DCBOOKS
Malayalam News Literature Website

കൂത്താണ്ടവർ; വാത്സല്യത്തിനും പ്രണയത്തിനും ഒരു നൂതനഭാഷ്യം!

വേണുഗോപാലൻ കോക്കോടന്റെ ‘കൂത്താണ്ടവർ’ എന്ന നോവലിന്  മുരളി ജെ നായർ എഴുതിയ വായനാനുഭവം

വേണുഗോപാലൻ കോക്കോടന്റെ, ഫൊക്കാനാ അവാർഡ് നേടിയ നോവൽ “കൂത്താണ്ടവർ” വായിച്ചു. തികച്ചും വേറിട്ട ഒരു വായനാനുഭവം! തന്റെ ആദ്യത്തെ നോവലാണെന്ന് അദ്ദേഹം അവകാശപ്പെടുന്നുണ്ടെങ്കിലും ക്രാഫ്റ്റിലെ കയ്യടക്കം പ്രത്യേക പരാമർശമർഹിക്കുന്നു. ആണും പെണ്ണുമല്ലാതെ ജീവിക്കേണ്ടിവരുന്ന, പാർശ്വവൽക്കരിക്കപ്പെട്ട ഒരു ന്യൂനപക്ഷത്തിന്റെ തീവ്രാനുഭങ്ങളാണ് ഈ നോവൽ പറയുന്നത്.

“ജന്മം കൊണ്ടും കർമ്മംകൊണ്ടും മാത്രം മ്ളേഛമായതെന്നു മുദ്രകുത്തി…. ഉയരാൻ അനുവദിക്കപ്പെടാത്ത എല്ലാ ജന്മങ്ങൾക്കും” ആണ് ഈ പുസ്തകം സമർപ്പിക്കപ്പെട്ടിരിക്കുന്നത്. അത്യന്തം സാർഥകമായ ഒരു സമർപ്പണം!

Textവാത്സല്യം, പ്രണയം, എന്നീ ഉദാത്തഭാവങ്ങൾക്ക് ഈ നോവൽ ഒരു നൂതനഭാഷ്യം തന്നെ ചമച്ചിരിക്കുന്നു!  ഒരു സാഹസിക യാത്രാവിവരണത്തിന്റെ ചടുലതയും പ്രേമകഥയുടെ ആർദ്രതയും ആത്മകഥാകഥനത്തിന്റെ ആർജവവും ആത്മാർപ്പണത്തിന്റെ തീവ്രതയും ആസ്വാദനേന്ദ്രിയങ്ങളെ പൊന്നണിയിക്കുന്ന വൈകാരികതലങ്ങളും ഒക്കെ ഈ കൃതിയിൽ ദർശിക്കാം. കൂടാതെ, അവസരവാദപരമായ കാപട്യത്തിലൂന്നിയ നമ്മുടെ സമൂഹത്തിന്റെ വെറുക്കപ്പെടേണ്ട സമീപനങ്ങളും!

ജീവിതത്തിന്റെ ഒരു പുഷ്കലകാലം, അതായത് ഇരുപതുകളുടെ ആരംഭത്തിൽ, ബോംബെയിൽ ജീവിച്ച ആളെന്നനിലയിൽ, ഈ നോവലിലെ ഇതിവൃത്തം വികസിക്കുന്ന വഴിത്താരകളെല്ലാം എനിക്കും പരിചിതമാണ്. ആ സ്വപ്നഭൂമികയിലൂടെ കഥാനായകനൊപ്പം സഞ്ചരിക്കുമ്പോൾ അനുഭവപ്പെടുന്ന നാദങ്ങളും ഗന്ധങ്ങളും ഭാവങ്ങളും ആൾത്തിരക്കുകളുമെല്ലാം നൽകുന്നത് ഒരു ഗൃഹാതുരത്വത്തിന്റെ ഉടക്കിവലിക്കലുകളാണ്.

ഇതിലെ കഥാതന്തുവിന്റെ ഒരു ഒരു പ്രധാന വഴിത്തിരിവായ, തമിഴ്‌നാട്ടിലെ സെഗുഡന്തലി എന്ന സ്ഥലത്തേക്കുള്ള തന്റെ യാത്രയെപ്പറ്റി കഥാനായകൻ വിവരിക്കുന്ന ആ ഭാഗം വളരെ ഹൃദ്യമായിത്തോന്നി. “ജീവിതത്തിൽ ഒരിക്കലും നിനയ്ക്കാത്ത അനുഭവമാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്” എന്നുള്ള ആ പ്രഖ്യാപനത്തിൽ എല്ലാം അടങ്ങിയിരിക്കുന്നു.  ആ അനുഭവം അനുവാചകനിലേക്കും പകരുന്ന കാര്യത്തിൽ നോവലിസ്റ്റ് വിജയിച്ചിരിക്കുന്നു.

വായനക്കാരന്റെ ചിന്താരീതിയേയും സാമുഹ്യനീതിബോധത്തേയും ജീവിതദർശനത്തെത്തന്നേയും മാറ്റിമറിക്കുന്ന നോവലുകളുടെ ശ്രേണിയിലേക്ക് ഇതാ ഒരു സർഗസൃഷ്ടികൂടി!  കഥാകൃത്തിന് എന്റെ അഭിനന്ദനങ്ങളും ആശംസകളും!

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

കൂടുതൽ വായനാനുഭവങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

 

Comments are closed.