DCBOOKS
Malayalam News Literature Website

കിതാബ് മഹല്‍-എം.എ. റഹ്മാന്‍

ഞാനാദ്യമായി പത്തുകിതാബിന്റെ അകം കാണുകയായിരുന്നു. രാവുണ്ണിപൂമാര്‍ക്ക് ചുരുട്ടിന്റെ കീറിയെടുത്ത കൂടിന്റെ വിടര്‍ത്തിയ പുറത്ത് കട്ടിപ്പേന കൊണ്ട് രണ്ടു വാചക്രം തെളിഞ്ഞിരുന്നു:’ ഉപ്പാ, വെരുമ്പോള്‍ കിതാബ് കൊണ്ടുവരണ്ട. സുല്‍ഫത്തിനും എനിക്കും സ്‌കൂളില്‍ കൊടുക്കാന്‍ 200 ഉറുപ്യ കൊണ്ടരണം. റൈഫാന?’ തങ്ങള്‍ ഉപ്പാപ്പാ ഉറൂസിന്റെ പച്ചനിറമുള്ള കടലാസില്‍ ‘ഉറൂസിന് എന്തായാലും വെരണം ഉപ്പാ എന്റെ വാച്ചും കൊണ്ടരണം-മഹ്‌റുഫ്’ എന്നും വായിച്ചപ്പോള്‍ ഞാനറിയാതെ വിങ്ങിപ്പോയി.

ഒരെഴുത്തുകാരന്‍ രചനാവേളയില്‍ എന്തൊക്കെ പരീക്ഷണങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഞാന്‍ മനസ്സിലാക്കിയത് എന്റെ മദ്‌റസാജീവിതകാലത്താണ്. കണ്യാളങ്കരയില്‍ അന്ന് മദ്‌റസയും കിതാബ് മഹലും കുട്ടിയപ്പയുടെ ഓലച്ചായ്പും അന്തൂച്ചാന്റെ പീടികയുമല്ലാതെ മറ്റ് എടുപ്പുകളൊന്നുമുണ്ടായിരുന്നില്ല. നേരേ എതിര്‍വശത്ത്, ഒരു പത്തുവാര അകലെ, വേനല്‍ക്കാലത്ത് വറ്റിപ്പോവുകയും മഴക്കാലത്ത് നിറഞ്ഞൊഴുകുകയും ചെയ്യുന്ന ഒരു തോട്. അതിനുമപ്പുറം നെടുനീളത്തില്‍ ശയിക്കുന്ന ഈര്‍ച്ചവാളിന്റെ പല്ലുകള്‍
പോലുള്ള നീലമലകളാണ.് പകല്‍ മദ്‌റസ വിട്ടാല്‍ കുറച്ചുനേരം കുട്ടിയപ്പയുടെ സമോവാറിലെ തീയിന്റെ വീര്‍പ്പും പുകയും നോക്കി ഞാന്‍ അന്തംവിട്ട് നില്ക്കും.

‘കൊട്ടക്കണ്ണാ, നിന്റെ ഒര് നോട്ടം. എന്റെ സമോവാറ് പൊട്ടിപ്പോകും. നിലാവത്ത് എളക്കിയ കോയീന്റെ മാതിര്യാ നീ. തുറിച്ചുനോക്കാതെ പോ അവിടുന്ന്?’ കുട്ടിയപ്പ ആട്ടും. എന്റെ കൈയില്‍ ജീവിതത്തിലെ നന്മകള്‍മാത്രം രേഖപ്പെടുത്തിയ പത്തുകിതാബാണുള്ളതെന്ന് കുട്ടിയപ്പയ്ക്കറിയില്ലല്ലോ. ഈ ഗ്രന്ഥം നിത്യേന കിതാബ് മഹലില്‍ എത്തിക്കേണ്ടതു ഞാനാണ്. എന്റെ സ്വപ്നം എഴുത്തുകാരനാവുക എന്നതാണ്. കിതാബ് മഹലിനകത്തെ നൂറു കണക്കിന് പുസ്തകങ്ങള്‍ വായിക്കുക എന്നതാണ് എന്റെ ലക്ഷ്യം. കിതാബ് മഹലിലിരുന്ന് അതിന്റെ ബഹുവര്‍ണ്ണ ജാലകങ്ങളിലൂടെ തോടിനെയും നീലമലകളെയും നോക്കി വലിയ കിതാബുകള്‍ വായിക്കുവാന്‍ വിധിയുണ്ടാകുമെന്ന് ഞാന്‍ എപ്പോഴും കരുതി.

