DCBOOKS
Malayalam News Literature Website

KLF-2018 സ്വാഗതസംഘം രൂപീകരണയോഗം ഡിസംബര്‍ 22 ന്

 

ലോകത്തെ പ്രമുഖ സാഹിത്യോത്സവങ്ങളുടെ മാതൃകയില്‍  ഡി സി കിഴക്കേമുറി ഫൗണ്ടേഷന്‍        വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍  എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന  കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ(#KLF_2018) മൂന്നാമത് പതിപ്പിന് ജനകീയ സഹകരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സ്വാഗതസംഘ രൂപീകരണയോഗം ചേരുകയാണ്. ഡിസംബര്‍ 22 ന് വെള്ളിയാഴ്ച വൈകീട്ട് നാലിന് കോഴിക്കോട് ബീച്ചിലുള്ള സാഹിത്യോത്സവവേദിയില്‍ എ.പ്രദീപ് കുമാര്‍ എം എല്‍ എയുടെ അധ്യക്ഷതയിലാണ് യോഗം.

കോഴിക്കോട് ബീച്ചില്‍ 2018 ഫെബ്രുവരി 8,9,10,11 തീയതികളിലായാണ് മൂന്നാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നടക്കുന്നത്. മലയാളത്തിലെ പ്രശസ്ത കവിയും നിരൂപകനുമായ കെ സച്ചിദാനന്ദനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍. മുന്‍വര്‍ഷങ്ങളിലെപ്പോലെ പുസ്തകോത്സവമോ പുസ്തകപ്രദര്‍ശനങ്ങളോ ഇല്ലാത്ത ഈ സാഹിത്യോത്സവത്തില്‍ വായനക്കാര്‍ക്ക് അവരുടെ പ്രിയപ്പെട്ട എഴുത്തുകാരുമായി സംവദ-വിവാദങ്ങളില്‍ ഏര്‍പ്പെടാനും വിഭിന്ന വീക്ഷണങ്ങളും പ്രത്യയശാസ്ത്രങ്ങളും പങ്കുവെക്കാനുമുള്ള ഇടമാണ് #KLF- 2018.

രണ്ടു വര്‍ഷം കൊണ്ടുതന്നെ ഏഷ്യയിലെ എറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ മാറിക്കഴിഞ്ഞു. ആസ്‌ട്രേലിയ, ജര്‍മ്മനി, ലാറ്റ്‌വിയ, ശ്രീലങ്ക തുടങ്ങിയ വിദേശരാജ്യങ്ങളിലെയുള്‍പ്പെടെ 350 ലേറെ എഴുത്തുകാരും ചിന്തകരും സാമൂഹികപ്രവര്‍ത്തകരുമാണ് സാഹിത്യോത്സവത്തിന്റെ മൂന്നാം പതിപ്പില്‍ പങ്കെടുക്കുന്നത്. ചലച്ചിത്ര പ്രദര്‍ശനം, ചിത്ര പ്രദര്‍ശനം, പാചകോത്സവം എന്നിവയും ഒരുക്കിയിട്ടുണ്ട്.

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനെ ലോകോത്തര സാഹിത്യോത്സവമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാകാന്‍ താല്പര്യമുള്ള സാഹിത്യ പ്രേമികള്‍ക്ക് യോഗത്തില്‍ പങ്കാളികളാകാം.

Comments are closed.