DCBOOKS
Malayalam News Literature Website

‘കൂത്താണ്ടവർ’ ; പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനതയെക്കുറിച്ചുള്ള ദീപ്തമായ ബോധവൽക്കരണം

വേണുഗോപാലൻ കോക്കോടന്റെ ‘കൂത്താണ്ടവർ’ എന്ന നോവലിന് ഡോ. പി. സി. നായർ എഴുതിയ വായനാനുഭവം

വേണുഗോപാലൻ കോക്കോടന്റെ ആദ്യനോവലായ ‘കൂത്താണ്ടവർ’ വായിച്ചപ്പോൾ, എന്റെ മനസ്സിൽ തോന്നിയ ചില കാര്യങ്ങളാണിവിടെ രേഖപ്പെടുത്തുന്നത്. ഉത്തര കേരളത്തിലെ ഒരു സാധാരണ കർഷക കുടുംബത്തിൽ നിന്ന് സ്വന്തമായൊരു ജീവിതം കെട്ടിപ്പടുക്കുവാൻ, മഹാനഗരമായ മുംബൈയിലേക്ക് പുറപ്പെട്ട, ആദർശവാദിയായ, ഗോപനെന്ന യുവാവിന്റെ ജീവിതത്തിലെ ഒരേടാണ് ഈ നോവലിലെ പ്രതിപാദ്യ വിഷയം. നോവലിന്റെ ഉള്ളടക്കത്തിലും ഭാവത്തിലും അതിന്റെ വൈകാരിക സ്വഭാവത്തിലും, നോവലിസ്റ്റ് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ടെന്ന് ആദ്യമേ പറയട്ടെ!

ഗോപൻ (ഇത് നോവലിസ്റ്റ് തന്നെയാണെന്ന് കരുതാം) മുംബൈയിലെത്തുമ്പോൾ, തന്റെ പരിമിതമായ വിദ്യാഭ്യാസ യോഗ്യതകൾ, ഒരു നല്ല ജോലി സമ്പാദിക്കാൻ അപര്യാപ്തമാണെന്ന് പെട്ടന്ന് മനസ്സിലാക്കുന്നു. കൂടാതെ ഭാഷയിലുള്ള പരിമിതമായ അറിവും ഗോപനെ അസ്വസ്ഥനാക്കുന്നുണ്ട്. എങ്കിലും മനോധൈര്യം കൈവിടാതെയുള്ള പ്രവർത്തികളിലൂടെ ഒരു ജോലി തരപ്പെടുത്തുകയും, ക്രമേണ അതിൽ ഒരളവുവരെ വിജയിക്കുകയും ചെയ്യുന്നു. ഇതിനിടയിൽ കണ്ടുമുട്ടുന്ന രണ്ട് പ്രധാന കഥാപാത്രങ്ങളാണ് സുമതിയും സുനന്ദയും. സുമതി, ലിംഗപരിവർത്തനം ചെയ്യപ്പെട്ട ഒരു വനിതയാണെങ്കിൽ, സുനന്ദ, ഒരു നിർദ്ധനകർഷകനായ പിതാവിനാൽ, പണത്തിന് വേണ്ടി കൈമാറ്റം ചെയ്യപ്പെട്ട സാധുപ്പെൺകുട്ടിയാണ്. ഇവർ രണ്ടുപേരും, മുംബൈയിലെ ലൈംഗികത്തൊഴിലാളികൾ കൂട്ടമായിത്താമസിക്കുന്ന, കാമാത്തിപുര എന്ന സ്ഥലത്താണ് താമസം. അവരുടെ രക്ഷിതാവായി, സാമൂഹിക വിഷയങ്ങളിൽ ഉൽപതിഷ്ണുവായ പെരുമാളുമുണ്ട്. ക്രമേണ, ഗോപനും സുമതിയും അടുത്ത സുഹൃത്തുക്കളായി മാറുന്നു. ഇവരുടെ സൗഹൃദം മുന്നോട്ട് പോകുന്നതിനിടയിൽ, സുമതി, അവരുടെ ഇടയിലേക്ക് സുനന്ദയെ കൊണ്ടുവരുന്നു. ഇവർക്ക് സമൂഹം കൽപ്പിക്കുന്ന സ്ഥാനം ഗോപനറിയാമെങ്കിലും, സുമതിയുടെ പ്രേരണയാൽ, സുനന്ദയെ വിവാഹം കഴിക്കാമെന്ന് ഗോപൻ വാക്ക് കൊടുക്കുന്നു. ഈ ബാന്ധവം, അവരുടെ രക്ഷിതാവായ പെരുമാൾ അംഗീകരിക്കാത്തത് കൊണ്ട്, നിരാശരായ സുമതിയും സുനന്ദയും ആത്മാഹുതി കൈവരിക്കുകയാണ്. ഈ വിഷയം അവതരിപ്പിച്ചിരിക്കുന്നത്, നോവലിന്റെ സമർപ്പണത്തിൽ പറയുന്നത് പോലെ, ‘നാട്യപ്രധാനമായ Textഇന്നത്തെ ലോകത്ത്, ജന്മം കൊണ്ടും കർമ്മം കൊണ്ടും മാത്രം മ്ലേച്ഛമായതെന്ന് മുദ്രകുത്തി, പൊതുസമൂഹത്താൽ അവഗണിക്കപ്പെട്ട, ഉയരാൻ അനുവദിക്കപ്പെടാത്ത എല്ലാ ജന്മങ്ങൾക്കും’ സമൂഹത്തിൽ ഉയരാൻ ഒരവസരം കൊടുക്കണമെന്ന സന്ദേശം ഉയർത്തിപ്പിടിക്കാനാണ്.