അന്തൂച്ചാന്റെ ഉപ്പിന്റെ പെട്ടിക്കുമുകളില്‍ സദാ ശയിക്കുന്ന വെള്ളപ്പൂച്ച ഇപ്പോള്‍ എന്നെ നോക്കി മ്യാവും. പത്തുകിതാബ് ഉയര്‍ത്തിപ്പിടിച്ച് വെള്ളപ്പൂച്ചയ്ക്ക് ഞാനൊരു സലാം കൊടുക്കും. ഉറക്കംതൂങ്ങുന്ന അന്തൂച്ചയാണ് അതുകേട്ടു ഞെട്ടിയുണര്‍ന്ന് സലാം മടക്കുക. മഖ്ബറയില്‍ കാക്കകള്‍ വന്നിരുന്ന് വര്‍ത്തമാനം പറയുന്നുണ്ടാകും. അവര്‍ക്കെന്നെയറിയാം. മഖ്ബറയില്‍ പ്രാര്‍ത്ഥിക്കാന്‍ വന്നവര്‍ ഉപേക്ഷിച്ചുപോയ അവിലും പൊരിയും ചിള്ളിപ്പെറുക്കി അവര്‍ മഖ്ബറയ്ക്ക് താഴേക്കു തത്തിയിറങ്ങുമ്പോള്‍ ഞാന്‍ പത്തുകിതാബുമായി മുകളിലേക്കു കയറും.

ഉസ്താദും ഞാനും ഒരേ ഗ്രാമത്തില്‍നിന്നാണ് കണ്യാളങ്കരയിലെത്തിയത്. വേണമെങ്കില്‍ രണ്ടുപേര്‍ക്കും ദിനേന പോയി വരാവുന്ന ദൂരമേയുള്ളൂ. തോട്ടില്‍ വെള്ളം പൊന്തുന്ന മഴക്കാലത്ത് തോടു മുറിച്ചുകടക്കുന്ന കുട്ടികളെ ഉസ്താദ് എടുത്തു കടത്തുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. അതിരാവിലെ ഒന്നും കഴിക്കാതെ മദ്‌റസയിലെത്തുന്ന കുട്ടികളെ കുട്ടിയപ്പയുടെ ഹോട്ടലില്‍ കൊണ്ടുപോയി പ്രാതല്‍ കഴിപ്പിക്കും ഉസ്താദ്. തോട്ടില്‍ വെള്ളം പൊന്തുമ്പോള്‍ അതിന്റെ കരയിലൂടെ അട്ടഹസിച്ചുകൊണ്ടോടുന്ന ഉസ്താദിനെയാണു കാണുക. അപ്പോള്‍ കുട്ടികള്‍ പേടിച്ചോടും. ആളുകള്‍ പറയും. ഉസ്താദിന് ബിലാഖാണ്. ബിലാഖ് എന്നാല്‍ ഭ്രാന്ത് എന്നാണര്‍ത്ഥമെന്ന് ഉസ്താദ് തന്നെ എന്നെ പഠിപ്പിച്ചിട്ടുണ്ട്. നാട്ടില്‍ പോയി വരുമ്പോള്‍ കുന്നിന്‍ മുകളില്‍നിന്ന് താഴേക്കുള്ള തിരിവിലെ തോട് തുടങ്ങുന്നേടത്തുവെച്ചാണ് ഞാനും ഉസ്താദും കണ്ടുമുട്ടുക. അപ്പോള്‍ പൊട്ടിച്ചിരിച്ചുകൊണ്ട് അദ്ദേഹം പറയും: ”ഒരു ചൂണ്ടയുണ്ടായിരുന്നെങ്കില്‍ നമുക്കീ തോട്ടിന്‍കരയില്‍ സുബഹി മുതല്‍ മഗ്‌രിബ് വരെ ഇരിക്കാമായിരുന്നു?” അങ്ങനെ ഞാനും ചിലപ്പോള്‍ ആഗ്രഹിച്ചിട്ടുണ്ട്. ഞങ്ങളുടെ ചിന്തകള്‍ക്കെല്ലാം സമാനതകളുണ്ടായിരുന്നു. അങ്ങനെയാണ് ഉസ്താദ് എപ്പോഴും എഴുതിക്കൊണ്ടിരിക്കുന്നത് ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഒരു പേനയും കറുത്ത മഷിയും കിട്ടിയാല്‍ എനിക്കും എഴുതാമായിരുന്നു എന്നു ഞാന്‍ ആഗ്രഹിച്ചു. ഒരിക്കല്‍ ഉസ്താദിന്റെ കറുത്ത മഷിയുള്ള പേന എനിക്കു തന്നു. അന്നു ഞാന്‍ എന്തെങ്കിലും കുത്തിക്കുറിക്കാന്‍ നോക്കി. നടന്നില്ല.

”നീ കിതാബ് മഹലിലേക്കു വന്നാല്‍ നിനക്ക് എഴുതാതിരിക്കാനാവില്ല. അപ്പോ നിനക്ക് ഈ പേന തികയാതെ വരും.”

ഒരിക്കല്‍ ഉസ്താദ് പറഞ്ഞപ്പോള്‍ ഞാനാകെ കോരിത്തരിച്ചു. ആ ദിവസമാണ് എന്റെ കൈയില്‍ പത്തുകിതാബ് ഏല്പിച്ച് എന്റെ കൂടെയുള്ളവരോട് ഉസ്താദ് പറഞ്ഞത്: ”ഇവനാണ് ഇത് കിതാബ് മഹലില്‍ എത്തിക്കാന്‍ യോഗ്യന്‍.”

അങ്ങനെയാണ് ഞാന്‍ പത്തു കിതാബ് കിതാബ്മഹലിലേക്കു കൊണ്ടുപോകാന്‍ നിയുക്തനായത്. അതിനകത്തെ ഇറയാലില്‍ ഒരു പോറലുമേല്പിക്കാതെ പത്തു കിതാബ് വെക്കേണ്ട ജോലി എന്റേതാണ്. അതുകഴിഞ്ഞ് മച്ചിന്റെ വാതിലടച്ച് കോവണിയിലെ ഇളകിയാടുന്ന പലകകളുടെ ശബ്ദം കേള്‍പ്പിക്കാതെ ഞാന്‍ ഉറങ്ങണം. അതാണ് ഉസ്താദിന്റെ കല്പന. ശബ്ദം കേട്ടുപോയാല്‍ പള്ളിയിലെ ഇമാം എന്നെ വിറപ്പിക്കും. കിതാബ് മഹലിലാണ് രാത്രി പഠിക്കാനുള്ള ദര്‍സ്. ഇമാമാണ് അവിടെ പഠിപ്പിക്കുന്നത്.

ഒച്ചയുണ്ടാക്കാതെ മച്ചിറങ്ങി മഖ്ബറയ്ക്കു മുമ്പിലെത്തിയപ്പോള്‍ ഉസ്താദ് മുന്നില്‍: ”കുഞ്ഞിമോനെ, ഈ സഫര്‍മാസത്തില്‍ നിനക്ക് പത്ത്കിതാബ് ഓതാം. അപ്പോള്‍ നിനക്ക് മച്ചിന്റെ മുകളിലെ കിതാബ് മഹലിലേക്കു കയറ്റം കിട്ടും?”

കയറ്റം കിട്ടുന്ന നാളിനായി ഞാന്‍ കാത്തിരുന്നു. അതിനിടയില്‍ എത്രയോ നാള്‍ ഞാന്‍ പത്തു കിതാബുമായി മച്ച് കയറി. ഒരിക്കല്‍ പോലും ഞാന്‍ പത്ത്കിതാബ് തുറന്നുനോക്കിയില്ല. അതിന്റെ പുരാതനമായ തുകല്‍ച്ചട്ടയില്‍ ഒരുപോറലുമേല്പിക്കാതെ, തുണിയുറപോലും അഴിച്ചുനോക്കാതെ, ഞാനതിനെ കൊണ്ടുനടന്നു. അപ്പോഴെല്ലാം ഉസ്താദിന്റെ കല്പനയാണ് ഞാന്‍ പാലിച്ചത്.

