ലോകത്തെ തിരുത്തിപ്പണിയാൻ പ്രേരിപ്പിക്കുന്ന കഥകൾ
ജി. ആർ ഇന്ദുഗോപന്റെ ഒരുപിടി മികച്ച കഥകളുടെ സമാഹാരമാണ് കൊല്ലപ്പാട്ടി ദയ. ലളിതമായ വാചകങ്ങളിൽ, കഥാഭൂമിക ആവശ്യപ്പെടുന്ന മാനുഷിക വികാരങ്ങളെ കൃത്രിമത്വത്തിന്റെ കലർപ്പുകളില്ലാതെ, യഥാതഥം ആവിഷ്‌കരിക്കുന്ന ഈ കഥകൾ വായനക്കാരുടെ മനസ്സിൽ സമൂഹത്തോടുള്ള പ്രതിഷേധത്തിന്റെയും വ്യവസ്ഥിതികളോടുള്ള പ്രതിഷേധത്തിന്റെയും എല്ലാറ്റിനുമുപരി എനിക്കു മാറാനാകുന്നില്ലല്ലോ എന്ന വേദനയുടെയും കുറേയധികം കനൽക്കട്ടകൾ വാരിയിടും.
ഒറ്റപ്പെടുന്നവന്റെ വേദന, ആഘോഷിക്കുന്നവന്റെ സന്തോഷം, എവിടെനിന്നും വാർത്തകൾ കണ്ടെത്താൻ ശ്രമിക്കുന്ന ആധുനികമാധ്യമപ്രവർത്തനം, ഇതിനിടയിൽ ജീവിക്കാൻ തത്രപ്പെടുന്ന സാധാരണക്കാർ ഇതൊക്കെചേർന്ന് വികസിക്കുന്നകഥയാണ് കൊല്ലപ്പാട്ടി ദയ. ജൈവാധികാരത്തിന്റെ ചൂഷണങ്ങൾക്കിടയിൽ ഞെരിഞ്ഞമരുന്ന ജനസഞ്ചയം സ്വന്തമായൊരു പ്രകാശനത്തെക്കൊതിക്കുന്നതാണ് എലിവാണം എന്ന കഥയിലെ പ്രമേയം. ”ദാരിദ്ര്യത്തിന് അതിർത്തി ഇല്ല സാറേ. അതുകൊണ്ട് അതിന് രാജ്യമില്ല; ശത്രുക്കളും.” എന്നു പ്രഖ്യാപിച്ച് മുനിയാണ്ടി എന്ന കഥാപാത്രത്തിന്റെ തന്റേടം തിരിഞ്ഞുനിന്നു പോരാടാനൊരുങ്ങേണ്ടിയിരിക്കുന്നു എന്ന് ഓർമ്മിപ്പിക്കുന്നു.
ആ സമാഹാരത്തിലെ ഏറ്റവും ഹൃദയസ്പൃക്കായ കഥകളിലൊന്നാണ് ബാംഗ്ലൂരിലേക്ക് വിചിത്ര ഒറ്റയ്ക്ക്. മൂന്ന് വർഷത്തിലേറെയായി സ്വന്തം അച്ഛനെ കാണാതായിട്ട്, പക്ഷെ പഠിപ്പും പത്രാസുമുള്ള ഡോക്ടർമാരായ ആൺമക്കൾക്ക് അതന്വേഷിക്കാൻ നേരമില്ല. ഇതിനിടയിൽ, ഈ കാലയളവിൽ അമ്മയെ രണ്ടും മൂന്നും ദിവസം കാണാതാകുന്നതിൽ കോപിഷ്ടരാകുന്ന മക്കൾ അമ്മയുടെ രഹസ്യക്കാരൻ കാരണമാണ് അച്ഛനിറങ്ങിപ്പോയതെന്ന് ആരോപിക്കുന്നു. മക്കളുടെ കുറ്റപ്പെടുത്തലുകൾക്കിടയിലും അവരുടെ അച്ഛനെ ബാംഗ്ലൂരിലെ ഒരു എയിഡ്‌സ് പാലിയേറ്റിവ് സെന്റിൽ, അദ്ദേഹത്തെ ശുശ്രൂഷിക്കാനുള്ള ചുമതല മറ്റൊരു രോഗിയെ ഏല്പിച്ച് ആ വേദനയും ഉള്ളിലൊതുക്കി ജീവിക്കുകയാണ് വിചിത്ര. ഒടുവിലൊരു ദിനം പതിവുപോലെ ഒറ്റയ്ക്ക് അച്ഛനെ കാണാൻ പോകുന്ന അമ്മ എക്കാലത്തേക്കുമായി ഒറ്റപ്പെടുന്നിടത്താണ് കഥ അവസാനിക്കുന്നത്.
ഇന്ദുഗോപന്റെ കഥകൾ സമകാലിക ജീവിത പരിസരങ്ങളെപ്പറ്റി വായനക്കാരെ ചിന്തിതനാക്കുന്നു. അത്തരത്തിൽ ഈ ലോകത്തെ തിരുത്തിപ്പണിയാൻ പ്രേരിപ്പിക്കുന്ന 16 കഥകളുടെ സമാഹാരമാണ് ഈ പുസ്തകം.
Comments are closed.