മലയാള സാഹിത്യത്തിലെ സ്ത്രീവാദവ്യവഹാരങ്ങള്‍
ആധുനിക വനിതകള്‍ പാഠപുസ്തകമാക്കേണ്ട പുസ്തകങ്ങളില്‍ ഒന്നാണ് സി.എസ്. ചന്ദ്രികയുടെ കേരളത്തിന്റെ സ്ത്രീചരിത്രങ്ങള്‍, സ്ത്രീമുന്നേറ്റങ്ങള്‍. കേരളത്തിലെ ജാതി സമ്പ്രദായവും സ്ത്രീയും എന്ന വിഷയത്തില്‍ നിന്നാരംഭിക്കുന്ന ലേഖനം സ്ത്രീ ലൈംഗികത, സ്വാതന്ത്ര്യം, സമരങ്ങള്‍, കലാസാഹിത്യ പ്രസ്ഥാനങ്ങള്‍ എന്നീ വിഷയങ്ങളിലൂടെയാണ് പിന്നീട് വികസിക്കുന്നത്. ഇന്നത്തെ സ്ത്രീയില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് പിന്നിലേക്ക് സഞ്ചരിക്കുന്ന കേരളത്തിലെ സ്ത്രീജിവിതങ്ങളെ കുറിച്ചുള്ള ഈ വായനാനുഭവം പകര്‍ന്നു നല്‍കുന്നത് മാറ്റങ്ങളുടെ പുനര്‍ചിന്തകളാണ്. ഈ ചരിത്രപുസ്തകം ഇനിയുമുള്ള പെണ്‍മുന്നേറ്റങ്ങള്‍ക്കൊരു പ്രചോദനമാകട്ടെ.
പുസ്തകത്തില്‍ നിന്നും ഒരു ഭാഗം
കേരളത്തിലെ ഫെമിനിസ്റ്റ് രാഷ്ട്രീയവും സ്ത്രീകളുടെ സാഹിത്യരചനകളും മലയാളസാഹിത്യ പൊതുമണ്ഡലത്തില്‍ ആശയ സംവാദത്തിന്റെ ശക്തമായ തരംഗങ്ങളുയര്‍ത്തിക്കഴിഞ്ഞിട്ടുണ്ട്. മലയാള സാഹിത്യ വ്യവഹാരത്തില്‍ നിലനില്‍ക്കുന്ന പുരുഷാധികാരത്തെ നേരിട്ടുകൊണ്ട് സ്ത്രീകള്‍ സംഘര്‍ഷാത്മകമെങ്കിലും ശക്തമായ ആത്മാവിഷ്‌കാരം നടത്തുന്നത് ഇവിടെ സര്‍ഗ്ഗാത്മക സാഹിത്യരംഗത്താണ്. സ്ത്രീവിമോചനപ്രസ്ഥാനത്തിന് സംഘടിതമായ രൂപങ്ങളും പ്രവര്‍ത്തനങ്ങളും വരുന്നതിനു വളരെക്കാലം മുമ്പുതന്നെ 1887 മുതല്‍ കേരളത്തില്‍ പ്രസിദ്ധീകൃതമായ സ്ത്രീമാസികകളിലൂടെ സ്ത്രീകള്‍ നടത്തിയ സ്ത്രീവിമോചനരാഷ്ട്രീയ, ബൗദ്ധികചര്‍ച്ചകള്‍ സ്ത്രീകളുടെ സാഹിത്യപ്രവര്‍ത്തനങ്ങളുടെ മുന്നേറ്റങ്ങള്‍ക്ക് വലിയ പശ്ചാത്തലമൊരുക്കിയിട്ടുണ്ടെന്നു കാണാം. എന്നാല്‍ സാഹിത്യത്തിന്റെ മേഖലയില്‍ 1930 കള്‍ മുതല്‍ ലളിതാംബിക അന്തര്‍ജ്ജനവും കെ. സരസ്വതി അമ്മയും തുടര്‍ന്ന് മാധവിക്കുട്ടിയും വെട്ടിത്തുറന്ന, സ്വതന്ത്രമാകാനാഗ്രഹിക്കുന്ന സ്ത്രീജീവിതത്തിന്റെ സവിശേഷമായ സര്‍ഗ്ഗാത്മക ലോകങ്ങള്‍ കേരളത്തിലെ സവിശേഷമായ സ്ത്രീമുന്നേറ്റ രാഷ്ട്രീയചിന്തകള്‍ക്ക് ചെറുതല്ലാത്ത ഇടം ഉണ്ടാക്കിയെടുത്തു. ഇവരുടെ തുടര്‍ച്ചയായി, എന്നാല്‍ സ്ത്രീസ്വാതന്ത്ര്യബോധത്തിന്റെ സര്‍ഗ്ഗാത്മകവും പ്രവര്‍ത്തനാത്മകവുമായ രണ്ടു ലോകങ്ങളെയും ഒപ്പം മുന്നോട്ടു വെച്ചുകൊണ്ട് സാറാജോസഫ് സൃഷ്ടിച്ച സാഹിത്യരചനകളും സ്ത്രീവാദ സംവാദങ്ങളും പ്രവര്‍ത്തനങ്ങളും മലയാള മുഖ്യധാരാ സാഹിത്യലോകത്തെ നിശിതമായി വെല്ലുവിളിക്കുന്നതും സ്ത്രീമുന്നേറ്റങ്ങളുടെ മറ്റൊരു ഘട്ടത്തിന് തുടക്കം കുറിക്കുന്നതുമായിരുന്നു. പ്രധാനമായും ഈ എഴുത്തുകാരികളുടെ രചനകളും ഇടപെടലുകളും സൃഷ്ടിച്ച പുതിയ വായനാസമീപനങ്ങള്‍, ഭാവുകത്വ ചിന്തകള്‍, സൗന്ദര്യ, രാഷ്ട്രീയ ബദലുകള്‍ എന്നിവ പുരുഷനിയന്ത്രാണാധികാരത്തിലുള്ള മലയാള സാഹിത്യ ലോകത്തിന്റെ മുഖ്യധാരയില്‍ വലിയ വിള്ളലുകളുണ്ടാക്കുകയും സാഹിത്യരംഗത്ത് സ്ത്രീകളുടെ സ്ഥാനം നിഷേധിക്കാനാവാത്ത വിധം സ്ഥാപിച്ചെടുക്കുകയും ചെയ്തു. എന്നാല്‍ ഇത് വളരെയേറെ ശ്രമകരമായ ജീവിതസമരമായിരുന്നു എന്നതിന് സ്വാതന്ത്ര്യം തീവ്രമായി ആഗ്രഹിച്ച എല്ലാ എഴുത്തുകാരികളുടെയും ജീവിതാനുഭവം വേണ്ടതിലേറെ തെളിവുകള്‍ നല്‍കുന്നു. സാഹിത്യരംഗത്തെ ആണധികാരത്തെ മാത്രമല്ല, സ്വാഭാവികമായും കുടുംബത്തിലും സമൂഹത്തിലും സ്വതന്ത്രസ്ത്രീസ്വത്വാവിഷ്‌കാരങ്ങള്‍ക്കെതിരേ നിലനില്‍ക്കുന്ന പ്രബലമായ മൂല്യബോധങ്ങളോടു മുഴുവന്‍ ഒരേ സമയം ചെറുത്തുനില്‍ക്കുകയും സാഹസികമായി അതിജീവിക്കുകയും ചെയ്തുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളും സംഭാവനയുമാണ് ഈ എഴുത്തുകാരികള്‍ കേരളത്തിലെ സ്ത്രീമുന്നേറ്റചരിത്രത്തിന് നല്‍കിയത്.
സ്ത്രീകളുടെ ആദ്യകാല സാഹിത്യാവിഷ്‌കാരങ്ങളെന്നോണം ഒരുപക്ഷേ, നാടന്‍പാട്ടുസാഹിത്യത്തില്‍നിന്നും സ്ത്രീമുന്നേറ്റ ചരിത്രരചന തുടങ്ങാവുന്നതാണ്. വിശേഷിച്ചും തെക്കന്‍ പാട്ടുകളില്‍ സ്ത്രീലോകത്തിന്റെ ജീവിതത്തെ സംബന്ധിച്ച സൂക്ഷ്മമായ ചിത്രീകരണം കാണുന്നു എന്ന പശ്ചാത്തലത്തില്‍ ഇത്തരം അന്വേഷണങ്ങള്‍ക്ക് വലിയ സാധ്യതകളുണ്ട്. ”തെക്കന്‍ പാട്ടുകളില്‍ പെണ്‍കാഴ്ചകള്‍ അവസാനിച്ചിട്ടില്ലാത്ത, വ്യക്തികളുടെയും സംഭവങ്ങളുടെയും പെണ്‍പക്ഷവ്യാഖ്യാനങ്ങള്‍ക്ക് സ്ഥാനം ലഭിക്കുന്ന വ്യവഹാരമണ്ഡലമാണ് നാം സന്ധിക്കുന്നത്. സംഭവങ്ങളുടെ പെണ്‍ഭാഷ്യം എന്നത് ഈ വാമൊഴിപ്പാട്ടുകളുടെ ആദിമകര്‍തൃത്വം സ്ത്രീകളുടേതായിരിക്കാനുള്ള സാധ്യതയിലേക്കുകൂടി വിരല്‍ ചൂണ്ടുന്നുണ്ട്.”’എന്ന് തെക്കന്‍ പാട്ടുകളിലെ പെണ്‍പ്രതിരോധങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നു. സ്ത്രീപ്രധാനമായ ഈ സാമൂഹിക ഭൂമികയില്‍ പെണ്‍ലോകത്തിനു രണ്ടാമതായി മാത്രമാണ് ആണ്‍ലോകം പ്രത്യക്ഷപ്പെടുന്നത് എന്നും സ്ത്രീയുടെ പ്രണയം, വിവാഹം, ഗര്‍ഭം, പ്രസവം, ജീവിതം, മരണം, മരണാനന്തരജീവിതം എന്നിവ ഇതിനുള്ളില്‍ സവിശേഷമായി എന്നാല്‍ പൊതുരീതിയായി ചിത്രീകരിക്കപ്പെടുന്നു എന്നുമുള്ളത് സ്ത്രീജീവിതത്തിന്റെ ആദ്യകാല സ്വയാവിഷ്‌കാരശ്രമങ്ങളായി കാണാവുന്നതാണ് എന്ന് ഈ പഠനം ചൂണ്ടിക്കാണിക്കുന്നു. വാമൊഴി സാഹിത്യത്തില്‍നിന്ന് വരമൊഴി സാഹിത്യത്തിലേക്ക് വരുമ്പോഴും മലയാളത്തിലെ ആദ്യത്തെ തലമുറയിലെ എഴുത്തുകാരികള്‍ പാട്ടുകളും സ്തുതിഗീതങ്ങളുമാണ് എഴുതിയത്. സ്ത്രീകളുടെ സ്വകാര്യതയുടെ ലോകത്ത് നടക്കുന്ന ആശയ
വിനിമയവും സംഗീത താളബന്ധിതമായ ജീവിതവും പാട്ടുകള്‍ നിര്‍മ്മിക്കാനും ചിട്ടപ്പെടുത്താനുമുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്.
Comments are closed.