DCBOOKS
Malayalam News Literature Website

ചെറിയ ലോകവും വലിയ മാങ്ങയും!

നന്ദനന് മുളന്പത്തിന്റെ ‘കോമാങ്ങ’യ്ക്ക്  ഡോ.അരുൺലാൽ മൊകേരി എഴുതിയ വായനാനുഭവം

നന്ദനൻ എഴുതുന്ന കവിതകൾ തീർച്ചയായും മുള്ളമ്പത്ത് എന്ന ഇടത്തിന്റെ ഈറ്റുഗുണമുള്ളവയാണ്. അവയുടെ ശരീര വടിവ് ഈ മലബാറിയൻ ഉൾനാടൻ ഗ്രാമത്തിന്റെ മൊഴിസംസ്കാരത്തിൽ നിന്നു വാർന്നു വന്നതാണ്. ഇത് ഒരേ സമയം നന്ദനന്റെ കവിതകളുടെ സവിശേഷതയും ബാധ്യതയുമാവുന്നിടത്താണ് അവയുടെ വായന സങ്കീർണ്ണമാവുന്നത്. പെട്ടെന്നുള്ള വായനയിൽ, ഒരു ദേശത്തിന്റെ അടയാളം വഹിക്കുക എന്ന പ്രത്യക്ഷലക്ഷ്യം കവിതകളിൽ സാക്ഷാത്കരിക്കപ്പെടുന്നതിനാൽ നന്ദനന്റെ കാവ്യവ്യായാമം ആ വഴിക്ക് പൂർത്തിയാവുന്നു, എന്ന് നമുക്ക് തോന്നുന്നു; അവിടെ കൈയ്യടിച്ച് പൂച്ചെണ്ട് വെച്ച് നമ്മൾ വായന ചുരുക്കുന്നു. ഭാഷാശരീരത്തിൽ തീരുന്ന കവിതകളല്ല നന്ദനന്റേത് എന്ന് മനസ്സിലാക്കുകയാണ്, ആ വഴിക്ക് വിശകലനം വ്യാപ്തിപ്പെടുത്തുകയാണ് യഥാർത്ഥത്തിൽ വേണ്ടത്.

പ്രാദേശികതയുടെ കടുംചുനയിറ്റുന്ന കോമാങ്ങയിലെ കവിതകളിലൂടെ നന്ദനൻ വളരെ ഗഹനമായ ആത്മാന്വേഷണയാത്രകൾ ചെയ്യുന്നുണ്ട്: പലപ്പോഴും ആ യാത്രകൾ മുളളമ്പത്ത് എന്ന ഗ്രാമവും മലയാളവും മഹാഭാരതവും കടന്ന് ബഹുദൂരം ചെല്ലുന്നുണ്ട്. ചെറിയ നാട്ടൊഴുക്ക് മാത്രമായ മുടിക്കൽ പുഴയെയും ഒരു ‘o’ വട്ടത്തിൽ തീരുന്ന മുളളമ്പത്ത് ഗ്രാമത്തെയും പുരാതനമായ ഏതോ നദിയും ആ കരയിലെ ചിരനാഗരികതയുമായി മാറ്റുന്ന കഥയുടെ, കവിതാവഴക്കത്തിന്റെ, കൺകെട്ടു വിദ്യയാണ് കോമാങ്ങയുടെ ഫലശ്രുതി.

