കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഭാഗമാകാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ഒരുങ്ങുന്നു
കോഴിക്കോട്: ഡി.സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ജനുവരിയില്‍ സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ നാലാമത് പതിപ്പില്‍ ഭാഗമാകാന്‍ വിവിധ കോളെജുകളില്‍ പഠിയ്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ഒരുക്കുന്നു. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 26-ാം തീയതി തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് കോഴിക്കോട് പാളയം അളകാപുരി ഹോട്ടലില്‍ വെച്ച് ചേരുന്ന യോഗത്തില്‍ പങ്കെടുക്കാവുന്നതാണ്.
കോഴിക്കോട് കടപ്പുറത്ത് വെച്ച് ജനുവരി 10 മുതല്‍ 13 വരെയാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. കലയുടെയും സാഹിത്യത്തിന്റെയും നാല് ദിവസം നീളുന്ന മാമാങ്കത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അനേകമാളുകള്‍ പങ്കെടുക്കുന്നു. കോഴിക്കോട് കടപ്പുറത്ത് വെച്ച് നാല് വേദികളിലായി നടക്കുന്ന കെ.എല്‍.എഫിന്റെ ഫെസ്റ്റിവല്‍ ഡയറക്ടര്‍ സാഹിത്യകാരനായ കെ.സച്ചിദാനന്ദനാണ്.
സമകാലിക കലാരാഷ്ട്രീയസാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിക്കുന്നതിനായി ദേശീയഅന്തര്‍ദ്ദേശീയ തലത്തിലുള്ള നൂറുകണക്കിന് എഴുത്തുകാര്‍, ചിന്തകര്‍, കലാകാരന്മാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, തത്ത്വചിന്തകര്‍ എന്നിവരാണ് കെ.എല്‍.എഫിനൊപ്പം ഒന്നിക്കുന്നത്. പുസ്തക പ്രദര്‍ശനം, ഫിലിം ഫെസ്റ്റിവല്‍, ഫോട്ടോ എക്‌സിബിഷന്‍, തുടങ്ങി നിരവധി സാംസ്‌കാരിക പരിപാടികള്‍ കെ.എല്‍.എഫിന്റെ ഭാഗമാണ്. സാഹിത്യോത്സവത്തിനോട് അനുബന്ധിച്ച് നടക്കുന്ന ചലച്ചിത്രമേള ക്യുറേറ്റ് ചെയ്യുന്നത് ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണും ഫിലിം എഡിറ്ററുമായ ബീനാപോളാണ്.
കലാസാംസ്‌കാരികസാഹിത്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രാമുഖ്യം നല്‍കുന്ന യൂറോപ്പിലെ വെയ്ല്‍സില്‍ നിന്നുള്ള എഴുത്തുകാരും ചിന്തകരുമാണ് കെ.എല്‍.എഫിന്റെ ഇത്തവണത്തെ പ്രധാന അതിഥികള്‍. വെല്‍ഷ് സാഹിത്യത്തിലെ കൃതികളും എഴുത്തുകാരും കലാസാംസ്‌കാരിക പ്രവര്‍ത്തകരുടെയും സജീവസാന്നിദ്ധ്യം കെ.എല്‍.എഫില്‍ ഉടനീളമുണ്ടാകും. കൂടാതെ അമേരിക്ക, ഇംഗ്ലണ്ട്, ജര്‍മ്മനി, ബെല്‍ജിയം, കാനഡ, സ്‌പെയ്ന്‍, ശ്രീലങ്ക തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്നുള്ള വിശിഷ്ടാതിഥികളും എത്തുന്നു.
കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി വിദ്യാര്‍ത്ഥികള്‍ വിളിക്കേണ്ട നമ്പര്‍: 9645472470, 9895704007, 9747567176
Comments are closed.