മച്ചിനു മുകളില്‍ മുമ്പില്‍വെച്ച മരപ്പലകയിലെ വെള്ളക്കടലാസിന്റെ കറുത്ത മഷിക്കുപ്പിയില്‍ പേന മുക്കി ഇമാം സദാ എന്തൊക്കെയോ എഴുതിക്കൊണ്ടിരിക്കും. പത്ത് കിതാബ് ഇറയാലില്‍ വെക്കുമ്പോള്‍ ഞാനാ കടലാസിലെ അക്ഷരങ്ങളിലേക്കു നോക്കും. എഴുത്തുമാത്രമല്ല കുത്തിവരകളും ഉണ്ടാകും. ഞാന്‍ കുനിഞ്ഞ് അവയെ നോക്കുമ്പോഴെല്ലാം ഇമാം എന്നെ രൂക്ഷമായി നോക്കി. അങ്ങനെ എഴുതാന്‍ കഴിയുന്ന ആ പേനയും മഷിക്കുപ്പിയും സ്വന്തമാക്കാന്‍ ഞാനാശിച്ചു. എനിക്കും ഇമാമിനെപ്പോലെ എഴുതുകയും വരയുകയും വേണം. എനിക്കും അദ്ദേഹത്തെപ്പോലെ തടിച്ച കിതാബുകള്‍ ഒറ്റയ്ക്കിരുന്ന് വായിക്കണം. എന്നാല്‍ തുറന്നുനോക്കാന്‍ അനുവാദമില്ലാത്ത വിരലിന്റെ വണ്ണംമാത്രമുള്ള പത്തുകിതാബ് ചുമക്കാന്‍ മാത്രമായിരുന്നു എന്റെ വിധി. ഞാനെഴുതുന്ന കടലാസില്‍നിന്ന് പൂമ്പാറ്റകള്‍ വിരിയുന്നതും പാമ്പുകള്‍ ഇഴഞ്ഞുപോകുന്നതും പക്ഷികള്‍ പറന്നുയരുന്നതും ഭൂമിയിലേക്കു വേരുകളാഴ്ത്തി മരങ്ങളുടെ ശാഖകള്‍ പടര്‍ന്നു പന്തലിക്കുന്നതും ആശിച്ചുകൊണ്ട് ഞാന്‍ ശബ്ദമുണ്ടാക്കാതെ കോവണിയിറങ്ങും. സഫര്‍മാസമാകുമ്പോള്‍ ഇമാമിന്റെ സവിധത്തില്‍ വന്നണയാമെന്ന മോഹത്തോടെ ഞാനെന്റെ ദിവസങ്ങള്‍ തള്ളിനീക്കി.

ഒടുവില്‍ സഫര്‍ മാസം വന്നണഞ്ഞു. അന്ന് എല്ലാവരും ചീരണികളുമായി വന്നു. ഈത്തപ്പഴവും കാരയ്ക്കയും തൊട്ടാല്‍ പൊടിയുന്ന പഞ്ചാരപ്പാറ്റയും തരിയുണ്ടയും മദ്‌റസയിലെ ചെമ്പുരുളില്‍ നിറഞ്ഞു. പെണ്‍കുട്ടികള്‍ പുതുവസ്ത്രമണിഞ്ഞ് മയിലാഞ്ചിയിട്ട കൈകള്‍ നീട്ടിക്കാണിച്ച് സലാം പറഞ്ഞ് ഞങ്ങളെ അഭിവാദ്യം ചെയ്തു. കയറ്റം കിട്ടുന്നവര്‍ക്ക് വേണ്ടി എല്ലാവരും കൂടിയിരുന്ന് കൈകളുയര്‍ത്തി പ്രാര്‍ത്ഥിച്ചു. അപ്പോഴും ഉസ്താദിന്റെ മേശപ്പുറത്ത് പത്തുകിതാബുണ്ടായിരുന്നു. അത് തുണിയുറയില്‍നിന്നെടുത്ത് മിനുസമാര്‍ന്ന തുകല്‍ച്ചട്ടയില്‍ തലോടിക്കൊണ്ട് ഉസ്താദ് പ്രതിവചിച്ചു: ”കുഞ്ഞുമക്കളെ ഇന്നു മുതല്‍ നിങ്ങള്‍ക്കു വേണ്ട അറിവുകള്‍ പത്തുകിതാബ് തരും. ഇന്നത്തെ മഗ്‌രിബ് തൊട്ടു നിങ്ങളും ഈ കിതാബിനോടു കടപ്പെടും. ഇന്ന് നിങ്ങളുടെ സഹോദരിമാര്‍ സനദ് കിട്ടിപ്പോവുകയാണ്. ഇനി മുതല്‍ നിങ്ങള്‍ക്കിതു മച്ചിന്‍പുറത്ത് സ്വന്തം. പുസ്തകങ്ങള്‍ അടുക്കിവെച്ച കിതാബ് മഹലില്‍ ഇതു സുരക്ഷിതം.”

