DCBOOKS
Malayalam News Literature Website

കോഹിനൂറിന്റെ ഇനിയും പൂർത്തിയാകാത്ത ചരിത്രം

വില്യം ഡാല്‍റിമ്പിളും അനിത ആനന്ദും ചേർന്ന് രചിച്ച  ‘കോഹിനൂര്‍’ എന്ന പുസ്തകത്തിന്  ജിനീഷ് കുഞ്ഞിലിക്കാട്ടില്‍ എഴുതിയ വായനാനുഭവം

ബ്രിട്ടനിലെ ചാൾസ് രാജാവിന്റെ കിരീടധാരണച്ചടങ്ങിൽ രാജപത്നി കാമില, കോളനികാല ചരിത്രം പേറുന്ന കോഹിനൂർരത്നം പതിപ്പിച്ച കിരീടം അണിയില്ലെന്നു ബക്കിങ്ങാം കൊട്ടാരം അറിയിച്ചതാണ് കോഹിനൂറിനെ കുറിച്ചു പുറത്തുവന്ന ഏറ്റവും പുതിയ വാർത്ത. കോഹിനൂർ രത്നത്തിന്റെ കൊളോണിയൽ ചരിത്രവും അതേച്ചൊല്ലിയുള്ള വിവാദവും കണക്കിലെടുത്ത് ബോധപൂർവ്വം കാമില അത് ഒഴിവാക്കിയതാകുമെന്നാണ് അനുമാനിക്കുന്നത്. എന്തു തന്നെയായാലും ഇന്നും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഒന്നാണ് കോഹിനൂർ രത്നത്തെകുറിച്ചുള്ള വിവരങ്ങൾ.

ലോകത്തിലെ ഏറ്റവും വലിയ രത്നമൊന്നുമല്ല ഈ പറഞ്ഞ കോഹിനൂർ. മുഗൾ കൊട്ടാരത്തിൽ ഇതിനേക്കാൾ വലിയ രത്നങ്ങളുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ രത്നങ്ങളെടുത്താൽ കോഹിനൂറിന് വെറും തൊണ്ണൂറാം സ്ഥാനമേയുള്ളൂ. എന്നിട്ടും കോഹിനൂർ അതിന്റെ പ്രശസ്തിയും സ്ഥാനവും നിലനിർത്തുന്നു എന്നുള്ളതാണ് അതിന്റെ പ്രത്യേകത.

കോഹിനൂർ ഇന്ത്യൻ പുരാണവുമായും തരക്കേടില്ലാത്തവിധത്തിൽ ബന്ധപ്പെട്ടുകിടക്കുന്നുണ്ട്. രത്നങ്ങളിൽ ഏറ്റവും അമൂല്യമായത് സ്യമന്തകമാണെന്ന്‌ ഗരുഡപുരാണത്തിലും, വിഷ്ണുപുരാണത്തിലും പരാമർശമുണ്ട് . ഈ സ്യമന്തകമാണ് ഇപ്പോഴത്തെ കോഹിനൂർ എന്നാണ് ഓടിക്കൊണ്ടിരിക്കുന്ന ഒരു ഐതിഹ്യം .സംഭവം എന്തുതന്നെയായാലും പുരാണങ്ങളിൽ ഈ സ്യമന്തകവുമായി ബന്ധപ്പെട്ട്‌ പറഞ്ഞിരിക്കുന്ന അത്യാർത്തിയുടെയും,മോഷണങ്ങളുടെയും, രക്തച്ചൊരിച്ചിലുകളുടെയും കഥകൾക്ക് യഥാർത്ഥ കോഹിനൂറിന്റെ ചരിത്രങ്ങളുമായി ബന്ധമുണ്ടെന്ന് വില്യം ഡാൽറിമ്പിളും, അനിത ആനന്ദും ചേർന്നെഴുതിയ കോഹിനൂർ എന്ന പുസ്തകം വായിക്കുമ്പോൾ ബോധ്യമാകും.

