DCBOOKS
Malayalam News Literature Website

#KLF നാലാം പതിപ്പിനെ കുറിച്ച് ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ.സച്ചിദാനന്ദന്‍ എഴുതുന്നു

“വിവിധ സ്ഥാപനങ്ങളുടെയും സംസ്ഥാനസര്‍ക്കാരിന്റെയും സഹകരണത്തോടെ ഡി.സി കിഴക്കെമുറി ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ നാലാം പതിപ്പിലേക്ക് ഏവരെയും സസന്തോഷം സ്വാഗതം ചെയ്യുന്നു. കേരളത്തിലെ സാഹിത്യോത്സവസംസ്‌കാരത്തിന് തുടക്കം കുറിച്ച കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ജനങ്ങളുടെ പങ്കാളിത്തം, ഉളളടക്കത്തിന്റെ വ്യാപ്തി, നിലവാരം, വൈവിധ്യം എന്നിവകൊണ്ട് കുറഞ്ഞകാലംകൊണ്ടുതന്നെ ആഗോളശ്രദ്ധ ആകര്‍ഷിച്ചുകഴിഞ്ഞു. ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമുള്ള എഴുത്തുകാരുടെയും ചിന്തകരുടെയും ആത്മാര്‍ത്ഥമായ സഹകരണവും തങ്ങള്‍ ആരാധിക്കുന്ന സാഹിത്യകാരന്മാരെയും ബൗദ്ധികരംഗത്ത് വിരാജിക്കുന്നവരെയും കാണാനുള്ള സദസ്യരുടെ താത്പര്യവും സംഘാടകരുടെ ഊര്‍ജ്ജവുമില്ലെങ്കില്‍ ഈ നേട്ടം കൈവരിക്കാന്‍ കഴിയുമായിരുന്നില്ല.

കെ.എല്‍.എഫ്. ഏഷ്യയിലെ രണ്ടാമത്തെ സാഹിത്യോത്സവമായി മാറിയതില്‍ അത്ഭുതപ്പെടാനില്ല. അക്ഷരാര്‍ത്ഥത്തില്‍ ഇത് ജനങ്ങളുടെ ഉത്സവം തന്നെയാണ്. എല്ലാ ശബ്ദങ്ങളെയും നിറങ്ങളെയും ആഘോഷിക്കുന്ന കെ.എല്‍. എഫ്. ജനാധിപത്യത്തിന്റെ വര്‍ണ്ണാഭമായ ലോകത്തേക്കാണ് സമൂഹത്തെ കൈപിടിച്ചുയര്‍ത്തുന്നത്. കല, സാഹിത്യം, രാഷ്ട്രീയം, സിനിമ, ഫിലോസഫി, പരിസ്ഥിതി തുടങ്ങിയ നിരവധി വിഷയങ്ങള്‍ കെ.എല്‍.എഫ്. വേദിയെ ശബ്ദമുഖരിതമാക്കുമെന്നുറപ്പ്. നാലാംപതിപ്പിന് നിരവധി പ്രത്യേകതകളുണ്ട്. പരിപാടിയിലെ എല്ലാ ചര്‍ച്ചകളുടെയും കേന്ദ്രപ്രമേയം ബഹുസ്വരതയും വൈവിധ്യവുമാണ്. ഏതൊരു ജനാധിപത്യ സങ്കല്പത്തിന്റെയും മൗലിക ഘടകം എന്ന നിലയിലും അധീശത്വ ശക്തികള്‍ സാംസ്കാരിക ഏകീകരണത്തിനു കിണഞ്ഞുപരിശ്രമിക്കുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രത്യേകിച്ചും ഈ ബഹുസ്വരതയ്ക്ക് നിര്‍ണ്ണായക പ്രാധാന്യം ഉള്ളതായി ഞങ്ങള്‍ കരുതുന്നു.

