കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ഫെബ്രുവരിയില്‍ തുടക്കമാകും
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ഫെബ്രുവരിയില്‍ തുടക്കമാകും. ഫെബ്രുവരി 8,9,10,11 തീയതികളിലായി കോഴിക്കോട് ബീച്ചിലാണ് സാഹിത്യോത്സവം നടക്കുക. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്‍ കേരള സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെയും സ്വകാര്യസ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടത്തുന്ന കെഎല്‍എഫിന്റെ മൂന്നാമത് പതിപ്പിനാണ് 2018ല്‍ തുടക്കമാകുന്നത്. പുസ്തകോത്സവമോ പുസ്തകപ്രദര്‍ശനങ്ങളോ ഇല്ലാത്ത ഈ സാഹിത്യോത്സവത്തില്‍ വായനക്കാര്‍ക്ക് അവരുടെ പ്രിയപ്പെട്ട എഴുത്തുകാരുമായി സംവദവിവാദങ്ങളില്‍ ഏര്‍പ്പെടാനും വിഭിന്ന വീക്ഷണങ്ങളും പ്രത്യയശാസ്ത്രങ്ങളും പങ്കുവെക്കാനുമുള്ള ഇടമാണ് കെഎല്‍എഫ് 2018 ലൂടെ ഡി സി കിഴക്കെമുറി ഫൗണ്ടേഷന്‍ ഒരുക്കുന്നത്.
സച്ചിദാനന്ദന്‍ ആണ് മൂന്നാം പതിപ്പിനും നേതൃത്വം വഹിക്കുന്നത്. രാജ്യം അഭിമുഖീകരിക്കുന്ന അസഹിഷ്ണുതയാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മുഖ്യപ്രമേയം. ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടിയുള്ള ശബ്ദങ്ങള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ബ്രസീലിയന്‍ എഴുത്തുകാരന്‍ പൗലോ കൊയ്‌ലോയുടെ ജീവിതത്തെയും കൃതികളെയും ആസ്പദമാക്കിയുള്ള ചിത്ര-ഫോട്ടോ പ്രദര്‍ശനം, കേരളത്തിലെ ഇല്ലാതാവുന്ന തനതുരുചിഭേദങ്ങളുടെ പാചകോത്സവം, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും എഴുത്തുകാരുമായി പ്രത്യേകവേദി. ചലച്ചിത്രപ്രദര്‍ശനം തുടങ്ങിയവയും കെഎല്‍എഫിന്റെ പ്രത്യേകതയാണ്. ആസ്‌ട്രേലിയ, ലാറ്റ്‌വിയ, ശ്രീലങ്ക, അയര്‍ലന്റെ് തുടങ്ങിയ
വിദേശ വിദേശരാജ്യങ്ങളിലെയുള്‍പ്പെടെ 350 ലേറെ എഴുത്തുകാരും ചിന്തകരും സാമൂഹികപ്രവര്‍ത്തകരും പങ്കെടുക്കും. അതിഥി രാജ്യം എന്ന നിലയില്‍ അയര്‍ലണ്ടില്‍ നിന്ന് ഒട്ടേറെ എഴുത്തുകാരും കലാകാരന്മാരും പ്രത്യേകവിഭാഗമായിത്തന്നെ പങ്കെടുക്കും.
സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായുള്ള രജിസ്‌ട്രേഷന്‍ ഡിസംബര്‍ 10 ന് ആരംഭിക്കും.
കൂടുല്‍ വാര്‍ത്തകള്‍ക്ക്; http://www.keralaliteraturefestival.com/ ; www.dcbooks.com
Comments are closed.