കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഏഴാംപതിപ്പിന് തിരശ്ശീല വീണു
കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഏഴാമത് എഡിഷന് സാഹിത്യത്തിന്റെ നഗരിയിൽ പ്രൗഢോജ്ജ്വല സമാപനം. മന്ത്രി എ കെ ശശീന്ദ്രന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
നൊബേല്‍ സമ്മാനജേതാവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ കൈലാഷ് സത്യാര്‍ത്ഥി
ചടങ്ങില്‍ അധ്യക്ഷനായി. സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ മീന കന്ദസ്വാമി, തുര്‍ക്കി അംബാസിഡര്‍ ഫിറാത് സുനേല്‍, തുര്‍ക്കി ടൂറിസം ആന്‍ഡ് കള്‍ച്ചറല്‍ മിനിസ്റ്ററും പബ്ലിഷിംഗ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടറുമായ നിസാര്‍ കാര, കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ ബീന ഫിലിപ്പ്, കോഴിക്കോട് കളക്ടര്‍ സ്നെഹില്‍ കുമാര്‍ ഐ എ എസ്, കെഎല്‍എഫ് സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ ഡോ.എ.കെ. അബ്ദുല്‍ ഹക്കീം, ചെയര്‍മാന്‍ എ. പ്രദീപ് കുമാര്‍, ഫെസ്റ്റിവല്‍ ഡയറക്ടര്‍ കവി കെ സച്ചിദാനന്ദന്‍, ചീഫ് ഫെസിലിറ്റേറ്റര്‍ രവി ഡി സി, അഭിലാഷ് തിരുവോത്ത്, ഫാരിസ് കണ്ടോത്ത് , ബഷീര്‍ പെരുമന്ന, അക്ഷയ് കുമാര്‍, അന്‍വര്‍ കുനിമാല്‍, കെഎല്‍എഫ് പ്രോഗ്രാം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കെ വി ശശി എന്നിവര്‍ സമാപനസമ്മേളനത്തില്‍ സംസാരിച്ചു.
2024 -ലെ കെ.എല്‍.എഫ് അവലോകനം രവി ഡി സി നിര്‍വഹിച്ചു. 2025-ലെ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ പ്രഖ്യാപനം ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ. സച്ചിദാനന്ദന്‍ നടത്തി. 2025-ലെ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ജനുവരി 9 മുതല്‍ 12 വരെ കോഴിക്കോട് കടപ്പുറത്ത് വെച്ച് നടക്കുന്നതാണ്.
വന്‍ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ ഫെസ്റ്റിവല്‍ വേറിട്ട ചര്‍ച്ചാവിഷയങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു. ഓര്‍ഹന്‍ പാമുക്കിനെയും എലിഫ് ഷെഫാക്കിനെയും ലോക സാഹിത്യത്തിന് സമ്മാനിച്ച തുര്‍ക്കിയായിരുന്നു ഇത്തവണത്തെ അതിഥി രാജ്യം. തുര്‍ക്കി റിപ്പബ്ലിക്കിന്റെ നൂറാം വാര്‍ഷികാഘോഷങ്ങള്‍ക്കും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയായി. തുര്‍ക്കിയെ കൂടാതെ യുകെ, വെയ്ല്‍സ്, ജപ്പാന്‍, യുഎസ്എ, മലേഷ്യ, സ്‌പെയിന്‍, ഫ്രാന്‍സ് തുടങ്ങിയ വിദേശരാജ്യങ്ങളില്‍നിന്നുള്‍പ്പെടെയുള്ള പ്രമുഖരും സാഹിത്യോത്സവത്തിന്റെ ഭാഗമായി.
ഏഴ് വേദികളിലായി 300-ലധികം സെഷനുകള്‍ക്കാണ് കോഴിക്കോട് ബീച്ച് സാക്ഷ്യം വഹിച്ചത്. ഇത്തവണ മുതല്‍ കുട്ടികള്‍ക്കായി ചില്‍ഡ്രന്‍സ് കെഎല്‍എഫും ഉണ്ടായിരുന്നു. മനു ജോസ് ക്യൂറേറ്റ് ചെയ്ത സികെഎല്‍എഫ് വ്യത്യസ്ത അനുഭവമായി മാറി. അശ്വതിയും ശ്രീകാന്തും ചേര്‍ന്ന് അവതരിപ്പിച്ച ‘നൃത്തസാദരം എം ടി’, ടി എം കൃഷ്ണയും വിക്കു വിനായക്‌റാമും ചേര്‍ന്നൊരുക്കിയ കര്‍ണ്ണാടിക് സംഗീതനിശ, റൂമിയുടെ ജന്മനാടായ കോന്യയില്‍നിന്നെത്തിയ കലാകാരന്മാരുടെ സൂഫി നൃത്തം, ചായ് മെറ്റ് ടോസ്റ്റ് ബാന്‍ഡിന്റെ സംഗീതനിശ എന്നിവയെല്ലാം ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധനേടി. എല്ലാ ദിവസവും രാത്രി നടന്ന വിവിധ ഭാഷകളിലെ പ്രശസ്തചലച്ചിത്രങ്ങളുടെ പ്രദര്‍ശനത്തിലും നിറഞ്ഞ പ്രേക്ഷകസദസ്സുണ്ടായിരുന്നു.
Comments are closed.