ലളിതമെങ്കിലും, ഹൃദയം ഹൃദയത്തോട് മന്ത്രിക്കുന്ന ആവിഷ്‍കാരരീതിയാണ് ഈ നോവലിന്റെ ഭാഷ. ഇതിന് പല ഉദാഹരണങ്ങളും നമുക്ക് കാണാം; പ്രത്യേകിച്ച് , ഗോപനും സുമതിയും തമ്മിലുള്ള സംഭാഷണങ്ങളിൽ. ഒരിക്കൽ, അമേരിക്കയിലേക്ക് പോകാനുള്ള ഗോപന്റെ ശ്രമങ്ങളെക്കുറിച്ച് സുമതി പറയുന്നത്, ഞങ്ങളെ മറക്കാൻ വേണ്ടിയല്ലേയെന്നാണ്. ഗോപൻ അവർക്ക് ആശ്വാസവാക്കുകൾ കൊടുക്കുന്നത്, “ഇല്ലെടോ… അങ്ങനെയൊന്നുമില്ല. എന്ത് പ്രശ്നങ്ങളുണ്ടായാലും, ഞങ്ങളിനി ഒരുമിച്ചായിരിക്കും” എന്നിങ്ങനെയാണ്. ഒരിക്കൽ സുമതി പറയുന്നു: “എനിക്കൊരാഗ്രഹമുണ്ട്. വെറും ആഗ്രഹം.” കുറച്ച് നേരം ആലോചിച്ചിരുന്നു. ” എന്റെ സ്വപ്നത്തിൽപ്പോലും നിങ്ങളെപ്പോലെ ഒരാളെ…. ഞങ്ങളുടെ സുഹൃത്തായിക്കിട്ടുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല.” നിർത്തിനിർത്തിയാണ് സുമതി സംസാരിക്കുന്നത്.