ഉസ്താദ് തുടര്‍ന്നു: ”കിതാബ് മഹല്‍ സ്വന്തമാകണമെങ്കില്‍ ആദ്യം നിങ്ങള്‍ പുസ്തകം എങ്ങനെ സൂ
ക്ഷിക്കുമെന്നെനിക്കറിയണം. ശുദ്ധജലത്തില്‍ കൈകഴുകി വേണം ഓരോ പുസ്തകവും തൊടാന്‍. അത് സൂക്ഷിക്കുന്ന സ്ഥലത്ത് ഒരഴുക്കും ഉണ്ടാവാന്‍ പാടില്ല. നാം നിലത്തിരിക്കുമ്പോള്‍ നമ്മെക്കാള്‍ ഉയരത്തില്‍വേണം കിതാബുകള്‍ വെക്കാന്‍. അക്ഷരമെഴുതിയ ഓരോ കടലാസിലും അറിവാണ്. അതിന് തലച്ചോറും ഹൃദയവുമുണ്ട്. അവ നമുക്കു തരുന്നത് ചിന്തയാണ്. അതിനാല്‍തന്നെ അതിനു നമ്മെപ്പോലെ ജീവനുണ്ട്. ഉടവ് വന്നാലോ കീറിപ്പോയാലോ, അത് എറിയാനോ ചവിട്ടാനോ പരിക്കേല്പിക്കാനോ പാടില്ല. കിതാബുകള്‍ക്ക് മനുഷ്യരേക്കാള്‍, ചരാചരങ്ങളേക്കാള്‍ വിലയുണ്ട്. ഓരോന്നും കൈയിലെടുക്കുമ്പോള്‍ അത് നമ്മോടു പറയും: ‘എന്നിലുള്ള അറിവുകള്‍ നീ ഹൃദിസ്ഥമാക്കുക. നിന്നെ മുന്നോട്ടു നയിക്കാനുള്ളതെല്ലാം എന്നിലുണ്ട്. എടുത്തുകൊള്‍ക. നിന്നില്‍നിന്ന് അത് മറ്റൊരാളിലേക്കു പോകട്ടെ. ഇതോര്‍ക്കണം കുഞ്ഞിമക്കളെ, ഒരു കിതാബ് ചിതലെടുത്താല്‍ ഒഴുകുന്ന വെള്ളത്തില്‍ അത് നിക്ഷേപിക്കുക. മരിച്ചുപോയ മനുഷ്യരെ ഖബറടക്കുന്നതിനു തുല്യമായ പ്രവൃത്തിയാണത്.”

ഉസ്താദ് വീണ്ടും പറയുകയാണ്: ”മക്കളേ, ഈ കിതാബിന്റെ പൊരുള്‍ നിങ്ങളറിയണം. ഖാസിയുടെ കുടുംബം തലമുറയായി കൈമാറിയ വിശുദ്ധഗ്രന്ഥമാണിത്. എത്ര തലമുറകള്‍ കൈമറിഞ്ഞാണ് ഇതു നിങ്ങളുടെ കൈകളിലെത്തിയതെന്ന് എനിക്കു തിട്ടപ്പെടുത്തി പറയാനാവില്ല. ഈ കിതാബിന് ഒരു ഉടവും വരാന്‍ പാടില്ല. കണ്ണിലെ കൃഷ്ണമണിപോലെ നാമതിനെ സൂക്ഷിക്കണം. ഈ ഗ്രന്ഥത്തെ സ്പര്‍ശിച്ച കൈകളുടെ അടയാളങ്ങള്‍ പടച്ചവന്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. അതു മറക്കരുത്?” എന്റെ സംശയം അപ്പോഴും തീര്‍ന്നില്ല: ”ഉസ്താദേ ഇതിന് ഒരു വിരലിന്റെ വണ്ണമല്ലേയുള്ളൂ.”

”നിന്റെ രണ്ടു കൈപ്പടകള്‍ ചേര്‍ത്തുവെച്ചാല്‍ എത്ര വിരലുകളുണ്ട്.”
”പത്ത്”
”നിന്റെ പത്തു വിരലുകള്‍കൊണ്ട് നിനക്ക് ഒന്നും പത്തും നൂറും ആയിരവും പതിനായിരവും ലക്ഷവും കോടാനുകോടിയും എണ്ണാന്‍ കഴിയുന്നില്ലേ. അതുപോലെതന്നെയാണ് പത്തുകിതാബും.” ഉസ്താദ് നിര്‍ത്തി. പിന്നെ തുടര്‍ന്നു: ”നിങ്ങള്‍ കിതാബ് മഹലില്‍ എത്തുന്നതോടെ ആദാമിന്റെ കാലം തൊട്ടുള്ള മനുഷ്യവംശചരിത്രം എഴുതിവച്ച മുട്ടോളം ഉയരമുള്ള തടിച്ച ഗ്രന്ഥങ്ങള്‍ നിങ്ങളുടെ തലച്ചോറില്‍ ചലനമുണ്ടാക്കും. കിതാബ് മഹലിന്റെ അകം പുസ്തകങ്ങളുടെ വനമാണ്. തടിച്ചവയും മെലിഞ്ഞവയുമായ അനേകം പുസ്തകങ്ങള്‍ അലമാരകളില്‍ കിടന്നും ഇരുന്നും നിങ്ങളെ അങ്ങോട്ടു ക്ഷണിക്കും?”