അടുത്തകാലത്തായി ഇല്ലാതായിക്കൊണ്ടിരിക്കുന്ന സൗഹാര്‍ദ്ദപരമായ സംവാദത്തിനും ഭിന്നാഭിപ്രായത്തിനും ചര്‍ച്ചകള്‍ക്കുമായുള്ള പൊതുവേദിക്കാണ് കെ. എല്‍.എഫ്. രൂപം നല്‍കിയത്. മലയാളത്തിലെ മൂന്നുതലമുറകളിലെ എഴുത്തുകാര്‍ക്ക് സംഗമിക്കാനും സംവദിക്കാനും ഭാഷാശൈലിയിലും സംവേദനക്ഷമതയിലും അടുത്തകാലത്തായി ഉണ്ടായ മാറ്റങ്ങളെക്കുറിച്ച് അപഗ്രഥനം നടത്താനുമുള്ള വേദി കൂടിയാണിത്. കേരളത്തിലെ ചിന്തകന്മാര്‍ക്കും എഴുത്തുകാര്‍ക്കും ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലും വിദേശരാജ്യങ്ങളിലുമുള്ള സമകാലികരുമായി ഇടപഴകാനും അവസരമൊരുക്കുന്നു.

ഇത്തവണ ഞങ്ങള്‍ വെയ്ല്‍സിലെ സാഹിത്യത്തിന്റെകാഴ്ചകളാണ് ഒരുക്കുന്നത്. വെയ്ല്‍സ് എഴുത്തുകാരന്മാരുമായി സംസാരിക്കാനും ചര്‍ച്ച നടത്താനും അവസരമൊരുക്കുന്നു. കൂടാതെ ഏഷ്യ, അമേരിക്ക, യൂറോപ്പ് വന്‍കരകളിലെ ശ്രീലങ്ക, സ്‌പെയ്ന്‍, സ്വീഡന്‍, ബെല്‍ജിയം, ചെക് റിപ്പബ്ലിക്, അമേരിക്ക തുടങ്ങിയ വ്യത്യസ്ത രാജ്യങ്ങളില്‍നിന്നായി നിരവധി എഴുത്തുകാരും പണ്ഡിതരും ഇത്തവണത്തെ കെ.എല്‍.എഫില്‍പങ്കെടുക്കാനെത്തുന്നു. അവര്‍ക്കൊപ്പം ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലെ ബുദ്ധിജീവികളും ആക്ടിവിസ്റ്റുകളും എഴുത്തുകാരുമായ രാമചന്ദ്ര ഗുഹ, അരുന്ധതി റോയി, ഹര്‍ഷ് മന്ദിര്‍, സ്വാമി അഗ്‌നിവേശ്, ശശി തരൂര്‍, ജീത് തയ്യില്‍, പി. സായ്‌നാഥ്, മികി ദേശായ്, അനിത നായര്‍,കരണ്‍ ഥാപര്‍, കേകി ദാരുവല്ല, ദേവ്ദത്ത് പട്‌നിക്, മനു എസ്. പിള്ള, റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍, റസൂല്‍ പൂക്കുട്ടി, ഗൗര്‍ ഗോപാല്‍ദാസ്, അമീഷ് ത്രിപാഠി തുടങ്ങിയവരും കവികള്‍, എഴുത്തുകാര്‍, രാഷ്ട്രീയ ചിന്തകര്‍, കലാകാരന്മാര്‍, കാര്‍ട്ടൂണിസ്റ്റുകള്‍, വിമര്‍ശകര്‍, പരിഭാഷകര്‍, സാമൂഹികപ്രവര്‍ത്തകര്‍, സിനിമ പ്രവര്‍ത്തകര്‍, നടന്മാര്‍, നിയമവിദഗ്ധര്‍, മാധ്യമപ്രവര്‍ത്തകര്‍, കേരളത്തിലെ മൂന്നു തലമുറയില്‍പ്പെട്ട പത്രപ്രവര്‍ത്തകര്‍ എന്നിവരും ഒത്തുചേരുന്നു. സമകാലിക ശാസ്ത്രത്തെക്കുറിച്ച് ഇന്ത്യയിലെ പ്രശസ്ത ശാസ്ത്രജ്ഞരുടെ ചര്‍ച്ചകളുമുണ്ട്.

