DCBOOKS
Malayalam News Literature Website

ജീവിതവും നാടകയാത്രകളും

ഒക്ടോബർ ലക്കം പച്ചക്കുതിരയില്‍

കെ. ജെ. ബേബി

വല്ലപ്പോഴും ഗ്രാമങ്ങളിലെത്താറുള്ള ചെറിയ സര്‍ക്കസ്സുകാരെപ്പോലെ, വഴിപാടുകാരേപ്പോലെ നമ്മളും പോകുന്നു. ഗ്രാമങ്ങളിലേക്കു ബസുകള്‍ കുറവായതുകൊണ്ട് മിക്കവാറും നടക്കേണ്ടിവരും. ആ ഗ്രാമത്തില്‍ ചെന്ന് അവിടത്തെ വേണ്ടപ്പെട്ടവരെകണ്ട് കലപാരിപാടികള്‍ അവതരിപ്പിക്കാനുള്ള ഇടം കണ്ടെത്തുന്നു. പിന്നെ, വീടുകള്‍കയറി, വീട്ടുകാരെ പരിചയപ്പെട്ട്, വയനാട് പാടി അവരെ നമ്മുടെ കലാപരിപാടികള്‍ക്കായി ക്ഷണിക്കുന്നു. അവിടന്ന് കിട്ടാവുന്ന വെളിച്ചങ്ങളുടെ സാധ്യതകളില്‍ നമ്മുടെ കലാപരിപാടികള്‍ അവതരിപ്പിക്കുന്നു. കലാസ്വാദകര്‍ തരുന്ന സംഭാവനകള്‍ സന്തോഷത്തോടെ സ്വീകരിക്കുന്നു. : കെ. ജെ. ബേബി ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 1 ന് അന്തരിച്ചു. മരണത്തിന് ഏതാനും മാസം മുമ്പ് അദ്ദേഹം എഴുതിപ്പൂര്‍ത്തിയാക്കിയ അപ്രകാശിതമായ ആത്മകഥയില്‍നിന്ന്.

ഞാൻ ജനിച്ചു വളിർന്നത് കണ്ണൂർ ജില്ലയിലെ പേരാവൂരടുത്തുള്ള മാവടി എന്ന ഗ്രാമത്തിലാണ്. 1920 കളുടെ അവസാനത്തോടെ മലബാറിലേക്കു കുടിയേറിയ ഇടത്തരം കർഷകകുടുംബമാണ് ഞങ്ങളുടേത്. അപ്പൻ കൊച്ചുപൂവത്തുംമൂട്ടിൽ ജോസഫ്. അമ്മ വട്ടംതൊട്ടിയിൽ ത്രേസ്യാമ്മ. 1954-ലാണ് ഞാൻ ജനിക്കുന്നത്.

എന്റെ ചെറുപ്പകാലത്തേ അപ്പൻ മരിച്ചുപോയിരുന്നു. അമ്മയാണ് ഞങ്ങളെ വളർത്തിയത്. തൊണ്ടിയിലെ സ്‌കൂളിലായിരുന്നു പഠിച്ചത്. അതിനുശേഷം ബോംബെയിലെ ഒരു ടെക്‌നിക്കൽ സ്‌കൂളിൽ പഠനം തുടർന്നു. ഇക്കാലത്ത് എന്റെ ചേച്ചിയുടെ വിവാഹവുമായി ബന്ധപ്പെട്ട സാമ്പത്തികാവശ്യത്തിന് മാവടിയിലുള്ള ഞങ്ങളുടെ സ്ഥലവും വയനാട്ടിലുള്ള ഒരു സ്ഥലവുമായി വെച്ചുമാറൽ കച്ചവടം നടത്തേണ്ടിവന്നു. ഒരാഴ്ചത്തേക്കു ലീവെടുത്ത് ഞാനും കുടുംബത്തിലേക്കെത്തി. വയനാട്ടിലെ വള്ളിയൂർക്കാവിനടുത്തുള്ള താന്നിക്കൽ എന്ന സ്ഥലത്തായിരുന്നു ഞങ്ങളുടെ പുതിയ വീടും പറമ്പും.

സാമാന്യം വലിപ്പമുള്ള വീട്. മുന്നിൽ വിസ്തൃതമായ വേമോം പാടം. കോടമഞ്ഞ്. കാപ്പിപ്പൂക്കൾ. പുഴ. വ്യത്യസ്തരായ മനുഷ്യർ. എല്ലാംകൊണ്ടും പുതിയ Pachakuthira Digital Editionസ്ഥലത്തെത്തിയ സന്തോഷം.