ഉസ്താദ് എന്റെയരികിലേക്കു വന്ന് എന്റെ കൈകള്‍ സ്പര്‍ശിച്ചു കൊണ്ട് തുടര്‍ന്നു: ”കിതാബ് മഹലിലെ പുസ്തകവനത്തിലേക്ക് പത്തു കിതാബുകൂടി നടുക എന്നതായിരുന്നു ഇതുവരെയുള്ള നിന്റെ ധര്‍മ്മം. അതു നീ നന്നായി പാലിച്ചു. പക്ഷേ, ഒന്നുനീ നന്നായി മനസ്സിലാക്കണം. ഓരോ കിതാബും കാലാകാലങ്ങളില്‍ തളിര്‍ക്കുകയും പൂക്കുകയും കായ്ക്കുകയും ചെയ്യും. ഒരു കിതാബിനെയും എനിക്കിതുവരെ ഒഴുകുന്ന വെള്ളത്തില്‍ സംസ്‌കരിക്കേണ്ടി വന്നിട്ടില്ല. കിതാബ് മഹലിന്റെ ഇടനാഴികളുടെ ഒടുവില്‍ ഭീമാകാരമായ നിലവറകള്‍ ഉണ്ട്. അതില്‍ ഒരായുഷ്‌കാലം മുഴുവന്‍ പഠിച്ചാലും തീരാത്ത അതിനേക്കാള്‍ തടിച്ച കിതാബുകള്‍ ഉണ്ട്. ചില കിതാബുകള്‍ മുക്കുറ്റിപോലെ ചെറുതായിരിക്കും. എന്റെ ചിലത് ആല്‍മരംപോലെ വലുതും?” എന്റെ ദൗത്യത്തിന്റെ പൊരുള്‍ ഞാന്‍ മനസ്സിലാക്കി.

ഞങ്ങള്‍ അഞ്ചുപേര്‍ മച്ചിന്‍ പുറത്തെത്തുമ്പോള്‍ അവിടെ ഇത്രയുംകാലംപത്തുകിതാബ് ഓതിയ അഞ്ചുപേര്‍ സനദും നേടി ഇറങ്ങും. ഓരോ വര്‍ഷവും ഇത് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

മദ്‌റസയില്‍ വെച്ചുതന്നെ ഞങ്ങള്‍ അഞ്ചുപേരും ചീരണികള്‍ തിന്നുതീര്‍ത്തു. പത്തുകിതാബുമായി ഞാന്‍ മുമ്പില്‍ നടന്നു. ഉസ്താദ് ഞങ്ങളെ യാത്രയാക്കി. കുട്ടിയപ്പയുടെ സമോവാര്‍ തിളയ്ക്കുന്നുണ്ട്. അന്തൂച്ചയുടെ വെള്ളപ്പൂച്ച ഉപ്പുപെട്ടിയില്‍ മയങ്ങുന്നുണ്ട്.

മഖ്ബറയിലെ കാക്കകള്‍ ചിലയ്ക്കുന്നുണ്ട്. കുട്ടിയപ്പ പറഞ്ഞു: ”ചീരണി കഴിച്ചതല്ലേ. ഉസ്താദ് നിങ്ങള്‍ക്ക് ഓരോ ആപ്ചായ ഓഡറാക്കീറ്റ്ണ്ട്.” ഞങ്ങള്‍ ചായ കഴിക്കാന്‍ കയറി.

മരബെഞ്ചില്‍ അഞ്ച് ചായക്കോപ്പകള്‍ നിരന്നു. ഞാന്‍ പത്തുകിതാബ് ഇറുകെപ്പിടിച്ച് മടിയില്‍ വെച്ചു. കുട്ടിയപ്പ ആവി പറക്കുന്ന ചായ ഏന്തി കോപ്പകളിലേക്ക് ഒഴിച്ചു. കോപ്പ എടുത്തപ്പോള്‍ എന്റെ കൈവഴുതി.ചായ എന്റെ മടിയിലേക്കും പത്തു കിതാബിലേക്കും തൂവി.തുണി കൊണ്ടുള്ള ഉറയാണ് ആ ചായ പകുതിയും കുടിച്ചത്.

എന്റെ ഉള്ള് കാളി. ഇത്രയും കാലം ഒരു ഉടവും തട്ടാതെ കൊണ്ടുനടന്ന പത്തുകിതാബിന് ഈ ആദ്യദിവസംതന്നെ ഉടവ് തട്ടിയത് ഉസ്താദ് അറിയുമ്പോള്‍ എനിക്ക് എന്ത് ശിക്ഷയാവും തരിക?