പേർഷ്യൻ ചരിത്രകാരനായ മുഹമ്മദ് കാസിം മാർവി, നാദർഷായുടെ 1739 ലെ ഇന്ത്യൻ ആക്രമണത്തെക്കുറിച്ച് പരാമർശിക്കുന്നയിടത്തു ഈ കല്ലിനെ കുറിച്ചുള്ള വിവരങ്ങളുണ്ട്. അതാകണം കോഹിനൂറിനെക്കുറിച്ചുള്ള ആദ്യ ചരിത്രരേഖ എന്നു വിശ്വസിക്കുന്നു. കോഹിനൂറിന്റെ ഉല്പത്തിയെക്കുറിച്ചോ അതെങ്ങനെ മുഗളന്മാരുടെ കൈയ്യിലെത്തി എന്നതിനെക്കുറിച്ചൊന്നും വ്യക്തമായ വിവരങ്ങൾ നമ്മുടെ പക്കലില്ല. അതെങ്ങനെ അവരുടെ Textകൈയ്യിൽ നിന്നും നഷ്ടപ്പെട്ടു എന്നതു മാത്രമേ നമുക്കറിയൂ.നാദർഷയുടെ കൊള്ളയുടെ ഒരു ഏകദേശ രൂപത്തെകുറിച്ച് പുസ്തകത്തിൽ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്.

‘മേയ് 16 ന് ഡൽഹിയിൽ വിനാശം വിതച്ച അമ്പത്തിയേഴ് ദിവസങ്ങൾക്ക്‌ ശേഷം നാദർഷാ നഗരം വിട്ടു. എട്ടു തലമുറകളായി മുഗൾ സാമ്രാജ്യം കീഴടക്കി വച്ചിരുന്നതെല്ലാം തട്ടിയെടുത്ത് അയാൾ മടങ്ങി പോയി. അതിൽ ഏറ്റവും മഹത്വമേറിയത് മയൂരസിംഹാസനമായിരുന്നു. അതിന്റെ മുകളിൽ അപ്പോഴും കോഹിനൂറും , തിമൂറിന്റെ പത്മരാഗവുമുണ്ടായിരുന്നു. സ്വർണ്ണം ,വെള്ളി ,അമൂല്യരത്നങ്ങൾ എന്നിവ നിറച്ച ശകടങ്ങൾ,എഴുന്നൂറ് ആനകൾ ,നാലായിരം ഒട്ടകങ്ങൾ,പന്ത്രണ്ടായിരം കുതിരകൾ എന്നിവയുമായി അയാൾ യാത്ര തിരിച്ചു’ . ഊഹിക്കാവുന്നതിനപ്പുറം മൂല്യമുള്ള സാധനങ്ങളൊക്കെയായിരുന്നു ഇവിടെ നിന്നും കൊള്ളചെയ്യപ്പെട്ടത്.

നാദർഷായുടെ കൈയിൽ നിന്നും കോഹിനൂർ കൈമാറ്റം ചെയ്യപ്പെട്ടു. അത് കൈവശപ്പെടുത്തുന്നവർ മനസമാധാനം നഷ്ടപ്പെടുകയോ , അല്ലെങ്കിൽ കൊലചെയ്യപ്പെടുകയോ എന്ന അവസ്ഥകളിലെത്തി . ഒടുവിലത് പഞ്ചാബിലെ മഹാരാജ രഞ്ജിത് സിംഗിന്റെ കൈയ്യിലെത്തി. തന്റെ മരണംവരെ കൈമോശം വരാതെ ആ രത്നം അദ്ദേഹം സൂക്ഷിച്ചു. എന്നാൽ രഞ്ജിത് സിങ്ങിന്റെ മരണശേഷം ഈസ്റ്റിന്ത്യ കമ്പനി കാര്യങ്ങൾ പിടിമുറുക്കി. അവരത് കൈക്കലാകാൻ വളരെ മുമ്പേ നോട്ടമിട്ടു വച്ചിരുന്നു.