കൊറിയൻ കവിയായ കോ-ഉൻ മുപ്പത് വാള്യങ്ങളായിട്ട് എഴുതിയ ഒരു മാസ്റ്റർപീസുണ്ട്: ടെൻ തൌസന്റ് ലൈവ്സ്. 1982 ൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കിടക്കുകയായിരുന്നു അദ്ദേഹം. ശിക്ഷ ചുരുങ്ങുകയാണെങ്കിൽ, താൻ ജീവിക്കുകയാണെങ്കിൽ, ആ ജീവിതത്തിൽ താൻ കണ്ടുമുട്ടുന്ന ഓരോ മനുഷ്യരെയും ഒരു കവിതയിൽ രേഖപ്പെടുത്തുമെന്ന് കോ ഉൻ പ്രതിജ്ഞയെടുത്തു. 1983 ൽ ജയിൽ മോചിതനായ കോ ഉൻ 2017 വരെ പതിനായിരം മനുഷ്യരെ തന്റെ കവിതകളുടെ അമരപാദത്തിൽ ചേർത്തുവെച്ചു: സാധാരണക്കാരായ പതിനായിരം മനുഷ്യരുടെ അതിസാധാരണമായ ജീവിതങ്ങൾ; പക്ഷേ, ടെൻ തൌസന്റ് ലൈവ്സ് ഒരു സാധാരണ കൃതിയേ അല്ല. ദർശനം കൊണ്ടും ചിന്തകളുടെ പ്രസരശേഷി കൊണ്ടും ആ സൃഷ്ടി ലോക വായനക്കാരെ അതിശയിപ്പിച്ചു കൊണ്ടേയിരിക്കുന്നു. കോ ഉൻ സൃഷ്ടിച്ച കാവ്യലോകത്തിലെ പതിനായിരം മുഖങ്ങൾ ഗുൻസാൻ എന്ന ദക്ഷിണ കൊറിയൻ ഗ്രാമത്തെയല്ല ഫലത്തിൽ പ്രകാശിപ്പിച്ചത്; മനുഷ്യർ കഥ പറഞ്ഞും ചൊല്ലിയും ഈ ലോകത്ത് സൃഷ്ടിച്ചെടുത്ത നെടിയ സമയരേഖകളുടെയും സ്ഥലരാശികളുടെയും സമാന്തര പ്രപഞ്ചത്തെയാണ്. ആ വിധത്തിൽ നന്ദനൻ നിർമ്മിക്കുന്ന അപര പ്രപഞ്ചമാണ് കോമാങ്ങയിലെ മുള്ളമ്പത്ത് എന്ന ഇടം. അയ്യിടത്തിന്റെ വിചിത്ര ഉക്തികൾ ഭൂമിയോളം വലുതാവുന്ന ഒരു ദർശനമായി ഫലിക്കുന്നു.

മലയാളത്തിന്റെ സമകാലിക കവിതാപ്രവിശ്യയില്‍ ധ്യാനത്തിനെ ഇത്ര മാത്രം സാധാരണമായ ഒരനുഭവമാക്കി മാറ്റിയ മറ്റൊരു കവിയെ കാണുവാൻ പ്രയാസമാണ്. ആഘോഷമായ് ചെറുപ്പക്കാർ കെണി വെച്ചു പിടിച്ച പെരുമ്പാമ്പിനെ ഓർത്തെടുക്കുന്ന മാതുവമ്മയെ നോക്കുക:

മയിമ്പു നേരം
കാട്ടെടയിൽ
ഞങ്ങളൊരു
പെരുമ്പാമ്പിനെ
കെണി വെച്ചു പിടിച്ചു.

കേട്ടറിഞ്ഞ്
എല്ലാരും പാഞ്ഞു വന്നു.

ഒഴിഞ്ഞ ദിവസം
ഞങ്ങൾക്കതൊരു
ആഘോഷമായിരുന്നു.

മാതുവമ്മ മാത്രം
അങ്ങോട്ടേക്ക്
വന്നിരുന്നില്ല.

കണ്ടത്തിൽ
ഓലമടയുമ്പോൾ
പുല്ലിലൂടെ മെല്ലെ പോകുന്ന
ആ പെരുമ്പാമ്പിനെ
മാതുവമ്മ
അധികവും കാണാറുണ്ടത്രേ.

പിറ്റേന്ന്
ചോദിച്ചപ്പോൾ
മാതുവമ്മ പറഞ്ഞു.

നിക്ക്വേൻ പറഞ്ഞാല്
കൊറച്ച് നിക്കും
പോക്വേൻ പറഞ്ഞാല്
വേഗത്തില് പോകും
അതൊര്
പാവം പാമ്പേനും.