മനോഹരമായ ആ സ്ഥലത്തുനിന്നും ബോംബെയിലേക്കു തിരികെ പോകാൻ മടിതോന്നി. വീട്ടുകാരും നിർബന്ധിച്ചില്ല. അമ്മയും നേരേ മൂത്ത സഹോദരൻ പാപ്പച്ചിയും ഇളയ സഹോദരി പഞ്ചിയുംമാത്രമേ വയനാട്ടിലേക്ക് വന്നിട്ടുള്ളൂ. അവർക്കും പുതിയ നാടും ചുറ്റുപാടുകളും അയല്ക്കാരും പള്ളിയും കടകളും കാലാവസ്ഥയും എല്ലാം പുതിയതായിരുന്നു. ഒരു മാസം വൈകിയാണ് ഞാൻ ബോംബെയിലേക്കു പോയത്. വൈകിയതിനാൽ സ്ഥാപനത്തിൽനിന്നും പുറത്താക്കി. സന്തോഷത്തോടെ ഞാൻ തിരിച്ച് വയനാട്ടിലെത്തി. വീട്ടുകാർക്കും സന്തോഷമായി.

കൃഷിയിൽ കുടുംബത്തിനെ സഹായിച്ചും ഞായറാഴ്ചകളിലും പെരുന്നാൾ ദിവസങ്ങളും ഇടവകപ്പള്ളിയിലെ പയ്യമ്പള്ളി പള്ളിയിൽ പോയി പാട്ടുകൾ പാടാൻ കൂടിയും പുതിയ കൂട്ടുകാരോടൊപ്പം വോളിബോൾ കളിച്ചും മാനന്തവാടിയിലെ സണ്ണി എന്ന കൂട്ടുകാരൻ തരുന്ന പുസ്തകങ്ങൾ വായിച്ചും കഴിയവേ ചെറുതായി എഴുതാനും തുടങ്ങി. പള്ളിയുമായി ബന്ധപ്പെട്ട കലാമത്സരങ്ങളിൽ അവതരിപ്പിക്കാനായി ചെറിയ പാട്ടുകൾ എഴുതുന്നതിനൊപ്പം “ബന്ധങ്ങളേ വിട’ എന്ന അരമണിക്കൂർ നാടകം എഴുതുകയും സംവിധാനം ചെയ്യുകയും പല സമ്മാനങ്ങൾ നേടുകയും ചെയ്തു. ഇതുകൾക്കിടയിൽ വയൽക്കരയിലുള്ള അടിയോരിൽ ചിലരുമായി പരിചയത്തിലായി.

വയനാട്ടിലെ ആദിവാസികളിൽ ഒരു വിഭാഗമാണ് അടിയോർ. മിക്ക രാത്രികളിലും കേൾക്കാറുള്ള അടിയോരുടെ വാദ്യോപകരണമായ “തുടി’ കാണാനായാണ് ഞാൻ ആദ്യമായി അവരുടെ വീട്ടിലേക്കു ചെന്നത്. നല്ല വൃത്തിയുള്ള പുല്ലുമേഞ്ഞ ചെറിയ പുരകൾ. മാതപ്പെരുമനെന്ന മൂപ്പനുമായി പരിചയത്തിലായി. അന്നത്തെ വടക്കേ വയനാട് എം.എൽ.എ ആയിരുന്ന എം. വി. രാജൻമാസ്റ്ററുടെ മൂത്തസഹോദരനാണ് മാതപ്പെരുമൻ. അദ്ദേഹം എനിക്ക് തുടി കാണിച്ചുതന്നു. അടിയോരെക്കുറിച്ച് കുറച്ച് കാര്യങ്ങൾ പറഞ്ഞുതന്നു. സ്വന്തമായി ഭാഷയും വേഷവും വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും ഉള്ളവരാണ് അടിയോർ.

സ്വന്തമായി കൃഷിയിടങ്ങൾ ഇല്ലാത്ത കർഷകത്തൊഴിലാളികളാണ്. അദ്ദേഹത്തിനെ കാണാനായുള്ള പോക്കുവരവുകൾക്കിടയിൽ അവിടത്തെ കുറച്ച് കുഞ്ഞുങ്ങളുമായും പരിചയത്തിലായി. ആ കുട്ടികളിൽ പലർക്കും സ്‌കൂളിൽ പോകാനും പഠിക്കാനുമൊക്കെ താത്പര്യമുണ്ടെന്നറിഞ്ഞപ്പോൾ തൽക്കാലത്തേക്ക് എന്റെ വീട്ടിൽതന്നെ അവർക്കായി ചെറിയൊരു സാക്ഷരതാപരിപാടി തുടങ്ങി.

പൂര്‍ണ്ണരൂപം 2024 ഒക്ടോബർ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഒക്ടോബർ ലക്കം ലഭ്യമാണ്‌

കെ.ജെ. ബേബിയുടെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.