DCBOOKS
Malayalam News Literature Website

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവൽ ആറാംപതിപ്പിന് നാളെ തുടക്കമാകും

ഏഷ്യയിലെ രണ്ടാമത്തെ വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ആറാംപതിപ്പിന് നാളെ തുടക്കമാകും. 2023 ജനുവരി 12, 13, 14, 15 തീയ്യതികളില്‍ കോഴിക്കോട് കടപ്പുറത്താണ് സാഹിത്യോത്സവം നടത്തപ്പെടുന്നത്. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കേരളസര്‍ക്കാരിന്റെയും, സാംസ്‌കാരിക വകുപ്പിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തില്‍ തുര്‍ക്കി, ജര്‍മനി, സ്‌പെയിന്‍, ബ്രിട്ടണ്‍, ഇസ്രയേല്‍, ന്യൂസിലാന്‍ഡ് തുടങ്ങി പന്ത്രണ്ടോളം രാജ്യങ്ങളില്‍ നിന്നുള്ള അതിഥികള്‍ പങ്കെടുക്കും.

ആറ് വേദികളിലായി അഞ്ഞൂറിലധികം പ്രഭാഷകര്‍ പങ്കെടുക്കുന്ന കെ എല്‍ എഫില്‍ സാഹിത്യത്തിന് പുറമേ കല, രാഷ്ട്രീയം, ചരിത്രം, സംഗീതം, സാമ്പത്തികം തുടങ്ങിയ നിരവധി വിഷയങ്ങളില്‍ സംവാദങ്ങള്‍ നടക്കും. സാഹിത്യരംഗത്തെ പ്രമുഖരായ ജഫ്രി ആര്‍ച്ചര്‍, ഫ്രാന്‍സെസ്‌ക് മിറാലെസ്, വില്യം ഡാല്‍റിമ്പിള്‍, അന്താരാഷ്ട്ര ബുക്കര്‍ പുരസ്‌കാര ജേതാവ് ഗീതാഞ്ജലി ശ്രീ, ബുക്കര്‍ പുരസ്‌കാര ജേതാവ് ഷെഹാന്‍ കരുണതിലക തുടങ്ങിയവര്‍ സാഹിത്യോത്സവത്തിന്റെ മാറ്റ് കൂട്ടും.

നോബല്‍ പുരസ്‌കാര ജേതാക്കളായ ആഡാ ഇ. യോനാത്ത്, അഭിജിത് ബാനര്‍ജി, ചരിത്രകാരനായ രാമചന്ദ്ര ഗുഹ, സാമ്പത്തികശാസ്ത്ര വിദഗ്ദ്ധരായ പളനിവേല്‍ ത്യാഗരാജന്‍, ശശി തരൂര്‍, സഞ്ജീവ് സന്യാല്‍ എന്നിവരും വിവിധ ചര്‍ച്ചകളുടെ ഭാഗമാകും.

സംഗീതത്തിനും വിനോദത്തിനുമുള്ള വേദി കൂടിയായ കെ എല്‍ എഫ് മറക്കാനാവാത്ത അനുഭവമായിരിക്കും കാഴ്ചക്കാര്‍ക്ക് സമ്മാനിക്കുന്നത്. ഉഷ ഉതുപ്പ്, റെമോ ഫെര്‍ണാണ്ടസ്, ഷഹബാസ് അമന്‍, ഹരീഷ് ശിവരാമകൃഷ്ണന്‍ തുടങ്ങിയ പ്രമുഖരുടെ സാന്നദ്ധ്യം ഇതിനു മാറ്റ്കൂട്ടും.

പരസ്യകലാരംഗത്തെ അതികായനായ പീയുഷ് പാണ്ഡെയുടെ സാന്നിദ്ധ്യമാണ് സാഹിത്യോത്സവത്തിന്റെ മറ്റൊരു ആകര്‍ഷണം. പ്രമുഖ വ്യക്തിത്വങ്ങളായ കമല്‍ ഹാസന്‍, പ്രകാശ് രാജ് തുടങ്ങിയവരുടെ സാന്നിദ്ധ്യം സംവാദങ്ങള്‍ക്ക് മിഴിവേകും.

മലയാള സാഹിത്യത്തിലെ അതികായന്മാരുടെ സംവാദങ്ങള്‍ കാഴ്ചക്കാര്‍ക്ക് വേറിട്ട അനുഭവമായിരിക്കും സമ്മാനിക്കുന്നത്.

‘തരകന്‍സ് ഗ്രന്ഥവരിയിലെ ആഖ്യാനലീലകള്‍’ എന്ന വിഷയത്തില്‍ ബെന്യാമിനും എം ബി രാജേഷും സംവദിക്കുമ്പോള്‍ ‘മലയാളി കേരളീയരായ 70 വര്‍ഷങ്ങള്‍’ എന്ന വിഷയത്തില്‍ സുനില്‍ പി ഇളയിടം, ഇ പി രാജഗോപാല്‍, റഫീക്ക് ഇബ്രാഹിം എന്നിവര്‍ സംവദിക്കുന്നു.

അടിമകേരളത്തിന്റെ ചരിത്രം, എന്താണ് എന്‍എഫ്ടി, കരിക്കുല നവീകരണത്തിന്റെ സാമൂഹിക മാനങ്ങള്‍, ആലേഖനങ്ങളിലെ കേരളചരിത്രം, മാറുന്ന മലയാളിച്ചിരി, കരുണയുടെ സാമൂഹികത, ഇന്ത്യന്‍ സാഹിത്യത്തില്‍ മലയാള ഭാവനയുടെ സ്വാധീനം, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ലൈംഗികത, ഖബര്‍-ഘാതകന്‍ രാഷ്ട്രീയ നോവലുകളുടെ വര്‍ത്തമാനം തുടങ്ങി നിരവധി വിഷയങ്ങളില്‍ നടക്കുന്ന സംവാദങ്ങള്‍ ഒരേസമയം അറിവും ആനന്ദവും പകരാന്‍ ഉതകുന്നവയാണ്.

കെ.ആര്‍.മീര, ടി.ഡി.രാമകൃഷ്ണന്‍, വി.ജെ.ജയിംസ്, എസ്.ഹരീഷ് തുടങ്ങിയവരുടെ സാന്നിദ്ധ്യവും കെ എല്‍ എഫിന്റെ മുഖ്യാകര്‍ഷണങ്ങളാണ്.

അന്താരാഷ്ട്രതലത്തില്‍ സാംസ്‌കാരിത കേരളത്തിന്റെ യശസ്സുയര്‍ത്തിയ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ലോകത്തിലെ മറ്റേത് സാഹിത്യോത്സവങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ്. പൂര്‍ണ്ണമായും ജനങ്ങളുടെ
പങ്കാളിത്തത്തോടെുള്ള സാഹിത്യോത്സമാണിത്.

Comments are closed.