DCBOOKS
Malayalam News Literature Website

ഈ രാത്രി ഉറക്കം വന്നില്ല, തിലകന്റെ ഓർമ്മകൾ ആർത്ത് പെയ്ത് കൊണ്ടേയിരുന്നു!

അന്തരിച്ച ഇ ഐ എസ് തിലകനെക്കുറിച്ച് കെ ജി എസ് ശങ്കർ
ഇന്നലെ ഇ ഐ എസ് തിലകൻ പോയി. ആത്മമിത്രം. എന്റെ മാത്രമല്ല. അറിയുവോർക്കൊക്കെയും ആത്മമിത്രം. തിലകന്റെ കൂട്ടുകാരി വിജയം, മക്കൾ ദീപ്ത, സിന്ധു, സീമ, സർഗ്ഗ, അവരുടെ കുടുംബങ്ങളും എന്റെയും ലക്ഷ്മിയുടേയും ആദിത്യന്റെയും അമ്മുവിന്റെയും മുത്തുവിന്റെയും സ്വന്തക്കാർ. ഒരാളോട് മാത്രമല്ല അയാളുടെ കുടുംബത്തോടും സുഖദു:ഖ/ വിശ്വാസ / ഭാവുകത്വങ്ങളോടുമാകെയായിരുന്നു തിലകന്റെ ബന്ധം. അപാരവിശുദ്ധിയായിരുന്നു ആ മൈത്രി. ആരും ആർക്കും പകരമല്ല. തീർത്തുമാവില്ലാർക്കും തിലകന് പകരമാവാൻ. ആശുപത്രിക്കിടക്കയിൽ നിന്നും സംസാരിച്ചു. കോവിഡ് അത്ര തീവ്രമല്ല. വേഗം മാറും. ഹിപ് ജോയിന്റിൽ ചെയ്യേണ്ട സർജ്ജറി വൈകാതെ ചെയ്യും… കുറവില്ലായിരുന്നു പ്രത്യാശയ്ക്ക്.
ഈ രാത്രി ഉറക്കം വന്നില്ല. തിലകന്റെ ഓർമ്മകൾ ആർത്ത് പെയ്ത് കൊണ്ടേയിരുന്നു. പെരുമഴയേക്കാൾ പെരുമഴ, ഓർമ്മയുടെ മൌനമഴ. ഇരമ്പത്തേക്കാൾ ഇരമ്പുന്ന മൌനം. മച്ചിലും മുറ്റത്തും ചുറ്റിലും ദൂരത്തെ വയലുകളിലും പല പല സായാഹ്നയാത്രകളിലും ആ വലിയ നന്മയുടെ കുളിര് വളരുന്നു. മുംബൈയിലെ കടലോരത്തും മലബാർ ഹില്ലിലും എലിഫന്റാഗുഹകളിലും സ്ട്രാൻഡ് ബുക്സ്റ്റാളിലും ചെമ്പൂരെ ആദർശവിദ്യാലയത്തിലും സാന്താക്രൂസിലും അണുശക്തിനഗറിലും ഗാട്‌കോപ്പറിലെ ഉദ്യാനങ്ങളിലും ഡോംബിവ്ലിയിലും പല സദസ്സുകളിലും ഔറംഗബാദിലും അജന്തയിലും എല്ലോറയിലും കൊച്ചിയിലും തൃശൂരിലും ബാംഗ്ലൂരിലും കവിതയും രാഷ്ട്രീയവും ചിന്തയും ഫലിതവും രുചികളും ക്ഷോഭവും കലാപവും വഴി അനേകം ചരിത്രദേശങ്ങളിലും ഓർമ്മകൾ ഇരമ്പി വീഴുന്നു. നേരം പുലർന്നു.
കാക്കകൾ നനഞ്ഞിറങ്ങി. അവയുടെ ഒച്ചവെപ്പിൽ പതിവില്ലാതെന്തെങ്കിലുമുണ്ടോ?

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച, ഇ ഐ എസ് തിലകന്റെ കവിതകൾ വാങ്ങാൻ ക്ലിക്ക് ചെയ്യൂ

Comments are closed.