‘കൊളുക്കന്‍’ വിളഞ്ഞുപാകമായ തിണനിലം: ബിനു എം. പള്ളിപ്പാട് എഴുതുന്നു
ബിനു എം. പള്ളിപ്പാട്
വര്‍ഷങ്ങള്‍ക്കുമുന്‍പ് ഞാന്‍ തേക്കടിയില്‍വന്ന കാലത്ത് അവിടുത്തെ ആദ്യസൗഹൃദങ്ങള്‍ ഡി സി ബുക്സിന്റെ തേക്കടി ബ്രാഞ്ചില്‍ വന്നുപോയിരുന്നവരും അവിടുത്തെ ജീവനക്കാരായ ബിനു, ജോബിന്‍, നിസ്സാര്‍ തുടങ്ങിയവരുമായിരുന്നു. ആ ബ്രാഞ്ചില്‍ അന്ന് സാഹിത്യത്തോടൊപ്പം സാമാന്യം നല്ല സംഗീത ആല്‍ബങ്ങളും ഉണ്ടായിരുന്നത് ഞങ്ങളുടെ സൗഹൃദത്തിന്റെ ആഴംകൂട്ടി. ആ കൂട്ടായ്മയില്‍ ചിത്രാപൗര്‍ണ്ണമിക്ക് മംഗളാദേവിയിലേക്ക് ഒരു യാത്ര തീരുമാനമായി. മംഗളാദേവിക്ക് വടക്കു കിഴക്കായി കമ്പം, തേനി, മധുര ഹൈവേയില്‍ ഗൂഡല്ലൂരിനടുത്തുകൂടി നേരെ ഇടതുവശം ചേര്‍ന്നുള്ള മണ്‍പാതയില്‍ കുറച്ച് മുന്നോട്ടു വരുമ്പോഴാണ് മംഗളാദേവിക്കുന്നിലേക്കു കയറാനുള്ള അടിവാരത്തിലെ നടപ്പാത തുടങ്ങുന്നത്. ആ ദിവസങ്ങളില്‍ തമിഴ്നാട്ടില്‍ നിന്നും നടന്നുവന്ന് മംഗളാദേവിമല കയറുന്നവരുടെ പെരുക്കമാണ്. ചെറുതും വലുതുമായ ഏഴോളം കുന്നുകളും മലകളും താഴ്വാരങ്ങളും കയറി ഇറങ്ങിച്ചെന്നാലേ മംഗളാദേവിയിലെത്തുമായിരുന്നുള്ളൂ.
പിന്നീട് മംഗളാദേവിയാത്രയ്ക്കല്ലെങ്കിലും പലതവണ ഗൂഡല്ലൂരില്‍ പോയിരുന്നു. ഗൂഡല്ലൂരിന്റെ താഴ്വാരങ്ങളിലേക്കുനിന്ന് പടിഞ്ഞാറുഭാഗത്തേക്ക് നോക്കുമ്പോള്‍ കാറ്റുവന്ന് ആര്‍ത്തിളക്കുന്ന സൂര്യകാന്തിത്തോട്ടങ്ങളും വാഴത്തോട്ടങ്ങളും കുന്നിന്‍മുകളിലെ വാച്ച് ടവറും ആകാശത്തോടു ചേര്‍ന്ന് നരച്ചുകിടക്കുന്നതു കാണാം. അതിനു തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള കുന്നുകളും താഴ്വാരങ്ങളും ചേര്‍ന്ന കാടിന് മേതകാനം എന്നായിരുന്നു പേര്. അവിടെ പണ്ട് ഒരുകൂട്ടം ഗോത്രസമൂഹം താമസിച്ചിരുന്നതായും അവരാണ് ആ സ്ഥലത്തിന് മേതകാനം എന്ന പേരിട്ടതെന്നും നാടുമായി ബന്ധമുള്ള മുതിര്‍ന്ന സുഹൃത്തുക്കളില്‍നിന്നും