കോഴിക്കോട്ടുകാരി
സെപ്റ്റംബര്‍ ലക്കം പച്ചക്കുതിരയില്‍
ഖദീജാ മുംതാസ്
അപ്പോള്‍ ഏതാണ് ഒരാളുടെ ദേശം? ജനിച്ചുവീണയിടമോ? ജനിതകമായി കോര്‍ത്തിണക്കപ്പെട്ടയിടമോ?ബാല്യസ്മൃതികളുമായി കുഴഞ്ഞുകിടക്കുന്നയിടമോ? പിന്നീട് വേരുപിടിപ്പിച്ച് മരണംവരെ കഴിയുന്നയിടമോ? അറിയില്ല. ദേശവുമായി മനുഷ്യര്‍ നിരന്തരം വാക്കുകളാല്‍, പ്രവൃത്തികളാല്‍ ബന്ധം പുതുക്കിക്കൊണ്ടേയിരിക്കും എന്നു മാത്രമറിയാം. കാലങ്ങളിലൂടെ, മണ്ണിനടിയില്‍ മറഞ്ഞുപോയ അനേകമനുഷ്യര്‍ ചെയ്തുപോന്നിരുന്നതുപോലെ.
ഓർക്കാപ്പുറത്തൊരു ഗ്രാമം, ഒരു ദേശം, ഒലിച്ചുപോയതിന്റെ ആഘാതത്തിലാണ്. കോഴിക്കോടിനെ വിദൂരദേശങ്ങളുമായി കടൽവഴിയിണക്കി അതിന്റെ സംസ്‌കാരത്തെ അനന്യമാക്കിയ പശ്ചിമഘട്ട സമൃദ്ധിയുടെ വയനാട്. എവിടെനിന്നൊക്കെയോ തലമുറകളായി വന്നെത്തിയവരായിരുന്നു വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ അപ്രത്യക്ഷമായ പുഞ്ചിരിമട്ടത്താഴ്വരയിലെ മനുഷ്യർ. ഞാനും കോഴിക്കോടിന് അങ്ങനെ വന്നുചേർന്നവൾ. പോകാൻ കൂട്ടാക്കാത്തവൾ. അര നൂറ്റാണ്ടു മുഴുവനായും കോഴിക്കോട് നഗരത്തിൽ ജീവിച്ചിട്ടും സാഹിത്യനഗരത്തിന് ഞാൻ വന്നവൾതന്നെ. എന്തിന്! ബേപ്പൂർ സുൽത്താനായിട്ടും വൈക്കംകാരനായിയിരിക്കുന്നില്ലേ, കൂടല്ലൂരുകാരനായിരിക്കുന്നില്ലേ, കോഴിക്കോടിനെ കോഴിക്കോടാക്കിയവരിൽ പ്രമുഖരായ മഹാപ്രതിഭകൾപോലും. അപ്പോൾ ഏതാണ് ഒരാളുടെ ദേശം? ജനിച്ചുവീണയിടമോ?ജനിതകമായി കോർത്തിണക്കപ്പെട്ടയിടമോ?ബാല്യസ്മൃതികളുമായി കുഴഞ്ഞുകിടക്കുന്നയിടമോ? പിന്നീട് വേരുപിടിപ്പിച്ച് മരണംവരെ കഴിയുന്നയിടമോ? അറിയില്ല. ദേശവുമായി മനുഷ്യർ നിരന്തരം വാക്കുകളാൽ, പ്രവൃത്തികളാൽ ബന്ധം പുതുക്കിക്കൊണ്ടേയിരിക്കും എന്നു മാത്രമറിയാം. കാലങ്ങളിലൂടെ, മണ്ണിനടിയിൽ മറഞ്ഞുപോയ അനേക മനുഷ്യർ ചെയ്തുപോന്നിരുന്നതു പോലെ.
