DCBOOKS
Malayalam News Literature Website

രാഷ്ട്രീയചരിത്രത്തിന്റെ വണ്‍ലൈന്‍

എന്റെ വഴിയും രചനാരീതിയും സ്വയം വികസിപ്പിക്കേണ്ടിവന്നു

ആര്‍.കെ.ബിജുരാജ്/സുനൂപ് ചന്ദ്രശേഖര്‍
അഭിമുഖം

‘കേരളത്തിന്റെ രാഷ്ട്രീയചരിത്ര’ത്തിലേക്ക് എത്തിയതെങ്ങനെയാണ്? എന്താണ് ഈ
പുസ്തകത്തിന്റെ പ്രസക്തി?

പത്രപ്രവര്‍ത്തകനെന്ന നിലയില്‍ പലപ്പോഴും കേരളത്തിന്റെ പല ചരിത്രസംഭവങ്ങളും
വസ്തുതകളും ജോലിയുടെ ഭാഗമായും അല്ലാതെയും പരിശോധിക്കേണ്ടി വന്നിട്ടുണ്ട്. അപ്പോഴെല്ലാം എത്തിച്ചേര്‍ന്നത്, സമീപകാലത്ത് നടന്ന സംഭവങ്ങളും വസ്തുതകളും ഉള്‍പ്പെടെ കാര്യമായ ചരിത്രരേഖപ്പെടുത്തല്‍ ഒന്നും നമ്മള്‍ നടത്തിയിട്ടില്ല എന്ന തിരിച്ചറിവിലേക്കാണ്. അരനൂറ്റാണ്ടിനും ഒരു നൂറ്റാണ്ടിനും മുമ്പുള്ള സംഭവങ്ങളെപ്പറ്റിയുള്ള അവസ്ഥ പറയേണ്ടതുമില്ല. മലയാളികള്‍ ചരിത്രബോധമുള്ളവരാണ്. എന്നാല്‍, സ്വന്തം ചരിത്രം മതിയായ വിധത്തില്‍ രേഖപ്പെടുത്തിയതായി കാണുന്നില്ല. കേരളചരിത്രത്തിന്റെയും പൊളിറ്റിക്കല്‍ ഇക്കണോമിയുടെയും പഠിതാവെന്ന നിലയില്‍ തുടരുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ഈ പുസ്തകം ശരിക്കും ഉടലെടുക്കുന്നത്. മുഖ്യധാരയിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയവും അതിനു പുറത്തുള്ള സമാന്തര രാഷ്ട്രീയവും എന്താണെന്നുള്ള അന്വേഷണവും അത് രേഖപ്പെടുത്തലുമാണ് ഈപുസ്തകം. കുറഞ്ഞത് അഞ്ചുവര്‍ഷമെങ്കിലും എടുത്തു എഴുതിത്തീരാന്‍. ഈ പുസ്തകത്തിന്റെ പ്രസക്തിയെന്നത് ഐക്യകേരളത്തിന്റെ 65 വര്‍ഷത്തെ ചരിത്രം എളുപ്പത്തില്‍ അറിയാന്‍ സഹായിക്കുമെന്നതു തന്നെയാണ്. കേരളത്തിന്റെ ഇന്നലെകള്‍ അറിയാത്തവര്‍ക്ക് ഇന്നിനെപ്പറ്റിയും നാളെപ്പറ്റിയും സംസാരിക്കാന്‍ അവകാശം പോലുമില്ല. അതിനാല്‍ തന്നെ ഈ പുസ്തകം കേരളത്തിലെ രാഷ്ട്രീയത്തെ ഗൗരവമായി ചിന്തിക്കുന്ന ഏതൊരാള്‍ക്കും ഒഴിവാക്കാനോ അവഗണിക്കാനോ ആവില്ല.

Textപുസ്തകത്തെ എങ്ങനെ സ്വയം വിശേഷിപ്പിക്കും?

‘ഐക്യകേരള രൂപീകരണത്തിനുശേഷമുള്ള രാഷ്ട്രീയചരിത്രത്തിന്റെ വണ്‍ലൈന്‍’ എന്നതാ
വും നല്ല വിശേഷണം. അതുമല്ലെങ്കില്‍ 65 വര്‍ഷം കേരളത്തിന്റെ ഒരു ക്രോണിക്കിള്‍.
ഇതൊരു ക്രോണിക്കിള്‍ ആയിരിക്കുമ്പോള്‍ തന്നെ ശാസ്ത്രീയമായ ചരിത്രരചനയുടെ എല്ലാ രീതികളും അവലംബിച്ചിട്ടുണ്ട്. വേണമെങ്കില്‍ കേരളത്തില്‍ ഇനി എഴുതപ്പെടാനുള്ള നിരവധി ചരിത്രപുസ്തകങ്ങളുടെ ഒരു സഞ്ചയം എന്നും വിളിക്കാം.

പുസ്തകത്തിന്റെ വിവരണശേഖരണം എങ്ങനെയായിരുന്നു?