Textകിം കി ഡുക്കിന്റെ സ്പ്രിങ്ങ് സമ്മർ ഫാൾ വിന്റർ ആന്റ് സ്പ്രിങ് എന്ന ക്ലാസിക് ചലച്ചിത്രത്തിൽ തവളയെയും മീനിനെയും പാമ്പിനെയും കളിയായ് ദ്രോഹിക്കുന്ന ഒരു കുട്ടിസന്യാസി ഉണ്ട്. ജീവികളുടെ മുതുകിൽ അവൻ കല്ല് വെച്ച് കെട്ടും. ഇത് കണ്ട മുതിർന്ന സന്യാസി കുട്ടിയുറങ്ങുമ്പോൾ അവന്റെ മുതുകിൽ ഒരു കല്ല് കെട്ടുകയും അതുമായ് ചെന്ന് ആ ജീവികളെ തേടിപ്പിടിച്ച് മോചിപ്പിക്കാൻ അവനോട് ആവശ്യപ്പെടുകയും ചെയ്യുന്നു. “ഏതെങ്കിലും ഒരു ജീവിയെ നിനക്ക് മോചിപ്പിക്കാൻ സാധിച്ചില്ലെങ്കിൽ മുതുകിലെ ഈ കല്ല് ഈ ജന്മം മുഴുവൻ നിന്റെ കരളിൽ നീ കൊണ്ടു നടക്കും” എന്നു കുട്ടിസന്യാസിയെ ഗുണദോഷിക്കുന്ന ആ ബുദ്ധസാധുവിന്റെയും ചെറുപ്പക്കാരുടെ മുന്നിൽ ‘പാവം പാമ്പി’നെ അവതരിപ്പിക്കുന്ന മാതുവമ്മയുടെയും ദർശനങ്ങൾ തമ്മിൽ ചെറിയ ദൂരമേയുള്ളൂ പരസ്പരം നടന്നെത്താൻ. ദർശനത്തിന്റെ ആഴം ഭാഷയിലെ ലാളിത്യത്തിന് വിരുദ്ധമായ ഘടകമല്ല. പലപ്പോഴും അനുഭവങ്ങളിൽ ഏറ്റവും നിസ്സാരമായി തോന്നിയേക്കാവുന്ന പലതും കൃതഹസ്തമായ ആഖ്യാനത്തിന്റെ അച്ചിൽ അതിശക്തമായ വെളിപാടുകൾ ആയി മാറുന്നത് അതുകൊണ്ടാണ്.

Hiding in plain sight എന്നൊരു ശൈലി ഉണ്ട് ഇംഗ്ലീഷിൽ: ഒളിക്കാൻ ഏറ്റവും നല്ലത് നേർക്കാഴ്ച ആണെന്ന് അർത്ഥം. അഥവാ കൺമുന്നിൽ സരളമായി ലളിതമായി ഋജുവായി നിൽക്കുന്ന വസ്തുക്കൾ നമ്മൾ പലപ്പോഴും കണ്ടുവെന്നു വരില്ല: വെളിവിലെ ആ നില്പ് ഒരു സമർത്ഥമായ ഒളിവായി മാറുന്നു. നന്ദനൻ മുള്ളമ്പത്ത് എന്ന കവി വടകരയുടെ മൊഴിഭംഗിയുടെ വെളിവിൽ ഒളിച്ചുപിടിക്കുന്നത് സെൻ ബുദ്ധിസത്തോട് തോൾ ചേരുന്ന തരം ദാർശനിക ഉണ്മകളാണ്. കോമാങ്ങയിലെ കവിതകളിലെ ആ തത്വലാവണ്യത്തെ വേർതിരിച്ചെടുക്കാൻ, അറിയാൻ, അതിന്റെ ആനന്ദത്തിലേക്ക് ചെന്നെത്താൻ വേണ്ടുന്ന മനനക്ഷമത ഇവയുടെ വായനക്കാർക്ക് വന്നു ചേരുമ്പൊഴാണ് അവ ഫലിക്കുന്നത്, കുറിക്കു കൊള്ളുന്നത്.

ഒണക്കച്ചൻ, ചാത്തച്ചൻ, കുഞ്ഞിക്കോരൻ, ശ്രീധരൻ മാഷ്, തുടങ്ങി ടി.പി. അനിതയും, സുഷമയും, പൊക്കിമാരും, മാതുവമ്മയും വസിക്കുന്ന കോമാങ്ങയിലെ ലോകത്തിന് സാമാന്യ ലോകത്തേക്കാൾ കാന്തി വളരെ കൂടുതലാണ്. തീക്ഷ്ണമായ അസംബന്ധങ്ങളിലൂടെ കടന്നുചെന്ന് അവർ വിരസത്തെ സരസമാക്കുന്നു, പലവുരു പലർ ആവർത്തിച്ച നാട്ടു വൃത്താന്തങ്ങളെ ചൂടുള്ള വാർത്തകളാക്കുന്നു, ആ വാർത്തകൾ ആറാതെ കാക്കുന്നു. അല്ലെങ്കിലും എസ്ര പൗണ്ട് പറഞ്ഞതു പോലെ, ഒരിക്കലും ആറാത്ത വാർത്തയാണല്ലോ ഏതു നല്ല സാഹിത്യവും.

