DCBOOKS
Malayalam News Literature Website

#KLF 2019 ഖവാലി സംഗീതസന്ധ്യയോടെ സാംസ്‌കാരിക പരിപാടികള്‍ക്ക് തുടക്കം

ഡി.സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് കടപ്പുറത്ത് വെച്ച് സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ സാംസ്‌കാരിക പരിപാടികള്‍ക്ക് സംഗീതസാന്ദ്രമായ തുടക്കം. സഹൃദയരുടെ മനംകീഴടക്കി പ്രശസ്ത സംഗീതജ്ഞന്‍ അഷ്‌റഫ് ഹൈദ്രോസും സംഘവും അവതരിപ്പിച്ച ഖവാലി സംഗീതവിരുന്ന് ഏറെ ശ്രദ്ധനേടി. ഇന്നലെ വൈകിട്ട് ആറ് മണിക്ക് ആരംഭിച്ച ഖവാലിയില്‍ അനേകം കലാസ്വാദകര്‍ പങ്കെടുത്തു.

13-ാം നൂറ്റാണ്ടോടെ രൂപപ്പെട്ടതായി കരുതുന്ന ഖവാലി സംഗീതം ഇന്ത്യയും പാകിസ്ഥാനും അതിര്‍ത്തി പങ്കുവെക്കുന്ന പഞ്ചാബ്-സിന്ധ് മേഖലകളിലാണ് കൂടുതലും പരിപോഷിപ്പിക്കപ്പെട്ടത്.ഇന്ന് ലോകത്ത് അറിയപ്പെടുന്ന ഖവാലി സംഗീതജ്ഞരില്‍ ഭൂരിഭാഗവും പാകിസ്ഥാനി സംഗീതജ്ഞരാണ്. ഖവാലിയെ ആദ്യമായി ലോകത്തിന് മുന്നിലത്തെിച്ച് അതിന്റെ അതിശയകരമായ സാന്നിധ്യം ലോകസംഗീതാരാധകര്‍ക്ക് തുറന്നുകൊടുത്തത് നുസ്രത്ത് ഫത്തേ അലിഖാനാണ്.

ഇന്ത്യയില്‍ ഉത്തര്‍പ്രദേശിലെ പട്യാലയില്‍ ജനിച്ച സംഗീതജ്ഞനും കവിയുമായ അമീര്‍ ഖുസ്രുവാണ് ഖവാലി സംഗീതത്തിന്റെ ഉപജ്ഞാതാവ്. ഇന്ത്യയിലും പാകിസ്ഥാനിലും പ്രശസ്തമായ ഗസലും ഇദ്ദേഹത്തിന്റെ സൃഷ്ടിയാണ്. ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തില്‍ പേഴ്സ്യന്‍, അറബിക്, ടര്‍ക്കിഷ് അംശങ്ങള്‍ ചേര്‍ന്ന് കാലാകാലങ്ങളായി വികസിച്ചുവന്ന സൂഫി സംഗീതശാഖയാണ് ഖവാലി. ഹിന്ദുസ്ഥാനി സംഗീതം ആസ്വദിക്കാന്‍ വലിയ താല്‍പര്യമില്ലാത്ത സാധാരണക്കാര്‍ക്കും ആസ്വദിക്കാവുന്നതരത്തില്‍ ജനപ്രിയമായാണ് ഖവാലിയുടെ രൂപകല്‍പന. മലയാളത്തിലും ഇതിന്റെ ചുവടുപിടിച്ച് ചില ഗാനങ്ങള്‍ ഉണ്ടായിട്ടുണ്ട്.

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഔദ്യോഗികമായ ഉദ്ഘാടനം ജനുവരി പത്താം തീയതി വൈകിട്ട് ആറ് മണിക്ക് ജ്ഞാനപീഠ ജേതാവും മലയാളത്തിന്റെ പ്രിയ എഴുത്തുകാരനുമായ ശ്രീ. എം.ടി വാസുദേവന്‍ നായര്‍ നിര്‍വ്വഹിക്കും. സമകാലിക കലാ-സാഹിത്യ-സാംസ്‌കാരിക-സാമൂഹിക വിഷയങ്ങളില്‍ സജീവമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കി ഡി.സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ജനുവരി 10 മുതല്‍ 13 വരെ കോഴിക്കോട് കടപ്പുറത്ത് വെച്ചാണ് ഏഷ്യയിലെ രണ്ടാമത്തെ വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ അരങ്ങേറുന്നത്. രാജ്യാന്തര തലത്തില്‍ ശ്രദ്ധനേടിയ നിരവധി പ്രഗത്ഭരായ എഴുത്തുകാരും ചിന്തകരും ഈ സാഹിത്യോത്സവത്തില്‍ പങ്കെടുക്കുന്നു.

കാലിക വിഷയങ്ങളും സാഹിത്യവും കലയും എല്ലാം ചര്‍ച്ചയാകുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ താത്പര്യമുള്ള എല്ലാ സഹൃദയര്‍ക്കും പങ്കുചേരാം.

കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക

Comments are closed.