ഒട്ടും എളുപ്പമായിരുന്നില്ല. കഴിഞ്ഞ 10-20 വര്‍ഷത്തിനിടയിലാണ് ഗൗരവമായിത്തന്നെ ചരിത്രരചനകളിലേക്ക് കേരളത്തില്‍ കൂടുതല്‍ പേര്‍ കടന്നുവരാന്‍ തുടങ്ങിയത്. വിവര
ശേഖരണത്തിന് സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ചിട്ടുണ്ട്. നിയമസഭാ രേഖകള്‍,
കോടതിവ്യവഹാരങ്ങള്‍, പൊലീസ് റിപ്പോര്‍ട്ടുകള്‍, പത്രവാര്‍ത്തകള്‍, കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ മുതല്‍ ഓര്‍മക്കുറിപ്പുകള്‍ വരെ തേടിപ്പിടിച്ച് കണ്ടെത്തേണ്ടിവന്നു. പുസ്തകത്തിനുവേണ്ടി നൂറുകണക്കിനാളുകളോട് സംസാരിച്ചു. ഓരോ പ്രധാനപ്പെട്ട സംഭവങ്ങളിലും പങ്കാളിയായവരെ നേരില്‍ കാണുകയോ മറ്റ് രീതിയില്‍ ബന്ധപ്പെടുകയോ ചെയ്തു. ചില സ്ഥലങ്ങളില്‍ നേരിട്ടുപോകേണ്ടിവന്നു. ലഭിച്ച വിവരങ്ങള്‍ ആധികാരികമാണോയെന്ന് ഉറപ്പിക്കേണ്ടിവന്നു. പത്രങ്ങളും പ്രസിദ്ധീകരണങ്ങളും ലഭ്യമാക്കാന്‍ വിവിധ പത്രമോഫീസുകളിലേതടക്കമുള്ള ലൈബ്രറികളില്‍ പോകേണ്ടിവന്നു.

സവിശേഷമായ മുന്‍ മാതൃകകള്‍ ഉണ്ടായിരുന്നോ?

എന്റെ വഴിയും രചനാരീതിയും സ്വയം വികസിപ്പിക്കേണ്ടിവന്നു. പൊതുവില്‍ സ്വീകരിച്ച ഒരു രീതി ഒരു സംഭവം വിവരിക്കുമ്പോള്‍ നടന്നത് എന്തെന്ന് ആദ്യം പറയുക, തുടര്‍ന്ന് അനുകൂലമായും പ്രതികൂലമായും എന്ത് പറഞ്ഞുവെന്ന് വിവരിക്കുക, അതിനുശേഷം വേണമെന്നുള്ളിടത്ത് സ്വന്തം നിഗമനം പറയുക. മുന്‍ മാതൃകകള്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്. പുതുപ്പള്ളി രാഘവന്റെ ‘വിപ്ലവസ്മരണകള്‍’ ആണ് ഒരു മാതൃക. ചെറിയാന്‍ ഫിലിപ്പും അഡ്വ. ജയശങ്കറും കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിന്റെ ചില കാലങ്ങള്‍ മുമ്പ് എഴുതി
യിട്ടുണ്ട്. മുഖ്യമായും ശ്രമിച്ചത് കൂടുതല്‍ വായനയ്ക്കും അന്വേഷണങ്ങള്‍ക്കും വേണ്ട വിവരങ്ങളും തെളിവുകളും വായനക്കാര്‍ക്ക് നല്‍കുന്ന രീതിയില്‍ ചരിത്രമെഴുതാനാണ്.

പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടു. ഇനി..?

പുസ്തകം വായനക്കാരുടെ കൈകളിലേക്കത്തെുന്നതില്‍ വലിയ സന്തോഷമുണ്ട്. പുസ്തകത്തിന്റെ അറിയിപ്പുവന്നതുമുതല്‍ വാങ്ങാനായി കാത്തുനിന്നവരുണ്ട്. പലരും വിളിച്ചിരുന്നു. അതിനാല്‍തന്നെ ആശങ്കയയുണ്ട്. ഇനിയും എഴുതാനും പറയാനുമില്ലേ എന്ന തോന്നലുണ്ട്. അതിനെക്കാള്‍ വായനക്കാര്‍ക്ക് കേരളത്തെപ്പറ്റിയുള്ള അറിവുകളില്‍ കൂടുതല്‍ ഉള്‍ക്കാഴ്ച നല്‍കാന്‍ പുസ്തകം സഹായിക്കുമെന്ന ആത്മവിശ്വാസമുണ്ട്. നമ്മുടെ മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍, അപചയങ്ങള്‍ എന്നിവ മനസ്സിലാക്കുന്നതുവഴി സമൂഹത്തില്‍ ചില തിരുത്തലുകള്‍ക്ക് ആരെങ്കിലുമൊക്കെ തയ്യാറാകുമെന്നാണ് പ്രതീക്ഷ. കേരള രാഷ്ട്രീയത്തെപ്പറ്റി സാധ്യമാകുന്നത്ര വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കാനായിരുന്നു ശ്രമം. അതില്‍ ഒരു പരിധിവരെ വിജയിച്ചുവെന്നാണ് തോന്നല്‍.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

 

Comments are closed.