കൊട്ടിയൂര്‍ പീഡനക്കേസ്: ഫാ. റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷം കഠിനതടവ്, മൂന്ന് ലക്ഷം പിഴ
തലശ്ശേരി: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞ വൈദികന്‍ ഫാ.റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷത്തെ കഠിനതടവും മൂന്നു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. തലശ്ശേരി പോക്‌സോ കോടതി ജഡ്ജിയാണ് കേസില്‍ വിധി പറഞ്ഞത്. വിവിധ കുറ്റങ്ങള്‍ക്ക് 60 വര്‍ഷം തടവ് വിധിച്ചെങ്കിലും 20 വര്‍ഷം തടവ് ഒന്നിച്ചനുഭവിച്ചാല്‍ മതി. പിഴയില്‍ നിന്ന് ഒന്നര ലക്ഷം രൂപ പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക് നല്‍കണം.കള്ളസാക്ഷി പറഞ്ഞതിന് കുട്ടിയുടെ അച്ഛനും അമ്മയ്ക്കുമെതിരെ നടപടിയെടുക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേസമയം കേസില്‍ പ്രതി ചേര്‍ത്തിരുന്ന മറ്റ് ആറു പേരെ കോടതി വെറുതെ വിട്ടു. ഇവര്‍ക്കെതിരായ കുറ്റം തെളിയിക്കാനായില്ലെന്നു കോടതി നിരീക്ഷിച്ചു.
പെണ്‍കുട്ടിയെ പീഡിപ്പിച്ച വൈദികന്‍ റോബിന്‍ വടക്കുംചേരിയും പീഡനവിവരം മറച്ചുവെച്ച ആറുപേരുമടക്കം ഏഴു പേരായിരുന്നു കേസിലെ പ്രതികള്‍. കമ്പ്യൂട്ടര്‍ പഠിക്കാനെത്തിയ കുട്ടിയെ സ്വന്തം മുറിയില്‍ വെച്ചാണ് ഫാദര്‍ റോബിന്‍ പീഡിപ്പിച്ചത്. കൂത്തുപറമ്പ് ക്രിസ്തുരാജ് ആശുപത്രിയില്‍ വെച്ചായിരുന്നു കുട്ടിയുടെ പ്രസവം. ചൈല്‍ഡ് ലൈന്‍ ലഭിച്ച രഹസ്യവിവരം പൊലീസിനു കൈമാറിയതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തൊട്ടുപിന്നാലെ ആശുപത്രി അധികൃതരുടെ സഹായത്തോടെ പെണ്‍കുട്ടിയേയും കുഞ്ഞിനേയും വയനാട്-വൈത്തിരി ദത്തെടുക്കല്‍ കേന്ദ്രത്തിലാക്കി.
2017 ഫെബ്രുവരിയിലാണ് ഫാദര്‍ റോബിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ആശുപത്രി അധികൃതരടക്കം ആകെ പത്തുപേരാണ് കേസില്‍ അറസ്റ്റിലായത്. എന്നാല്‍ ക്രിസ്തുരാജ് ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരെയും അഡ്മിനിസ്‌ട്രേറ്ററെയും വിടുതല്‍ ഹര്‍ജി അംഗീകരിച്ച് സുപ്രീം കോടതി കുറ്റവിമുക്തരാക്കിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പ്രസവവിവരം മറച്ചുവെച്ചു എന്നതായിരുന്നു ഇവര്‍ക്കെതിരെയുള്ള കുറ്റം.
Comments are closed.