DCBOOKS
Malayalam News Literature Website

KLF മൂന്നാം പതിപ്പിനെക്കുറിച്ച് ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ സച്ചിദാനന്ദന്‍ എഴുതുന്നു…

ഡി സി കിഴക്കേമുറി ഫൌണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കേരള സാഹിത്യോത്സവത്തിന്റെ ഫെബ്രുവരി 8 നു നടക്കുന്ന മൂന്നാം എഡിഷനിലേക്ക് മുഴുവന്‍ മലയാളികളെയും സ്വാഗതം ചെയ്യുവാന്‍ ഏറെ സന്തോഷമുണ്ട്. ഇതിന്നകം തന്നെ ഈ സംരംഭം എല്ലാ തരം വിഭജനങ്ങളെയും മറികടക്കുന്ന ജനങ്ങളുടെ ഉത്സവമായി മാറിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ അരങ്ങേറിയ കേരളസാഹിത്യോത്സവത്തിന്റെ അപൂര്‍വ്വമായ വിജയത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടും, അവയുടെ നടത്തിപ്പില്‍ നിന്ന് പാഠങ്ങള്‍ പഠിച്ചും ഇക്കുറി ഞങ്ങള്‍ കൂടുതല്‍ സമ്പന്നവും വിവിധവും സാരഗര്‍ഭവുമായ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നു.

തുറന്ന സാംസ്‌കാരിക ഇടങ്ങള്‍ ചുരുങ്ങി വരികയും അടഞ്ഞ, ഏകശിലാരൂപമായ സമൂഹസങ്കല്പങ്ങള്‍ മേല്‍ക്കൈ നേടുകയും ചെയ്തിരിക്കുന്ന ഇക്കാലത്ത് സമകാലീന സാഹിത്യസാമൂഹ്യസാംസ്‌കാരിക സമസ്യകള്‍ അവതരിപ്പിക്കാനും ചര്‍ച്ച ചെയ്യാനുമുള്ള ഒരു വേദി, വിഭിന്നവീക്ഷണങ്ങള്‍ക്കും സമീപനങ്ങള്‍ക്കും സ്വതന്ത്രമായി, മുന്‍വിധികളില്ലാതെ, സംവാദവിവാദങ്ങളില്‍ ഏര്‍പ്പെടാനുള്ള ഒരിടം, പല തലമുറയിലെ മലയാളം എഴുത്തുകാര്‍ക്ക് എന്നപോലെ, കേരളത്തിലെ എഴുത്തുകാര്‍ക്കും ചിന്തകര്‍ക്കും പുറത്തെ സാഹിത്യകാരന്മാര്‍ക്കും സ്വന്തം കൃതികളും വിചാരങ്ങളും അവതരിപ്പിക്കാനും സംഗീതം, നൃത്തം, നാടകം, ചലച്ചിത്രം തുടങ്ങി ഇതരകലകളുടെ പ്രയോക്താക്കളുമായി സംഭാഷണത്തില്‍ ഏര്‍പ്പെടാനുമുള്ള ഒരു അപൂര്‍വ്വസന്ദര്‍ഭം, വായനക്കാര്‍ക്കും ആസ്വാദകര്‍ക്കും മറയില്ലാതെ തങ്ങളുടെ പ്രിയപ്പെട്ട കലാസാഹിത്യപ്രയോക്താക്കളുമായി സംസാരിക്കാനും അവരോടു സംശയങ്ങള്‍ ഉന്നയിക്കാനുമുള്ള ഒരു അപൂര്‍വാവസരം: ഇതെല്ലാം ഒന്നിച്ചു സൃഷ്ടിക്കുവാനുള്ള യത്‌നമാണ് ഞങ്ങളുടേത്.

