DCBOOKS
Malayalam News Literature Website

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ എം ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പ് മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. വൈകുന്നേരം 5.30 നാണ് കേരളക്കര കാത്തിരുന്ന സാഹിത്യോത്സവത്തിന് എം ടി തിരിതെളിച്ചത്. കോഴിക്കോട് ബീച്ചില്‍ ഒരുക്കിയിരിക്കുന്ന പ്രൗഢഗംഭീരമായ ‘എഴുത്തോല’വേദിയില്‍ വെച്ചാണ് ഉദ്ഘാടനം നടന്നത്.

ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ , തുറമുഖ വകുപ്പ് മന്ത്രി കടന്ന പ്പള്ളി രാമചന്ദ്രന്‍, എ പ്രദീപ് കുമാര്‍ എം എല്‍ എ, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, സിനിമാതാരം പ്രകാശ് രാജ്, അയര്‍ലന്‍ഡ് അംബാസിഡര്‍ ബ്രയാന്‍ മക്എല്‍ഡഫ്, ജപ്പാന്‍ കോസുലേറ്റ് ജനറല്‍ തക്കായോക്കി കിത്താഗവാ, ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ. സച്ചിദാനന്ദന്‍, യു വി ജോസ് ഐ എ എസ്, ഡി സി ബുക്‌സ് സി ഇ ഒ രവി ഡിസി, സാം സന്തോഷ്, വിനോദ് നമ്പ്യാര്‍, വിജി മാത്യൂസ്, രതീഷ് സി. നായര്‍, എ.കെ. അബ്ദുല്‍ ഹക്കീം എിവര്‍ സംബന്ധിച്ചു.

‘വിയോജിപ്പുകളില്ലെങ്കില്‍ ജനാധിപത്യവുമില്ല’ എന്നതാണ് ഇത്തവണത്തെ കെ.എല്‍.എഫിന്റെ മുദ്രാവാക്യം. ജനാധിപത്യം വലിയ വെല്ലുവിളികള്‍ നേരിടുന്ന ഈ കാലത്ത് സ്വന്തം അഭിപ്രായം പറയുന്നതില്‍ എനിക്ക് ഭയമൊന്നും ഇല്ല എന്നും അത് പറഞ്ഞു എന്നത് കൊണ്ട് എന്നെ ഒരു രാഷ്ട്രീയത്തിന്റെ വക്താവായി മാറ്റാന്‍ നോക്കേണ്ടെും പ്രകാശ് രാജ് അഭിപ്രായപ്പെട്ടു.

വിമത ശബ്ദമില്ലാതെ ജനാധിപത്യം പൂര്‍ണമാകില്ല. വിമതശബ്ദങ്ങള്‍ അടിച്ചമര്‍ത്താനും , ഇഷ്ടമില്ലാത്തവരെ നിശബ്ദരാക്കാനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടാനും ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കേ ശക്തമായ പ്രതിരോധം തീര്‍ക്കാനാണ് നാം ശ്രദ്ധിക്കേണ്ടതെന്ന് മുഖ്യപ്രഭാഷണം നടത്തവേ കടകം പള്ളി സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

പ്രശസ്ത കവി കെ സച്ചിദാനന്ദനാണ ഫെസ്റ്റിവല്‍ ഡയറക്ടര്‍.
ഒരേ സമയം അഞ്ചു വേദികളിലായി തുടര്‍ച്ചയായ ചര്‍ച്ചകളും സംവാദങ്ങളുമാണ് നടക്കുന്നത്. സാഹിത്യം, കല, ശാസ്ത്രം, സമൂഹം, മതം, ചലച്ചിത്രം, പ്രസാധനം, ഡിജിറ്റല്‍ മീഡിയ, തത്വചിന്ത, ചിത്രകല തുടങ്ങി വിവിധ വിഭാഗങ്ങളിലായി 250 സെഷനുകളിലായി അഞ്ഞൂറിലധികം അതിഥികള്‍ പങ്കെടുക്കുന്ന സാഹിത്യോത്സവം ഫെബ്രുവരി 11 ന് അവസാനിക്കും.

Comments are closed.