ദാർശനികതയുടെ അപാരമായ കനമില്ലായ്മ വെളിപ്പെടുന്ന കഥകൾ വൈക്കം മുഹമ്മദ് ബഷീറിന്റെതായിട്ട് മലയാളത്തിൽ ഒരു കുടന്നയുണ്ട്. അതിന് കൂട്ട് വെക്കാവുന്ന കവിതകൾ നന്ദനൻ എഴുതിയിട്ടുണ്ട് കോമാങ്ങയിൽ. “വെളിച്ചത്തിന് എന്തൊരു വെളിച്ചം” എന്നും ഒന്നുമൊന്നും ചേർന്നാൽ “ഇമ്മിണി ബല്യ ഒന്ന്” എന്നും അത്രയ്ക്ക് നിഷ്കളങ്കമായി മലയാളം എഴുതിയ ബഷീറിനെ ഓർമ്മിപ്പിച്ചു കൊണ്ട് “ബീഡി വലിച്ചിറ്റ്/ ഇനിക്കെന്ത്ന്നാ/ കിട്ടുന്നത്?” എന്ന അമ്മയുടെ ചോദ്യത്തെ “പൊക” എന്ന വല്ലാതെ നേരായ ഉത്തരത്താൽ നേരിട്ട് കൊണ്ട് കോമാങ്ങയുടെ ഇറയത്ത് പുകവലിക്കാരനായ ദിനേശൻ ഇരിപ്പുണ്ട്. തീർച്ചയായും ഇതൊരു ചെറിയ വിജയമല്ല. ബഷീറിന്റെ “മാന്ത്രികപ്പൂച്ച”യിലെ തരം മാന്ത്രികതയാണ് ‘ആച്ചിര്യ’ ത്തിലെ രണ്ട് പൊക്കിമാർ നമുക്ക് തന്നു പോവുന്നത്. ആനവാരിയോ പൊൻകുരിശോ മൂക്കനോ ശശികുമാറോ സ്ഥലത്തെ ദിവ്യനോ ഒക്കെയായി മാറാൻ ശേഷിയുള്ളവരാണ് കല്ലുമ്മൽ ബാലേട്ടനും മുരിങ്ങോളി കുമാരേട്ടനും പവിത്രനും ശശിലയും മറ്റും മറ്റും. ബഷീറിന്റെ ഭൂതദയയാർന്ന സൂഫി നർമ്മത്തിന്റെ കൈവശാവകാശക്കാരിൽ നിസ്സംശയം ഈ മുള്ളമ്പത്തുകാരൻ കവിയുമുണ്ട്.

രണ്ടു സമാഹാരങ്ങൾ മാത്രമാണ് നന്ദനന്റേതായിട്ട് ഇത് വരെ പുറത്തു വന്നിട്ടുള്ളത്. കഥകളുടെ — കഥയില്ലായ്മകളുടെയും — വിശാലസീമകൾ ദൃഢവും തനതുമായ ഒരു ശൈലി ഇതിനോടകം തന്നെ രൂപപ്പെടുത്തിയിട്ടുള്ള ഈ കവിയെ കാത്തു കിടക്കുന്നുണ്ട്. മലയാളകവിതയുടെ ഭാവിരഥ്യകളിൽ മുള്ളമ്പത്തെ ചെറിയ-വലിയ മനുഷ്യരുടെയും മാങ്ങയുടെയും മയിമ്പിന് കെണിയിൽപ്പെട്ട പാമ്പിന്റെയും ദാർശനിക അടയാളങ്ങൾ ഇദ്ദേഹത്താൽ നിയതമാവട്ടെ ; അവയിൽ നിന്ന് സെൻ നിർമ്മമതയും സൂഫി നർമ്മവും സർവ്വഭൂതദയയുടെ ലാവണ്യനിഷ്കർഷയും വെളിച്ചം പരത്തിക്കൊണ്ടേയിരിക്കട്ടെ.

പുസ്തകം വാങ്ങാന് ക്ലിക്ക് ചെയ്യൂ

പുസ്തകം ഇ-ബുക്കായി സ്വന്തമാക്കാൻ സന്ദർശിക്കുക

കടപ്പാട്- നീർമാതളം ഡിജിറ്റൽ മാഗസിന്

Comments are closed.