DCBOOKS
Malayalam News Literature Website

കുട്ടികള്‍ക്കായി ‘കൊതിയന്‍ കാക്കയുടെ കഥ’

കഥകള്‍ ഇഷ്ടമില്ലാത്തവരായി ആരുമില്ല. കഥകള്‍ സൃഷ്ടിച്ച ഭാവനാലോകത്ത് പാറിപ്പറക്കാന്‍ ഏവര്‍ക്കും വളരെ ഇഷ്ടമാണ്, പ്രത്യേകിച്ച് കുട്ടികള്‍ക്ക്. കൊച്ചുകുട്ടികളുടെ ബുദ്ധിയെ കൂടി ഉണര്‍ത്താന്‍ സഹായിക്കുന്നവയാണ് കഥകള്‍. പണ്ടെല്ലാം കഥയുടെ മായികലോകം തുറന്നിട്ടത് വീടുകളിലെ മുത്തശ്ശിമാരായിരുന്നു. എന്നാല്‍ ഇന്നത്തെ അണുകുടുംബ ജീവിതത്തില്‍ ആര്‍ക്കും ഒന്നിനും സമയമില്ല.

കഥകള്‍ കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുന്ന കൊച്ചുകൂട്ടുകാര്‍ക്കായി ഡി.സി ബുക്‌സ് തയ്യാറാക്കിയിരിക്കുന്ന കൊതിയന്‍ കാക്കയുടെ കഥ ഏറെ ഇഷ്ടപ്പെടും. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന രസകരവും ലളിതവുമായ നിരവധി കഥകളാണ് ഈ കൃതിയിലുള്ളത്.

കുഞ്ഞുമനസ്സുകള്‍ക്ക് ലളിതമായി മനസ്സിലാക്കാനും അവയുടെ സാരാംശം ഉള്‍ക്കൊള്ളാനും കഴിയുന്നതരത്തില്‍ ലളിതമായ ആഖ്യാനമാണ് ഈ കൃതിയുടെ സവിശേഷത. നമുക്കെല്ലാം ഏറെ പ്രിയപ്പെട്ടതും വായിച്ചും കേട്ടും അറിഞ്ഞ കുഞ്ഞുകഥകളുടെ പുനരാഖ്യാനമായ ഈ കഥകള്‍ കുട്ടികള്‍ക്ക് വായിക്കാനും മുതിര്‍ന്നവര്‍ക്ക് വായിച്ചുകൊടുക്കാനും ഉതകുന്നതാണ്.

കഥാകൃത്തും വിവര്‍ത്തകയുമായ അഷിതയാണ് കഥകളുടെ പുനരാഖ്യാനം നിര്‍വ്വഹിച്ചിരിക്കുന്നത്. മാമ്പഴം ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകത്തിന്റെ പരിഷ്‌ക്കരിച്ച പുതിയ പതിപ്പ് പുറത്തിറങ്ങിയിട്ടുണ്ട്.

Comments are closed.