അഞ്ചു വേദികളിലായി രാവിലെ മുതല്‍ രാത്രി വരെ നാലു ദിവസത്തെ പരിപാടികളാണ് ഞങ്ങള്‍ ഇക്കുറി ഒരുക്കുന്നത്. മലയാളത്തിലെ പല തലമുറകളിലെ പ്രഗത്ഭരായ കവികള്‍, കഥാകൃത്തുക്കള്‍, നാടകപ്രവര്‍ത്തകര്‍, ചലച്ചിത്രകാരന്മാര്‍, ചിത്രകാരന്മാരും ശില്‍പികളും, മാധ്യമപ്രവര്‍ത്തകര്‍, പൊതു ബുദ്ധിജീവികള്‍ തുടങ്ങിയവരെക്കൂടാതെ ദേശീയപ്രശസ്തിയുള്ള എഴുത്തുകാരും കലാകാരന്മാരും ചിന്തകരും വിഷയവിദഗ്ദ്ധരും ഇന്ത്യയില്‍ നിന്നും പങ്കെടുക്കുമ്പോള്‍ ഒട്ടേറെ വിദേശ എഴുത്തുകാരും ഉത്സവത്തില്‍ പങ്കെടുക്കുന്നു. അതിഥിരാജ്യം എന്ന നിലയില്‍ അയര്‍ലണ്ടില്‍ നിന്ന് ഒരു സംഘം എഴുത്തുകാര്‍ ഗബ്രിയേല്‍ റോസന്‍സ്‌റോക്ക്, അലന്‍ ടിറ്റ്‌ലി, അമന്‍ഡാ ബെല്‍, ലിയാം കാഴ്‌സന്‍, പാഡി ബുഷ്, മൈക്കേല്‍ ഓഥാ തുടങ്ങിയവര്‍ ഒരു പ്രത്യേക വിഭാഗമായിത്തന്നെ പങ്കെടുക്കും. കൂടാതെ സ്‌പെയിന്‍, ഓസ്‌ട്രേലിയ, ലാറ്റ്വിയാ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള എഴുത്തുകാര്‍ ക്ലോഡിയാ കൈസര്‍, സനീത് വെവേറെ, മാര്‍കോസ് ഗാഡിയോലാ, ദാഗ് ഒയ്‌സ്‌റീന്‍, അങ്ങിനെ ഏറെ പേര്‍ ഉണ്ട്.

ഇന്ത്യയില്‍ നിന്ന് റൊമീലാ ഥാപ്പര്‍, അഷീസ് നന്ദി, അരുന്ധതി റോയ്, വന്ദനാ ശിവ, ഉപീന്ദര്‍ സിംഗ്, ജയ്‌റാം രമേശ്, ആനന്ദ് നീലകണ്ഠന്‍, പ്രകാശ് രാജ്, രാജ്ദീപ് സര്‍ദേശായ്, സാഗരികാ ഘോഷ്, പ്രണയ് ലാല്‍, സാം സന്തോഷ്, വിവേക് ഷാന്‍ഭാഗ്, മനു ചക്രവര്‍ത്തി, മഹേഷ് ഭട്ട്, ഋഷി കപൂര്‍, ജെറി പിന്റോ, ഗണേഷ് ഡേവി, തീസ്താ സെതല്‍വാദ്, കാഞ്ചാ ഐലയ്യ, ബാമ, സുരേഷ് ജിന്താല്‍, നൂപുര്‍ ബസു, അസീം ത്രിവേദി, ബാല, ദീപക് ഉണ്ണികൃഷ്ണന്‍, അനിതാ നായര്‍, കവിതാ ലങ്കേഷ്, കന്നയ്യാ കുമാര്‍, അനിതാ ദുബേ, ശബനം ഹഷ്മി തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കുന്നു.

ഈ എഡിഷന്റെ വിശേഷപ്രമേയം പ്രതിരോധം ആണ്: ‘വിയോജിപ്പില്ലാതെ ജനാധിപത്യമില്ല’ എന്നതാണ് ഉത്സവത്തിന്റെ മുദ്രാവാക്യം. വിഷയവൈവിധ്യം കൊണ്ടും കൂടുതല്‍ സമ്പന്നമാണ് ഇക്കുറി ഉത്സവം. മാധ്യമങ്ങള്‍, ചലച്ചിത്രം, കഥ, നോവല്‍, കവിത, യൂറോപ്പ്യന്‍ സാഹിത്യം, ആവിഷ്‌കാര സ്വാതന്ത്ര്യം, ഭാഷാവൈവിധ്യം, വിവര്‍ത്തനത്തിന്റെ പ്രശ്‌നങ്ങള്‍, ചരിത്രം, ഗാന്ധിസം, ദളിത് ന്യൂനപക്ഷ സമസ്യകള്‍, ലിംഗ അസമത്വം, പൌരാവകാശങ്ങള്‍ സമകാലീന രാഷ്ട്രീയം ഇവ ചില വിഷയങ്ങള്‍ മാത്രം.

വൈകുന്നേരങ്ങളില്‍ അനുബന്ധ സാംസ്‌കാരിക പരിപാടികള്‍, എല്ലാ ദിവസവും പുസ്തകപ്രദര്‍ശനം, ഒരു വേദിയില്‍ ബീനാ പോള്‍ ക്യൂറെറ്റ് ചെയ്യുന്ന, എല്ലാ ദിവസവുമുള്ള സിനിമാ പ്രദര്‍ശനവും ചര്‍ച്ചകളും ഇവയും ഞങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സാഹിത്യം, കല, സ്വതന്ത്രചിന്ത ഇവയെ സ്‌നേഹിക്കുന്ന എല്ലാവരെയും കേരള സാഹിത്യോത്സവതിന്റെ ഈ മൂന്നാം എഡിഷനിലേക്കു സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

കെ. സച്ചിദാനന്ദന്‍.

 

Comments are closed.