‘ഖസാക്കിന്റെ ഇതിഹാസം’ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ ആരംഭിക്കുന്നു
പാലക്കാട്: മലയാളത്തില്‍ എഴുതപ്പെട്ടിട്ടുള്ള സര്‍ഗ്ഗസാഹിത്യകൃതികളില്‍ ഏറ്റവും ഉജ്ജ്വലമെന്ന് വിശേഷിപ്പിക്കാവുന്ന കൃതിയാണ് ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസം. മലയാള സാഹിത്യ ചരിത്രത്തിലെ സമാനതകള്‍ കണ്ടെത്താനാവാത്ത അനിഷേധ്യ പ്രകാശഗോപുരമായി ഈ നോവല്‍ നിലനില്‍ക്കുന്നു. മലയാള നോവലിന്റെ വികാസപരിണാമങ്ങള്‍ക്കു അനന്യവും അത്ഭുതപൂര്‍വ്വവുമായ സംഭാവനകള്‍ നല്‍കിയ ഈ കൃതി പ്രസിദ്ധീകൃതമായിട്ട് അമ്പത് വര്‍ഷങ്ങള്‍ പിന്നിടുകയാണ്.
മലയാളഭാഷക്ക് പുതിയ മാനങ്ങള്‍ സമ്മാനിച്ച പ്രശസ്ത നോവലിന്റെ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി ഒ.വി വിജയന്‍ സ്മാരക സമിതിയുടെ ആഭിമുഖ്യത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുകയാണ്. പരിപാടിയുടെ ഉദ്ഘാടനം 2019 ജൂണ്‍ 16 ഞായറാഴ്ച നടക്കും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന യോഗം എം.എ ബേബി ഉദ്ഘാടനം ചെയ്യും. ടി.കെ.നാരായണദാസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജ്യോതിബായ് പരിയാടത്ത്, ആഷാ മേനോന്‍, ടി.ആര്‍ അജയന്‍ എന്നിവര്‍ പങ്കെടുക്കുന്നു. ഉദ്ഘാടനത്തിന് ശേഷം നടക്കുന്ന പ്രഭാഷണത്തില്‍ എം.ബി രാജേഷ്, അഡ്വ. കെ.ശാന്തകുമാരി, രവി ഡി സി, ഡോ.കെ.പി.മോഹനന്‍, പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍, എന്‍.രാധാകൃഷ്ണന്‍ നായര്‍, പ്രൊഫ.സുജ സൂസന്‍ ജോര്‍ജ്, പള്ളിയറ ശ്രീധരന്‍, നേമം പുഷ്പരാജ്, കെ.ഗോകുലേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കുന്നു.
ഉച്ചതിരിഞ്ഞു 2.30 മുതല്‍ ആരംഭിക്കുന്ന പ്രതിമാസ പ്രഭാഷണത്തില്‍ അംബികാസുതന്‍ മാങ്ങാട് പങ്കെടുക്കും. വിജയന്റെ കാലസങ്കല്പം എന്നതാണ് പ്രഭാഷണവിഷയം. മുണ്ടൂര്‍ സേതുമാധവന്‍ അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ എം.ശിവകുമാര്‍, ഡോ.സി.പി ചിത്രഭാനു, ടി.കെ.ശങ്കരനാരായണന്‍, രഘുനാഥന്‍ പറളി, ഡോ. ജയശീലന്‍ പി.ആര്‍ എന്നിവരും പങ്കെടുക്കുന്നു.
Comments are closed.