1849 ലെ ലാഹോർ ഉടമ്പടിപ്രകാരം , മഹാരാജ രഞ്ജിത് സിംഗിന്റെ പത്തുവയസ്സായ മകൻ ദുലീപ് സിങ് ഷാ, ഷൂജയിൽ നിന്നും പിടിച്ചെടുത്ത കോഹിനൂർ രത്നം ഇംഗ്ലണ്ടിലെ മഹാറാണിയ്ക്ക് കൈമാറാൻ നിർബന്ധിതനായി. അങ്ങനെ ‘വെളിച്ചത്തിന്റെ പർവതം’ എന്നു നാദർഷാ വിശേഷിപ്പിച്ച കോഹിനൂർ രത്നം കടൽ കടന്നു. അധികം വൈകാതെ ദുലീപ് സിങ്ങും ഇംഗ്ലണ്ടിലെ മഹാറാണിയുടെ അടുത്തേക്കെത്തി. ബ്രിട്ടീഷുകാർ തടവിലിട്ട രഞ്ജിത് സിംഗിന്റെ ഭാര്യ ജിന്ദൻ കൗറിനെ സ്വന്തം മകനായ ദുലീപ് സിംഗിൽ നിന്നും അകറ്റി നിർത്തുന്നതിൽ അവർ വിജയിച്ചു.തുടർന്നുള്ള രണ്ടു പേരുടെയും ജീവിതം പുസ്തകത്തിൽ വിവരിക്കുന്നുണ്ട് . കോഹിനൂറിന്റെ രൂപമാറ്റം പിന്നീടാണ് സംഭവിക്കുന്നത്. 1850 ഏപ്രിൽ 6 ന് മെദിയ എന്ന കപ്പലിൽ ബോംബേയിൽ നിന്നും കയറിയത്തിനു ശേഷം നിരവധി സംഭവങ്ങൾ ഈ രത്നത്തെചുറ്റിപറ്റി നടന്നു.വിവാദങ്ങളിലും, വാർത്തകളിലും കോഹിനൂർ നിറഞ്ഞു നിന്നുകൊണ്ടേയിരുന്നു.

1947 ൽ പുതുതായി സ്വാതന്ത്ര്യം ലഭിച്ച ഇന്ത്യൻ സർക്കാർ കോഹിനൂർ മടക്കിത്തരണം എന്നാവശ്യപ്പെട്ടു. ഇന്ത്യ കൂടാതെ മറ്റു വിവിധ രാജ്യങ്ങളും പിന്നീട് കോഹിനൂറിനുമേൽ അവകാശവാദവുമായി മുന്നോട്ടു വന്നു.1976 ൽ ആഗസ്തിൽ പാക്കിസ്താന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തലേന്ന് പാകിസ്ഥാൻ പ്രധാനമന്ത്രിയായ സുൾഫിക്കർ അലി ഭൂട്ടോ ബ്രിട്ടീഷ് പ്രധാനമന്ത്രി ജെയിംസ് കല്ലനു കോഹിനൂർ തങ്ങൾക്കു തിരിച്ചു നൽകണമെന്ന അവകാശവാദമായി കത്തെഴുതി. 1990ൽ ലണ്ടനിലെ അന്നത്തെ ഇന്ത്യൻ ഹൈക്കമ്മീഷണറായ കുൽദീപ് നയ്യാർ കോഹിനൂർ മടക്കിത്തരണമെന്ന ആവശ്യം വീണ്ടും ഉയർത്തികൊണ്ടു വന്നു. 2000 നവംബറിൽ എലിസബത്ത്‌ രാജ്ഞി എത്രയും പെട്ടെന്ന് കോഹിനൂർ രത്നം തങ്ങളെ ഏല്പിക്കണമെന്ന ആവശ്യം താലിബാനും ഉന്നയിച്ചു. ഓരോ തവണയും വിചിത്രവാദങ്ങൽ നടത്തിയോ അല്ലെങ്കിൽ തന്ത്രപൂർവ്വം മൗനം പാലിച്ചോ ബ്രിട്ടീഷുകാർ ഈ ചോദ്യങ്ങളെ നേരിട്ടു. 1849 ലെ ലാഹോർ ഉടമ്പടിയെ മനപൂർവ്വം പരാമർശിക്കാതെ, ദുലീപ് സിങ് സ്വന്തം ഇഷ്ടപ്രകാരം കോഹിനൂർ മഹാറാണിക്കു സമർപ്പിച്ചതാണെന്നുള്ള വാദം ആദ്യമൊക്കെ ഈ തിരിച്ചു കൊടുക്കൽ വിഷയം വരുമ്പോഴെല്ലാം അവർ ആവർത്തിച്ചിരുന്നു . അതിനു പിന്നിലെ നാടകീയ സംഭവങ്ങളുടെ വിശദവിവരങ്ങൾ പുസ്തകത്തിൽ പറയുന്നുമുണ്ട്. എന്തു തന്നെയായാലും കോഹിനൂറിനെ കൊളോണിയൽ ചൂഷണത്തിന്റെ ഒരു സ്മാരകമായി ഉയർത്തിക്കാണിക്കാൻ അവർക്കിപ്പോൾ മടിയുണ്ട്. തൊണ്ടിമുതലാണ് തന്റെ തലയിൽ വച്ചിരിക്കുന്നത് എന്നു നാട്ടുകാരടക്കം വിളിച്ചു പറയാൻ തുടങ്ങിയതിന്റെ ജാള്യതയുമാകാം. അതൊക്കെയാകാം കാമിലയുടെ കിരീടധാരണത്തിൽ നിന്നും കോഹിനൂറിനെ പടിയടച്ചു പിണ്ഡം വച്ചത്.