അച്ഛനോടൊപ്പം ട്രെയിനും ബസ്സും മാറിക്കേറി ഈ തെരുവൊന്നിലെത്തി കുതിരവണ്ടി കണ്ടന്തിച്ചു നിന്ന എം.ടി.യുടെ ഏകദേശം അതേ പ്രായത്തിൽ ഞാനും കോഴിക്കോട്ടെത്താൻ കൊതിച്ചിരുന്നു. സാമൂതിരി ക്കഥകളും കുഞ്ഞാലി മരയ്ക്കാരും ഉരുക്കളും ഗാമയുടെ ക്രൂരതകളെ ചെറുക്കുന്ന പടപ്പാട്ടുകളും കല്ലായിപ്പുഴയുമൊക്കെ മനസ്സിൽ കുഴഞ്ഞുകിടന്ന് ഒരു മാന്ത്രിക പരിവേഷമുണ്ടാക്കിയിരുന്നു അക്കാലത്തുതന്നെ. കോഴിക്കോട്ടുനിന്നിറങ്ങുന്നതാണ് മാതൃഭൂമി ആഴ്ചപ്പതിപ്പ്. എം.ടി.വാസുദേവൻ നായർ അന്നതിന്റെ പത്രാധിപർ. വിഷുപ്പതിപ്പിലേക്ക് എട്ടാം ക്ലാസുകാരി കഥയയയ്ക്കുമ്പോൾ വീട്ടുകാരും കൂട്ടുകാരും ഇട്ടാവട്ട സാഹിത്യബോധത്തോടെ കഥാ മത്സരത്തിൽ സമ്മാനമെനിക്കെന്നുറപ്പിച്ചിരുന്നു. കോഴിക്കോട്ടെത്താനുള്ള ആദ്യ ചാൻസിതാ ദിവാസ്വപ്ന ചാരുതയോടെ എന്റെ മുന്നിൽ! സ്വപ്നം നിലംപരിശായപ്പോൾ കൂടെ നിൽക്കാൻ ആരുമുണ്ടായിരുന്നില്ല. മാതൃഭൂമി വായനക്കാരിയായിരുന്ന ഉമ്മയും സഹോദരിമാരുമുൾപ്പെടെ എല്ലാവരും പരിഹാസികളുടെ കൂട്ടത്തിലായി. ആദ്യത്തെ ഉൾവലിയൽ അതോടെ സംഭവിക്കുകയായിരുന്നു. എഴുത്തിലെ ആത്മവിശ്വാസമില്ലായ്മ, അതിന്നും എന്നെ പിൻതുടരുന്നുണ്ട്.
മെഡിക്കൽ കോളേജിൽ ഇന്റർവ്യൂവിന് എത്താനായിരുന്നു ആദ്യ കോഴിക്കോട് യാത്ര. ആന വണ്ടിയിൽ നാലര മണിക്കൂർ യാത്ര ചെയ്ത് നഗരത്തുടിപ്പുകളിലേക്കു ഞാനുമെത്തി. സാകൂതം വലിയ തെരുവുകൾ നോക്കിയിരുന്നു പതിനെട്ടാം വയസ്സുകാരി. കുതിരവണ്ടികളും റിക്ഷാവണ്ടികളും അപ്രത്യക്ഷമായിരുന്നു. കാറുകൾ, ബസ്സുകൾ അവയ്ക്കിടയിലൂടെ നിർഭയം നടക്കുന്ന മനുഷ്യർ, നിയന്ത്രിക്കാൻ പാടുപെടുന്ന ട്രാഫിക് ജങ്ഷനിലെ പോലീസുകാരന്റെ പരവേശം, ഒക്കെ ആനവണ്ടിയുടെ ഉയരത്തിലിരുന്നു കണ്ടു. മാനാഞ്ചിറ മൈതാനി കണ്ടു. വടക്കേയറ്റത്തെ കുഞ്ഞു ടാഗോർ പാർക്കിന്റെ ഗേറ്റു കണ്ടു. ചൂണ്ടിക്കാണിച്ച മൂത്താപ്പയുടെ വിരൽത്തുമ്പത്ത് മാനാഞ്ചിറയുടെ പരപ്പ് കണ്ടു.
പൂര്‍ണ്ണരൂപം 2024 സെപ്റ്റംബര്‍ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും സെപ്റ്റംബര്‍ ലക്കം ലഭ്യമാണ്
Comments are closed.