പാത്രസൃഷ്ടികൾ, നോവലിന് തിളക്കം കൊടുക്കുന്ന പ്രധാനമായ ഘടകങ്ങളിലൊന്നാണ്. പാത്രജന്യമായ ക്രിയകളിൽക്കൂടിയാണ്, നോവലിന്റെ ഇതിവൃത്തം രൂപപ്പെടുത്തിയിരിക്കുന്നത്. ഇതിലെ കേന്ദ്രകഥാപാത്രങ്ങളിലൊന്നായ സുമതിയുടെ കാര്യം തന്നെ നോക്കാം. സുമതിയെ ഒരു ഹിജഡയായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നതെങ്കിലും, അവൾ, മറ്റ് സാധാരണ മനുഷ്യരെ അപേക്ഷിച്ച്, കൂടുതൽ ധർമ്മബോധവും ധീഷണാശക്തിയുമുള്ളവളാണ്. കൂവഗം ഉത്സവങ്ങളുടെ ഭാഗമായി നടത്താറുള്ള സൗന്ദര്യമത്സരങ്ങളിൽ സുമതി എന്തേ പങ്കെടുക്കാത്തത് എന്ന ഗോപന്റെ ചോദ്യത്തിനുത്തരമായി അവൾ പറയുന്നത് നോക്കാം. “ലോകത്തിൽ എല്ലാത്തിനും അതിന്റേതായ സൗന്ദര്യമുണ്ട്… മത്സരരംഗത്ത് ഒരാൾ വിജയിച്ചാൽ, അതിൽ പങ്കെടുത്ത മറ്റുള്ളവർക്ക് സൗന്ദര്യമില്ലെന്നോ, അല്ലെങ്കിൽ സൗന്ദര്യം കുറവാണെന്നോ വരികില്ലേ? അത്, അവർക്ക് അവരെക്കുറിച്ച് തന്നെ അവജ്ഞ തോന്നാൻ ഇടയാക്കില്ലേ? കഴിവ് അളക്കുന്നത് പോലെ, സൗന്ദര്യം അളക്കാൻ പറ്റില്ല. സൗന്ദര്യം കിടക്കുന്നത് ഒരുത്തരുടേയും ഉള്ളിലാണ്.”

അതുപോലെത്തന്നെ ഇതിലെ പെരുമാളും, അഗതികളായ ജന്മങ്ങൾക്ക് ആശ്വാസവും പിന്തുണയും നൽകുന്ന വളരെ വ്യക്തിത്വമുള്ള കഥാപാത്രമാണ്. അദ്ദേഹത്തിൻറെ കാമാത്തിപുരയിലുള്ള രണ്ടുമുറി വീട്ടിലും, വിജ്ഞാനപ്രദായങ്ങളായ പുസ്തകങ്ങളും ഡിക്ഷനറിയും മറ്റുമുണ്ടെന്ന് നോവലിസ്റ്റ് അനുവാചകനെ ഓർമ്മിപ്പിക്കുന്നുണ്ട്. ഇതുപോലെത്തന്നെ സ്നേഹനിധിയായ ഉമേച്ചിയും. ഗോപന് ബുദ്ധിമുട്ട് വന്നപ്പോൾ, കൈയ്യിലുള്ള എല്ലാ സമ്പാദ്യവും ചേർത്ത് മുപ്പത് രൂപാ കൊടുക്കാൻ സന്മനസ്സ് കാണിച്ച ആ വീട്ടമ്മ, സദ്ഗുണങ്ങളുടെ മൂർത്തീഭാവമാണെന്ന് നിസ്സംശയം പറയാം.