ഇക്കുറി ഇന്ത്യന്‍ സാഹിത്യത്തില്‍ പുതിയ പരമ്പരതന്നെ ഞങ്ങള്‍ അവതരിപ്പിക്കുന്നു. അതുവഴി ഇന്ത്യന്‍സാഹിത്യത്തെക്കുറിച്ച് വിശാലതലത്തിലുള്ള ചര്‍ച്ചകള്‍ക്ക് വഴിതുറക്കാനാണ് ആഗ്രഹിക്കുന്നത്. ഇത്തവണ മറാത്തി ഭാഷയ്ക്കാണ് ഊന്നല്‍ നല്‍കുന്നത്. നാടകകൃത്തുക്കള്‍, കവികള്‍, നോവലിസ്റ്റുകള്‍, വിമര്‍ശകര്‍, ഗദ്യരചയിതാക്കള്‍ തുടങ്ങിമറാത്തി ഭാഷയിലെ പ്രമുഖരായ 12 എഴുത്തുകാരെയാണ് ഞങ്ങള്‍ അവതരിപ്പിക്കുന്നത്. സിതാകാന്ത് മഹാപത്ര (ഒറിയ), പ്രതിഭാ റായ് (ഒഡിയ), ബാലചന്ദ്രനേമാഡെ
(മറാത്തി),എം. ടി. വാസുദേവന്‍ നായര്‍ (മലയാളം) എന്നിങ്ങനെ നാലു ജ്ഞാനപീഠ ജേതാക്കള്‍ പങ്കെടുക്കുന്നു. വടക്കുകിഴക്കന്‍ മേഖലകള്‍ക്കും പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് അഞ്ച് എഴുത്തുകാരാണ് എത്തുന്നത്. കന്നഡ-ഹിന്ദി ഭാഷകളില്‍നിന്നും എഴുത്തുകാ
രുണ്ട്. ത്രിദിന കവിത വിവര്‍ത്തന പരിശീലന ശില്പശാലയും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. പരിപാടിയില്‍ ലോകരാജ്യങ്ങളിലെ സാഹിത്യകാരന്മാരുടെ സജീവസാന്നിധ്യവും ഉണ്ടായിരിക്കും. ശില്പശാലയില്‍ വിവര്‍ത്തനം ചെയ്ത രചനകള്‍ മേളയില്‍ അവതരിപ്പിക്കും.

ബീന പോളിന്റെ മേല്‍നോട്ടത്തില്‍ ഫിലിം ഫെസ്റ്റിവലും സംഘടിപ്പിക്കുന്നുണ്ട്. ഇന്ത്യയിലും വിദേശത്തും സ്ത്രീ സംവിധായകരുടെ സിനിമകള്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും. അതിനോടനുബന്ധിച്ച് എല്ലാ വൈകുന്നേരവും ഇന്ത്യയിലെയും വിദേശത്തെയും കലാകാരന്മാരും സംഗീതജ്ഞരും അണിനിരക്കുന്ന സാംസ്‌കാരിക പരിപാടികളുമുണ്ടാകും. ലിറ്റററി ഫെസ്റ്റിന്റെ ഭാഗമായി പുസ്തകപ്രദര്‍ശനവും ഒരുക്കുന്നുണ്ട്. ദേശസങ്കല്പത്തെ സംബന്ധിച്ച ഏകശിലാത്മകമായ ആശയങ്ങളെ ശക്തമായി എതിര്‍ക്കുന്ന, രാഷ്ട്രീയത്തിലെയും സൗന്ദര്യശാസ്ത്രത്തിലെയും സ്ഥാപിതപരികല്പനങ്ങളെ ചോദ്യംചെയ്യുന്ന, കലയുടെ മൂല്യം ഉയര്‍ത്തിപ്പിടിക്കുന്ന, സാഹിത്യത്തോട് പ്രഖ്യാപിത-അപ്രഖ്യാപിത ഭ്രഷ്ട് കല്പിക്കുന്ന ഇരുണ്ട കാലത്തോട് കലഹിച്ചുകൊണ്ട് നമ്മുടെ സാംസ്‌കാരിക വൈവിധ്യത്തെ ആഘോഷമാക്കാം. 2019-ലെ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലേക്ക് ഒരിക്കല്‍ കൂടി സ്വാഗതം.”

 കെ. സച്ചിദാനന്ദന്‍

 

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക്  രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വെബ്‌സൈറ്റ് മുഖേനയും കേരളത്തിലുടനീളമുള്ള ഡി.സി ബുക്സ്- കറന്റ് ബുക്‌സ് ശാഖകളിലൂടെയും രജിസ്റ്റര്‍ ചെയ്യാം.

 

കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക

Comments are closed.