കോഹിനൂറിന്റെ അറിയാകഥകൾ ഇനിയുമുണ്ട് . ഇതിന്റെ സമഗ്രമായ ഒരു ചരിത്രം ഇനിയും സാധ്യമാണോ എന്നും സംശയമാണ്. ഇവയെ സംബന്ധിച്ച് പൊതുവിൽ ലഭ്യമായ വിവരങ്ങൾക്കപ്പുറം നിരവധി കാര്യങ്ങൾ രണ്ടു ഭാഗങ്ങളുള്ള ഈ പുസ്തകത്തിൽ വിവരിക്കുന്നുണ്ട് .അനുബന്ധ വായനയ്ക്ക് നിരവധി റഫറൻസ് പുസ്തകത്തിൽ ചേർത്തിട്ടുള്ളതുകൊണ്ട്‌ ചരിത്രാന്വേഷികൾക്ക് അതൊരു സഹായകരവുമാണ്.

കോഹിനൂറിന്റെ തുടക്കം മുതലുള്ള വിവരങ്ങൾ ‘സിംഹാസനത്തിൽ രത്നം’ എന്നപേരിൽ വില്യം ഡാൽറിമ്പിലും, മഹാറാണിയുടെ കൈയ്യിലെത്തിയതിനു ശേഷമുള്ള ചരിത്രം ‘കിരീടത്തിലെ രത്നം’ എന്ന പേരിൽ അനിത ആനന്ദുമാണ് എഴുതിയിരിക്കുന്നത്.

കോഹിനൂർ ഇനിയും വാർത്തകളിൽ ഇടം പിടിക്കുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. കോഹിനൂറിന്റെ സഞ്ചാരങ്ങളിൽ എവിടെയും രേഖപ്പെടുത്താത്ത ചരിത്രം ഇനിയും ഉറങ്ങികിടപ്പുണ്ട്. അതു കണ്ടെത്തികഴിഞ്ഞെങ്കിൽഎങ്കിൽ മാത്രമേ അതിന്റെ ചരിത്രരചന പൂർണ്ണമാകുകയുള്ളൂ.

മലയാളത്തിൽ ഈ പുസ്തകം വിവർത്തനം ചെയ്തിരിക്കുന്നത് സുരേഷ് എം. ജി യാണ്.

 ‘കോഹിനൂര്‍’ എന്ന പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

 

Comments are closed.