കുട്ടിയപ്പ ഓടിവന്ന് നനഞ്ഞ ഉറ ഊരിയെടുത്തു. തുകല്‍ച്ചട്ടയും കടന്ന് പത്തുകിതാബിന്റെ താളുകള്‍ക്കിടയിലൂടെ ചായ സഞ്ചരിച്ചുകൊണ്ടിരുന്നു. ചായയില്‍ പകുതി എന്റെ ഉടുമുണ്ടിലാണു വീണത്. ബാക്കിയുള്ളതാണ് തുകല്‍ച്ചട്ടയുടെ മിനുസമുള്ള തലത്തിലൂടെ പുരാതനമായ അറബി അക്ഷരങ്ങള്‍ ഉറഞ്ഞുനില്ക്കുന്ന കടലാസിലേക്കു യാത്രയായത്. കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കേണ്ട കിതാബാണ് ഇപ്പോള്‍ കുട്ടിയപ്പയുടെ ചൂടുള്ള ചായ കുടിച്ചുകൊണ്ടിരിക്കുന്നത്! ഞാന്‍ പതുക്കെ പത്തുകിതാബിന്റെ പുറങ്ങള്‍ വിടര്‍ത്താന്‍ നോക്കി. പന്ത്രണ്ടാം പുറത്തില്‍ നീട്ടിക്കിടത്തിയ ഒരു മയില്‍പ്പീലിയും പതിനെട്ടാം പുറത്തില്‍ പറ്റിപ്പിടിച്ചു നില്ക്കുന്ന ഉണങ്ങിയ വേപ്പിലയും ഇരുപതാം പുറത്തില്‍ രാവുണ്ണി പൂമാര്‍ക്ക് ചുരുട്ടിന്റെ കീറിയെടുത്ത കൂടും ഇരുപത്തിയാറാം പുറത്തില്‍ പാസ്സിങ് ഷോ സിഗററ്റ് പെട്ടിയിലെ തൊപ്പിക്കാരന്റെ ചിത്രമുള്ള താളും നാല്പതാം പുറമാകെ നിറഞ്ഞു കിടക്കുന്ന തങ്ങള്‍ ഉപ്പാപ്പ ഉറൂസിന്റെ മടക്കിവെച്ച പച്ചനിറമുള്ള നോട്ടീസും ചായയില്‍ കുതിര്‍ന്ന വേവാത്ത ദോശപോലെ കുട്ടിയപ്പയുടെ പുരാതന ബെഞ്ചില്‍ അമിഞ്ഞ് കിടന്നു. അവസാനത്തെ താളില്‍നിന്ന് ഒട്ടും നനയാത്ത ഹമാം സോപ്പിന്റെ കൂടിലെ മരംകൊത്തി പെട്ടെന്ന് പറന്ന് സമോവാറിന്റെ ചൂടുള്ള ആവിയില്‍ തട്ടി താഴേക്ക് വീണു. ഒട്ടും നനവില്ലാത്ത ആ കടലാസിന്റെ തൂവെള്ള മറുപുറത്ത് ചിതറിക്കിടക്കുന്ന കൈപ്പടയിലുള്ള അക്കങ്ങള്‍ കണ്ടപ്പോള്‍ അറിയാതെ എന്റെ കൈ അതിലേക്ക് നീണ്ടു. അത് ഒരു കത്തായിരുന്നു! ഒരു ആയിഷാബിയാണ് കത്തെഴുതിയിരിക്കുന്നത്! ‘ഒബില്ലാഹി തൗഫീക്ക് പടച്ചവന്റെ ഉദവിയാല്‍’ എന്നൊരു സംബോധനയോടെ തുടങ്ങുന്ന കത്തില്‍ ബാങ്കില്‍ അടയ്ക്കാനുള്ള ഒരു വലിയ സംഖ്യയുടെ കണക്ക് പലിശസഹിതം രേഖപ്പെടുത്തിയിട്ടുണ്ട്! പലിശയാണ് അധികം. ‘ജപ്തി നോട്ടീസ് വരാന്‍ ഇനി അധികം താമസമുണ്ടാവില്ല’ എന്ന മുന്നറിയിപ്പും കത്തിലുണ്ട്. ‘അതു വന്നാല്‍ ഞാന്‍ വീടും ഒഴിഞ്ഞു കൊടുത്ത് മക്കളെയുമെടുത്ത് കിണറ്റില്‍ ചാടി മരിക്കു’മെന്നും എഴുതിയിരിക്കുന്നു. ഏറ്റവും ഒടുവില്‍ ‘ബീടര്‍ ആയിഷാബി’ എന്നും കുറിച്ചിട്ടുണ്ട്. ഏറ്റവും മുകളില്‍ 786 എന്നും എഴുതിയിട്ടുണ്ട്.ഞാനാദ്യമായി പത്തുകിതാബിന്റെ അകം കാണുകയായിരുന്നു. രാവുണ്ണിപൂമാര്‍ക്ക് ചുരുട്ടിന്റെ കീറിയെടുത്ത കൂടിന്റെ വിടര്‍ത്തിയ പുറത്ത് കട്ടിപ്പേനകൊണ്ട് രണ്ടു വാചകം തെളിഞ്ഞിരുന്നു: ”ഉപ്പാ, വെരുമ്പോള്‍ കിതാബ് കൊണ്ടുവരണ്ട. സുല്‍ഫത്തിനും എനിക്കും സ്‌കൂളില്‍ കൊടുക്കാന്‍ 200 ഉറുപ്യ കൊണ്ടരണം. റൈഫാന?” തങ്ങള്‍ ഉപ്പാപ്പാ ഉറൂസിന്റെ പച്ചനിറമുള്ള കടലാസില്‍ ‘ഉറൂസിന് എന്തായാലും വെരണം ഉപ്പാ എന്റെ വാച്ചും കൊണ്ടരണം-മഹ്‌റുഫ്’ എന്നും വായിച്ചപ്പോള്‍ ഞാനറിയാതെ വിങ്ങിപ്പോയി. പത്തു കിതാബിന്റെ എല്ലാ രഹസ്യങ്ങളും ഒറ്റയടിക്ക് ചോര്‍ന്നപോലെ! അതിനകത്തെ പുരാതനഅക്ഷരങ്ങളിലെ അറിവിനേക്കാള്‍ വലിയ അറിവാണ് ഞാന്‍ നേടിയിരിക്കുന്നത്. അത് എനിക്കു കിട്ടിയ ഏറ്റവും വലിയ സനദ് ആയി തോന്നി. പ്രകൃതിയുടെ വിചിത്ര പ്രതിഭാസംപോലെ അന്നു രാത്രി കുന്നിനുമുകളില്‍ കനത്ത മഴ പെയ്തു. കുന്നിന്റെ നെറുകയില്‍നിന്ന് കണ്ണുനീര്‍ത്തുള്ളിപോലെ ഒലിച്ച പുതുമഴത്തുള്ളികള്‍ ഇരുണ്ടതിരകളായി പൊട്ടിയൊലിച്ച് താഴ് വാരത്തെ തോട്ടിലേക്കു തള്ളിത്തള്ളി വരുന്നതും ഉസ്താദ് മദ്രസയിലേക്കു വരുന്ന കുട്ടികളെ തോടു കടത്താന്‍ അട്ടഹസിച്ചുകൊണ്ട് പാഞ്ഞുപോകുന്നതും കിതാബ് മഹലിന്റെ പല വര്‍ണ്ണത്തിലുള്ള കണ്ണാടി ജാലകത്തിലൂടെ ഞാന്‍ കണ്ടു.

