസ്ത്രക്രിയയും നടത്തിയിരുന്നു. എന്നാല്‍ അണുബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആവുകയായിരുന്നു.
പ്രശസ്ത അഭിഭാഷകനായിരുന്ന ഇബ്രാഹിംകുട്ടിയുടെയും നൂര്‍ജഹാന്‍ ബീഗത്തിന്റെയും മകനായി 1951 സെപ്റ്റംബര്‍ 22ന് കോട്ടയത്തായിരുന്നു ഷാനവാസിന്റെ ജനനം. വിദ്യാര്‍ത്ഥിയായിരിക്കെ കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി. കോഴിക്കോട് ഫറൂഖ് കോളെജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എയും എറണാകുളം ലോ കോളെജില്‍ നിന്ന് എല്‍എല്‍ബിയും നേടി.
1972 ല്‍ കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍, 1978 ല്‍ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, 1983 ല്‍ കെ.പി.സി.സി ജോയിന്റ് സെക്രട്ടറി, 1985-ല്‍ കെ.പി.സി.സി വൈസ് പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ച അദ്ദേഹത്തെ ഈ വര്‍ഷം കെ.പി.സി.സിയുടെ വര്‍ക്കിങ്ങ് പ്രസിഡന്റായി നിയോഗിച്ചിരുന്നു. 2009-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് എം.ഐ ഷാനവാസ് ജയിച്ചത്. അഞ്ചു തവണ പരാജയപ്പെട്ടതിനു ശേഷമാണ് വയനാട് മണ്ഡലത്തില്‍ നിന്ന് അദ്ദേഹം ലോക്‌സഭയിലെത്തിയത്. 2014-ല്‍ എല്‍.ഡി.എഫിലെ സത്യന്‍ മൊകേരിയെ തോല്‍പ്പിച്ച് വീണ്ടും പാര്‍ലമെന്റംഗമായി. ഭാര്യ ജുബൈരിയത്ത്. മക്കള്‍ ഹസീബ്, അമീനാ.
Comments are closed.