‘കൊച്ചുവീട്ടില്‍ രാമന്‍ പത്രോസ്’
മലയാള സാഹിത്യത്തില്‍ ആധുനികതാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചവരില്‍ പ്രമുഖനാണ് കാക്കനാടന്‍. സാഹിത്യത്തില്‍ അതുവരെയുണ്ടായിരുന്ന യഥാതഥ രചനാരീതിയില്‍ നിന്നും വ്യത്യസ്തമായി മനുഷ്യന്റെ സ്വത്വാധിഷ്ഠിത പ്രശ്‌നങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ള എഴുത്തായിരുന്നു അദ്ദേഹത്തിന്റേത്. ഉഷ്ണമേഖല, ഒറോത, സാക്ഷി, ഏഴാം മുദ്ര, രണ്ടാം പിറവി, വസൂരി തുടങ്ങിയവ അടക്കമുള്ള നോവലുകളിലും കഥകളിലും കൂടി സാമ്പ്രദായികമായ ആഖ്യാന ആവിഷ്‌കരണ രീതികളെ അദ്ദേഹം പൊളിച്ചെഴുതി. എന്നാല്‍ കാക്കനാടന്റെ ഇതുവരെയുള്ള സമാഹാരങ്ങളിലൊന്നും ഇടംപിടിക്കാതെപോയ കഥകളുടെ സമാഹാരമാണ് കൊച്ചുവീട്ടില്‍ രാമന്‍ പത്രോസ്.
സംഭവാമി, ചുവപ്പിന്റെ അതിര്, മാത്തന്‍, ആരണ്യകാണ്ഡം എന്നിങ്ങനെ പതിനേഴ് അസമാഹൃതകഥകളുടെ സമാഹാരാണ് കൊച്ചുവീട്ടില്‍ രാമന്‍ പത്രോസ്. യഥാര്‍ത്ഥത്തില്‍ കാക്കനാടന്റെ കഥനവൈഭവത്തിന്റെ അടയാളം തന്നെയാണ് ഈ കഥകള്‍.
മോചനത്തിനായി സുവിശേഷത്തിന്റെ വഴി സ്വീകരിച്ച ഒരു അധഃകൃതയുവാവിന്റെ ധാര്‍മ്മികച്യുതിയാണ് ‘കൊച്ചുവീട്ടില്‍ രാമന്‍ പത്രോസില്‍’ പ്രമേയമാകുന്നത്. വിവാഹം കഴിക്കാനാഗ്രഹിച്ച സ്ത്രീയെ വര്‍ഷങ്ങള്‍ക്കുശേഷം ശബരിമല തീര്‍ത്ഥാടകയായി കണ്ടെത്തുന്ന പഴയകമിതാവിന്റെ കഥ പറയുന്നു ‘പാപത്തിന്റെ വല’. കാമനകള്‍ക്കപ്പുറത്ത് സ്വവര്‍ഗ്ഗരതിയെക്കുറിച്ചുള്ള അന്വേഷണമാകുന്ന ‘യാത്ര’ എന്ന കഥയും രതിഭാവനകളുടെ പലതലങ്ങളെ ചര്‍ച്ച ചെയ്യുന്ന ‘ചെല്ലമ്മ’യും ഈ സമാഹാരത്തിലെ കാക്കനാടന്‍ മാന്ത്രികത അനുഭവപ്പെടുന്ന കഥകളില്‍ ചിലതാണ്. അതീതയാഥാര്‍ത്ഥ്യത്തിന്റെയും ഭ്രമാത്മകഭാവനയുടെയും മധ്യത്തിലുള്ള ഒരു മണ്ഡലമാണ് ഈ കഥാകാരന്റെ കഥകളില്‍ കാണാന്‍ കഴിയുക.
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ കഥാസമാഹാരത്തിന് എം ജി ശശിഭൂഷണാണ് അവതാരിക എഴുതിരിയിരിക്കുന്നത്. ”ഇളംകാറ്റുവീശുമ്പോള്‍ പോലും അലകളും ആവര്‍ത്തനങ്ങളും സൃഷ്ടിച്ച് പ്രതിസ്പന്ദിക്കുന്ന അഷ്ടമുടിക്കായല്‍പ്പോലെയാണ് ഒരര്‍ത്ഥത്തില്‍ കാക്കനാടന്റെ മികച്ച കഥകള്‍. അലകള്‍ തരംഗങ്ങളുണ്ടാക്കി പടരുന്നു”. എന്ന് അദ്ദേഹം അവതാരികയില്‍ അടയാളപ്പെടുത്തുന്നു.
Comments are closed.