അടിക്കുറിപ്പുകള്‍

കിതാബ് മഹല്‍ – പുസ്തകക്കൊട്ടാരം, സനദ് – ബിരുദം, ചീരണി – വിശേഷപ്പെട്ട മധുരപലഹാരം, പത്തുകിതാബ് – സന്മാര്‍ഗജീവിതം വിളംബരം ചെയ്യുന്ന ഗ്രന്ഥം, മഖ്ബറ – മഹത്തുക്കളുടെ ശവമാടം, ഉസ്താദ് – അധ്യാപകന്‍, ഇമാം – പ്രാര്‍ത്ഥനയ്ക്കു നേതൃത്വം കൊടുക്കുന്നയാള്‍, സുബഹിമുതല്‍ മഗ്‌രിബ്‌വരെ- പ്രഭാതപ്രാര്‍ത്ഥന മുതല്‍ സന്ധ്യാപ്രാര്‍ത്ഥനവരെ, ഉറൂസ് – നേര്‍ച്ച, ഇറയാല്‍ – വിശുദ്ധഗ്രന്ഥങ്ങള്‍ വെക്കുന്ന തട്ട്, ഖാസി – മുഖ്യപുരോഹിതന്‍, സഫര്‍ – ഹിജ്‌റ കലണ്ടറിലെ വിശേഷപ്പെട്ട ഒരു മാസം.

(2019 ഒക്ടോബര്‍ ലക്കം പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ചത്)

Comments are closed.