DCBOOKS
Malayalam News Literature Website

കൊച്ചി രാജ്യചരിത്രം പുരാരേഖകളിലൂടെ

വേലായുധന്‍ പണിക്കശ്ശേരി

പന്ത്രണ്ടാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധത്തില്‍ മഹോദയചേരന്മാരുടെ ഭരണത്തിന് അന്ത്യം കുറിച്ചതോടെ കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെയുള്ള വേണാട്, ആറ്റിങ്ങല്‍, കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, തെക്കുംകൂര്‍, വടക്കുംകൂര്‍, ഇടപ്പള്ളി, പറവൂര്‍, ആലങ്ങോട്, കൊടുങ്ങല്ലൂര്‍, അയിരൂര്‍, തലപ്പിള്ളി, പെരുമ്പടപ്പ്, വള്ളുവനാട്, കൊല്ലങ്കോട്, പാലക്കാട്, കവളപ്പാറ, വെട്ടത്തുനാട്, കോഴിക്കോട്, കടത്തനാട്, കോട്ടയം, കുറങ്ങോത്ത്, രണ്ടത്തറ, കുറുമ്പുനാട്, കോലത്ത് നാട്, നീലേശ്വരം, കുമ്പള തുടങ്ങിയ ഒട്ടേറെ നാടുവാഴികളാണ് Textസ്വതന്ത്രരായത്. ഈ ചെറുകിടക്കാരില്‍ പില്ക്കാലത്ത് പൂര്‍ണ്ണമായ പരമാധികാരത്തോടെ കൂടിയ മൂന്ന് രാജാക്കന്മാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വേണാട്ടടിയും കോലത്തിരിയും സാമൂതിരിയും കയ്യൂക്കുകൊണ്ട് രാജ്യവിസ്തൃതി വര്‍ദ്ധിപ്പിച്ചിട്ടാണ് ഇവര്‍ മുന്‍പന്തിയിലെത്തിയത്. ഈ മൂവര്‍ക്കു മാത്രമേ കിരീടം ധരിക്കുവാനും നാണയം നിര്‍മ്മിക്കുവാനും കൊട്ടാരം ഓട് മേയാനും മുത്തുക്കുട പിടിക്കുവാനും അധികാരമുണ്ടായിരുന്നുള്ളൂ.

മികച്ച പല നേട്ടങ്ങളും താരതമ്യേന ചെറിയ രാജവംശമായ കൊച്ചിക്ക് പില്ക്കാലത്ത് കൈവരിക്കാന്‍ കഴിഞ്ഞത് വിദേശശക്തികളുടെ സഹായത്താലാണ്. അവര്‍ ചരിത്രത്തില്‍ മുഖ്യസ്ഥാനം വഹിക്കുന്നത് പോര്‍ച്ചുഗീസുകാരുമായി സൗഹൃദം സ്ഥാപിച്ചതിനു ശേഷമാണ്. സാമൂതിരിയുടെ സാമന്തനായി യാതൊരു സ്വാതന്ത്ര്യവുമില്ലാതെ അടിമയെപ്പോലെ കഴിഞ്ഞിരുന്ന കൊച്ചിരാജാവിന് കിരീടം ധരിക്കാനും കൊട്ടാരം ഓട് മേയാനും നാണയമടിക്കുവാനും മുത്തുക്കുട പിടിക്കുവാനും സ്വാതന്ത്ര്യം ലഭിച്ചത് 1500-ല്‍ പോര്‍ച്ചുഗീസുകാരുമായി സൗഹൃദ ഉടമ്പടിയില്‍ ഒപ്പിട്ടതോടെയാണ്.

പിന്നീട് ഡച്ചുകാരുമായും മൈസൂര്‍ സുല്‍ത്താനായിരുന്ന ഹൈദരലിഖാനുമായും ഇംഗ്ലിഷ് ഈസ്റ്റ് ഇന്ത്യാക്കമ്പനിയുമായും ഉടമ്പടികളില്‍ ഏര്‍പ്പെടേണ്ടിവന്നെങ്കിലും തന്റെ രാജ്യത്തിന്റെ വരുമാനത്തിന്റെ ഒരു ഭാഗം അവര്‍ക്ക് നല്‌കേണ്ടിവന്നെങ്കിലും ഭാരതം സ്വതന്ത്രമാകുന്നതു വരെ രാജാധികാരവും രാജ്യവും നിലനിര്‍ത്താന്‍ കഴിഞ്ഞത് കൊച്ചി രാജാക്കന്മാരുടെ നയചാതുര്യംകൊണ്ടാണ്. മലബാര്‍ പ്രദേശത്തെ മുഴുവന്‍ രാജാക്കന്മാര്‍ക്കും തങ്ങളുടെ
രാജ്യവും അധികാരവും നഷ്ടപ്പെട്ടത് മൈസൂര്‍ സുല്‍ത്താന്മാരുടെ പടയോട്ടക്കാലത്താണ്. കൊച്ചിക്ക് തെക്കുള്ള ചെറുകിട രാജാക്കന്മാരെയെല്ലാം മാര്‍ത്താണ്ഡവര്‍മ്മ യുദ്ധത്തില്‍ തോല്പിച്ച് തന്റെ രാജ്യത്തോട് ചേര്‍ക്കുകയാണുണ്ടായത്. ‘രണ്ടടി വയ്ക്കണമെങ്കില്‍ മൂന്ന് രാജാക്കന്മാരുടെ സ്ഥലത്ത് ചവിട്ടണമെന്ന പഴമൊഴി തിരുത്തി കേരളത്തില്‍ രണ്ടു രാജാക്കന്മാര്‍–കൊച്ചി രാജാവും തിരുവിതാംകൂര്‍ രാജാവും–മാത്രമായി ശേഷിച്ചു. ഇരുരാജ്യവും പിന്നീട് ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചു.’

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.