കേട്ടറിഞ്ഞു. പിന്നീട് ആ കുന്നും താഴ്വാരങ്ങളും അവിടെ താമസിച്ച് മാഞ്ഞുപോയ മനുഷ്യരെയും സങ്കല്‍പ്പിച്ച് രണ്ടുമൂന്ന് കവിതകളും ഞാന്‍ എഴുതി. പില്‍ക്കാലത്തെ അന്വേഷണങ്ങളില്‍ അവിടെ താമസിച്ചുവന്നവര്‍ വഞ്ചിവയല്‍, അഞ്ചുരുളി, പൂവരശ് എന്നിവിടങ്ങളിലേക്ക് ചിതറി ചെറുകൂട്ടങ്ങളായി ജീവിക്കുന്നുണ്ടെന്നും അറിയാന്‍ കഴിഞ്ഞു. കവിത എഴുതുന്ന ആളെന്നനിലയ്ക്ക് ആ സ്ഥലനാമങ്ങളുടെ ഉച്ചാരണ സൗകുമാര്യങ്ങള്‍ മനോഹരബിംബങ്ങളായി മനസ്സിലങ്ങനെ കിടന്നു. വര്‍ഷങ്ങള്‍ക്കുശേഷം, 2014-ല്‍ ഭാര്യയുമൊത്ത് ഒരു ഇന്റര്‍വ്യൂവിന് വഞ്ചിയവയല്‍ സ്‌കൂളിലേക്ക് പോയി. പുഷ്പമ്മ അന്ന് ആ സ്‌കൂളില്‍ ക്ലാര്‍ക്കായി ജോലിനോക്കിയിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. ഭാര്യയ്ക്ക് അവിടെ താത്കാലിക അദ്ധ്യാപിക നിയമനം ലഭിച്ചതിനെത്തുടര്‍ന്നാണ് കൂടുതലറിയുന്നത്. പുഷ്പമ്മ മുന്‍പു സൂചിപ്പിച്ച ഗോത്രസമൂഹത്തിലെ ആളാണെന്നും അത്യാവശ്യ വായനയും മറ്റും ഉള്ള ആളാണെന്നും ഒരു സുഹൃത്തുവഴി അറിഞ്ഞു.
എന്റെ ഭാര്യ അമ്പിളിയുടെ നല്ല സുഹൃത്തായി മാറിയ പുഷ്പമ്മയോട് പ്രദേശത്തിന്റെ ചരിത്രമറിയാന്‍ ആഗ്രഹിച്ചിരുന്ന ഞാന്‍ മേതകാനം, അഞ്ചുരുളി, പൂവരണി, കണ്ണമ്പിടി തുടങ്ങിയ സ്ഥലങ്ങളെക്കുറിച്ചും സ്ഥലനാമങ്ങളെക്കുറിച്ചും ചോദിച്ചുകൊണ്ടേയിരുന്നു. താന്‍കൂടി ഉള്‍പ്പെടുന്ന ഊരാളിഗോത്രത്തിന്റെ ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, കഥകള്‍, വിശ്വാസപ്രമാണങ്ങള്‍, കല്യാണം, മരിച്ചടക്ക് തുടങ്ങി ആത്മീയതയുള്‍പ്പടെയുള്ള കാര്യങ്ങളെക്കുറിച്ച് നേരിട്ടും ഫോണിലൂടെയും പറയുമ്പോള്‍ പുഷ്പമ്മയ്ക്കു നാവു പോരാതെ വരുമായിരുന്നു. സ്ഥലം, നാമം, ഗോത്രം എന്നിവയെക്കുറിച്ചെന്തെങ്കിലും എഴുതുക എന്നതായിരുന്നു എന്റെ ഉദ്ദേശ്യമെങ്കിലും, പുഷ്പമ്മയുടെ അറിവ് ഞാനല്ല രേഖപ്പെടുത്തേണ്ടതെന്ന തോന്നലില്‍ ഇതൊക്കെ ഉള്‍ക്കൊള്ളിച്ച് ഒരു നോവലെഴുതിക്കൂടേ എന്നൊരു ചോദ്യം ഞാന്‍ പുഷ്പ്പമ്മയ്ക്കു മുന്നില്‍ അവതരിപ്പിക്കുകയായിരുന്നു. ആദ്യമൊക്കെ അവര്‍ അതൊരു തമാശയായി മാത്രമായിരുന്നു കണ്ടിരുന്നത്. പക്ഷേ, നിരന്തരമായ സംസാരങ്ങള്‍ക്കൊടുവില്‍ 2017-ല്‍ അവരത് തന്റേതായ രീതിയില്‍ ആഖ്യാനം ചെയ്യുന്ന അവസ്ഥയിലെത്തി. മുതിര്‍ന്ന ഭാഷയില്‍ മൂന്നോ നാലോ ആവേദകരുടെ വാമൊഴി ഓര്‍മ്മകള്‍ അവര്‍ കടലാസിലേക്ക് പകര്‍ത്തിയത് ഞങ്ങള്‍ പലതവണ തിരുത്തി. ദുര്‍ഗ്രഹങ്ങളായ ആഖ്യാനങ്ങളോ ദുസ്സൂചനകള്‍ നല്‍കുന്ന വിപല്‍ സന്ദേശങ്ങളോ ആത്മസംഘര്‍ഷം തീണ്ടാത്ത സ്വന്തം ശൈലിയില്‍ അവര്‍ പടച്ചത് കടലാസ്സുകളിലേക്കങ്ങനെ വാര്‍ന്നു തുടങ്ങി. അത് സംഗീതത്തിലെ ഒരേ ഈരടിമാത്രമുള്ള അഭംഗുപോലെയോ പഹാഡിപോലെയോ ആണ് ഞാന്‍ അനുഭവിച്ചത്. എനിക്ക് അന്യമായിരുന്നതും പുഷ്പമ്മയ്ക്ക് അനുഭവവേദ്യവുമായിരുന്നതുമായ ജീവിതങ്ങളങ്ങനെ വെളിപ്പെട്ടു തുടങ്ങി. നോവലിന്റെ ആമുഖത്തില്‍ നോവലിസ്റ്റുതന്നെപറയുന്നതുപോലെ ഈ ഗോത്രങ്ങളൊന്നും കാട്ടിലുണ്ടായവരല്ല, കാട്ടില്‍ അകപ്പെടുത്തെപ്പട്ടവരാണ്. ഏറെ തേഞ്ഞ് രാഷ്ട്രീയശോഭകെട്ട ദ്രാവിഡം എന്ന ഗോത്രമൂലത്തിന്റെ പിരിവുകളിലെവിടെയോ ആണ് അവരുടെ വംശത്തിന്റെ ഉറവ കിനിയുന്നത്. അതിനാല്‍ത്തന്നെ രാഷ്ട്രതന്ത്രയുക്തികള്‍ക്കും എന്യൂമറേഷന്‍പോലുള്ള നീക്കുപോക്കുകള്‍ക്കും പുറത്ത് നിര്‍വ്വചിക്കപ്പെടാത്ത ഇടങ്ങളിലാണ് കൊളുക്കന്‍ എന്ന നോവല്‍ തുടങ്ങിയവസാനിക്കുന്നത്.
നാരായനില്‍ ആരംഭിക്കുന്ന ഗോത്രപാരമ്പര്യത്തിന്റെ സാധ്യതകളെക്കുറിച്ചും കൊളുക്കന്റെ കാലികമായ പ്രാധാന്യത്തെക്കുറിച്ചും കെ. എം. സലിംകുമാറിനെപ്പോലുള്ള ഒരാളോടു പറഞ്ഞപ്പോള്‍ കിട്ടിയ ധൈര്യവും ഊര്‍ജ്ജവും പുഷ്പമ്മയുടെ രചനയെ കുറച്ചൊന്നുമല്ല സഹായിച്ചത്.
‘കൊളുക്കന്‍’ എന്ന പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.