കൊച്ചി രാജ്യാന്തര വിമാനത്താവളം ബുധനാഴ്ച തുറക്കും
കൊച്ചി: പ്രളയദുരന്തത്തെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവെച്ച കൊച്ചി രാജ്യാന്തര വിമാനത്താവളം ബുധനാഴ്ച തുറക്കും. ആഭ്യന്തര-രാജ്യാന്തര സര്‍വ്വീസുകള്‍ നാളെ ഉച്ച മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.
പ്രളയജലം ഇറങ്ങിയതോടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനമായത്. വിവിധ എയര്‍ലൈന്‍ കമ്പനികളുടെ സര്‍വ്വീസുകള്‍ മുന്‍പുണ്ടായിരുന്ന സമയക്രമത്തില്‍ തന്നെ ആയിരിക്കും. ഇതിനായി എല്ലാ കമ്പനികള്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി സിയാല്‍ അധികൃതര്‍ പറഞ്ഞു. കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ നിന്നുള്ള താത്കാലിക സര്‍വ്വീസുകള്‍ ബുധനാഴ്ചയോടെ അവസാനിപ്പിക്കും.
നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്ത് കൂടിയൊഴുകുന്ന ചെങ്കല്‍ തോട്ടിലെ വെള്ളം കയറി റണ്‍വേ മുങ്ങിയതിനെ തുടര്‍ന്ന് 15-ാം തീയതിയാണ് വിമാനത്താവളം അടച്ചത്. സിയാലിന്റെ ടെക്‌നിക്കല്‍ ഏരിയയില്‍ അടക്കം വെള്ളം കയറി നാശനഷ്ടങ്ങളുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് കൊച്ചിയിലേക്കുള്ള വിമാനങ്ങളെല്ലാം തിരുവനന്തപുരത്തേക്കും ബംഗളൂരുവിലേക്കും വഴി തിരിച്ചുവിട്ടു. ഹജ്ജിനു പോകേണ്ടവര്‍ക്ക് തിരുവനന്തപുരം വഴി പോകാനുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു.
Comments are closed.