ഈ നോവലിന്റെ മറ്റൊരു സവിശേഷത, ഇതിലെ കാലത്തിന്റെ പ്രസക്തിയാണ്. ഗോപന്റെ ജനനം, 1972 ൽ കണ്ണൂർ ജില്ലയിലാണ്. അയാളുടെ മുംബൈയിലേക്കുള്ള പ്രയാണം തുടങ്ങുന്നത്, 1994 ജൂലൈ മാസത്തിലും. ഗോപൻ തന്റെ ഇരുപത്തിരണ്ടാം വയസ്സിൽ മുംബൈ നഗരത്തിലെത്തിച്ചേരുന്നു. 2000 ലെ Y2K പ്രൊജക്ടിൽ സജീവപ്രവർത്തകനായത് കൊണ്ട്, ആ കാലം വരെയുള്ള ഏതാണ്ട് ആറ് വർഷങ്ങളിലാണ് നോവലിലെ ക്രിയകൾ നടക്കുന്നതെന്ന് കരുതാം. അനുവാചകനെ അനുഭൂതികളുടെ ഉയർന്ന തലങ്ങളിലേക്ക് കൂട്ടിക്കൊണ്ട് പോകാൻ പര്യാപ്തമായ രീതിയിൽ, ഗോപന്റെ ഈ കാലങ്ങളിലെ അനുഭവങ്ങളെല്ലാം വിശദമായിത്തന്നെ നോവലിൽ പ്രതിപാദിച്ചിട്ടുണ്ട്. അങ്ങനെ 1999 ഫെബ്രുവരി മാസത്തിൽ നടത്തിയ ഒരുല്ലാസയാത്ര, ഒരു സഹപ്രവർത്തകന്റെ അപകടമരണത്തിൽ കലാശിച്ച കഥ, ഹൃദയഭേദകമായ രീതിയിൽ രേഖപ്പെടുത്തിയിരിക്കുന്നു. പൊതുവേ പറഞ്ഞാൽ ഏകാന്തത, നൈരാശ്യം, എന്നീ പലവിധ മാനസികാവസ്ഥകളിലൂടെ ഈ കാലഘട്ടങ്ങളിൽ ഗോപൻ കടന്നുപോകുന്നുണ്ടെങ്കിലും, ഉറച്ച ആത്മവിശ്വാസത്തോടെ ജീവിതം മുന്നോട്ട് നയിക്കുന്നതായിക്കാണാം.

കാലത്തെ അതിജീവിക്കാൻ ഈ യൗവ്വനാവസ്ഥയിലും നോവലിസ്റ്റിന് കഴിയുന്നുണ്ട്. മനുഷ്യൻ അവന്റെ പൂർണ്ണമായ വളർച്ച (അതായത് വാർദ്ധക്യത്തിന്) പ്രാപിക്കുന്നതിന് മുൻപ്, ബാല്യം, കൗമാരം, യൗവ്വനം എന്നീ മൂന്ന് പ്രധാന അവസ്ഥകളിലൂടെ കടന്നുപോകുന്നു. ഓരോ വ്യക്തിയും നിർദ്ദോഷകരമായ ബാല്യകാലം പിന്നിട്ട് കഴിഞ്ഞാൽ, കൗമാരത്തിലും യൗവ്വനത്തിലും അപരാധബോധവും നൈരാശ്യവും നിമിത്തം, ഒന്നുകിൽ പൂർണ്ണമായി നശിക്കുകയോ, അല്ലെങ്കിൽ ആത്മജ്ഞാനം നേടുകയോ ചെയ്യുന്നു. ഇവിടെ, ആത്യന്തികമായ ആത്മജ്ഞാനം നേടുന്ന വഴിയിലൂടെയാണ് നോവലിസ്റ്റ്, ഗോപനെ ബോധപൂർവ്വം സഞ്ചരിപ്പിച്ചതെന്ന് പറയാം.

ഗോപൻ തന്റെ യൗവ്വനാരംഭത്തിൽ കണ്ടുമുട്ടിയ സുമതീസുന്ദമാരെ കേന്ദ്രബിന്ദുക്കളാക്കി എഴുതിയ ഈ നോവൽ എന്ത് സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്? നോവലിസ്റ്റ് തന്റെ ഭാഷയിൽത്തന്നെ ഇങ്ങനെ പറയുന്നു: “സാമൂഹികപരവുമായ മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് കൊണ്ട്, ഒരു മനുഷ്യജന്മത്തിന്റെ അധികം അറിയപ്പെടാത്ത മേഖലകളും, ജീവിതത്തിലെ വിഭിന്നങ്ങളായ വിചാരസംഘർഷങ്ങളും ഉൾക്കൊള്ളുന്ന ഒരു കഥാതന്തു, ഇതുവരെ ആരും പറയാത്ത രൂപത്തിൽ (ആത്മകഥാ രൂപത്തിൽ), ഈ നോവലിൽക്കൂടി അവതരിപ്പിച്ചിട്ടുണ്ട്.” – അതിൽ നോവലിസ്റ്റ് പൂർണ്ണമായി വിജയിച്ചിരിക്കുന്നു! ഗ്രന്ഥകാരന് അഭിനന്ദനങ്ങൾ!!

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

 

Comments are closed.