DCBOOKS
Malayalam News Literature Website

പൊടിപ്പും തൊങ്ങലുകളുമില്ലാത്ത രാഷ്ട്രീയ ചരിത്രത്തിന്റെ വ്യക്തതകള്‍…

ആര്‍.കെ.ബിജുരാജിന്റെ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം എന്ന പുസ്തകത്തിന്  അസീം താന്നിമൂട് എഴുതിയ വായനാനുഭവം.

ചരിത്രം കൗതുകമെന്ന വികാരത്തോടു ചേർന്നു നിന്നാണു പ്രവർത്തിക്കുക.മനുഷ്യ വികാരങ്ങളിൽ പ്രധാനമാണ് കൗതുകം, ജിജ്ഞാസ, ആകാംക്ഷ…തുടങ്ങിയവ.
അതുകൊണ്ടാണ് ചരിത്രത്തിനു പ്രസക്തിയുള്ളതും. പ്രസക്തമായ ചരിത്രങ്ങളെത്തേടി മനുഷ്യൻ ചരിച്ചുകൊണ്ടിരിക്കുന്നതും. അതിനാലത് കേട്ടറിവിലൂടെ പടരുകയും പൊടിപ്പും തൊങ്ങലും ചേർന്ന് തുടരുകയും ചെയ്യുന്നു. ചില(പലതും എന്നു പറയേണ്ടിവരും) ചരിത്രങ്ങൾ കാലാന്തരത്തിൽ തൊങ്ങലുകളാൽ മൂടപ്പെട്ടു മുതിരുക സ്വാഭാവികമായി സംഭവിക്കാൻ സാധ്യതയുള്ള സംഗതികളിൽ ഒന്നാണ്.

മനുഷ്യസഹജമായ അത്തരം വികാരങ്ങളുടെ അടിസ്ഥാനത്തിലാണ് അത് ഏതൊന്നിലും പ്രവർത്തിക്കുക. പ്രീതി എന്ന വികാരത്തോടൊപ്പം ചേർന്ന് അജ്ഞതയോ അതിശയോക്തിയോ പ്രവർത്തിക്കുമ്പോഴാണ് പലപ്പോഴും ചരിത്രത്തിന്റെ  മുതിർച്ചകൾ വികൃതമായിപ്പോകുന്നതെന്നും കാണാം. അതിനാൽ കഴിഞ്ഞുപോയ കാലത്തിന്റെ യാഥാർത്ഥ്യങ്ങളുടെ രേഖപ്പെടുത്തൽ, പഠനം എന്നീ തലത്തിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല ചരിത്രം. കഴിഞ്ഞുപോയ കാലത്തെ പറയാൻ ശ്രമിച്ച മനുഷ്യവികാരങ്ങളുടെ ഒരു വിഹിതം കൂടി ചേർന്നു പരുവപ്പെടുന്നവയാണ് ചരിത്രമെന്ന്  ഒരുപക്ഷെ, അനുമാനിക്കേണ്ടിവരും. തിരുകിയേറ്റപ്പെട്ട വികാരങ്ങൾപോലും അവയിൽ വന്നു ഭവിച്ചിട്ടുണ്ട് എന്നതും പ്രസക്തമാണ്.അക്കാദമികമായി അംഗീകരിക്കപ്പെട്ടതും രേഖീയമായതുമായ ചരിത്രങ്ങളിൽ പോലും ആ ഒരവസ്ഥ കാണാം. അതിനാൽ പല ചരിത്രങ്ങളുടെയും വാസ്തവങ്ങളിൽ ഏറിയ കൂറും അത്തരം പരിണാമ ഘട്ടങ്ങളിൽ മൂടപ്പെട്ടുപോയേക്കാം.

അതിലെ ദോഷവും ഗുണവും ഞാനിവിടെ പറയുന്നില്ല. ദോഷങ്ങളെ ചൂണ്ടിയാൽ ഇന്ത്യയിലാകമാനം അതിന്റെ ഭാഗമായി സംഭവിച്ച,സംഭവിച്ചുകൊണ്ടിരിക്കുന്ന  പ്രകരണങ്ങളെ പറയാതെ പോകാനാകില്ല. ഈ കുറിപ്പിന് ആധാരം അതല്ല. ഇത്തരത്തിൽ മനുഷ്യ വികാരങ്ങളുടെ വിഹിതമായ പൊടിപ്പും തൊങ്ങലുമില്ലാത്ത ചരിത്രങ്ങളുണ്ടോ എന്നത് ഞാൻ എന്നോട് ഏറെക്കാലമായി ചോദിച്ചുകൊണ്ടിരിക്കുന്ന  ചോദ്യങ്ങളിലൊന്നാണ്. കൗതുകമോ അതിശയമോ നൊസ്റ്റാൾജിക്കോടു കൂടിയ സന്ത്രാസങ്ങളോ തോന്നാത്ത ഒരു ചരിത്രവും അന്വേഷിച്ചു ഞാൻ സമയം കളയാറില്ല എന്നതിനാൽ അതിനുള്ള ഉത്തരവും കണ്ടെത്താൻ കഴിഞ്ഞില്ല.അതിൽ നഷ്ടബോധവുമില്ല. പറഞ്ഞതെന്തെന്നാൽ ആർ കെ ബിജുരാജിന്റെ പുതിയ കൃതി `കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം’ കുറച്ചു ദിവസങ്ങളായി കുറേശ്ശെയായി വായിച്ചുകൊണ്ടിരിക്കുകയാണ്. ഇനിയും തീർന്നിട്ടില്ല. എങ്കിലും കൗതുകവും ജിജ്ഞാസയുമൊക്കെ തോന്നിയ അധ്യായങ്ങളൊക്കെ കഴിഞ്ഞു.  ഞാൻ മുകളിൽ പങ്കുവെച്ച തോന്നലുകൾക്കും അതിന്റെ ഭാഗമായി വന്നുഭവിച്ച ചോദ്യത്തിനും Textകുറഞ്ഞതോതിലെങ്കിലുമുള്ള ഒരുത്തരം ഇതിലെനിക്കു കാണാൻ കഴിഞ്ഞിരിക്കുന്നു.എന്നെ സംബന്ധിച്ച് അത് വലിയ കാര്യമാണ്.മാത്രമല്ല ചരിത്രം വായിക്കുമ്പോൾ സംഭവിക്കുന്ന മടുപ്പോ ചെടിപ്പോ കനപ്പോ കവർപ്പോ ഈ കൃതിയിൽ ഞാൻ വായിച്ചു കഴിഞ്ഞ അധ്യായങ്ങളിലെങ്ങുമില്ല താനും. പകരം പുസ്തകം ആരുടേയും പ്രേരണയില്ലാതെ വാങ്ങാൻ തോന്നിയ വികാരത്തെയും വായിക്കാൻ തോന്നിയ കാരണത്തേയും തരിമ്പും ചോരാതെ കാക്കാനും കൃതിക്കു കഴിയുന്നു. ജനാധിപത്യ സംവിധാനത്തിലൂന്നിയ രാഷ്ട്രീയമുള്ള,ആ വ്യവസ്ഥയ്ക്കുമേൽ വികസിതമായ കേരളത്തെ അതിന്റെ ആരംഭം മുതൽ വർത്തമാന കാലംവരെ അടയാളപ്പെടുത്താനാണ് ശ്രീ.ബിജുരാജ് കൃതിയിലൂടെ ശ്രമിക്കുന്നത്.

അതിനായി അതിനിടയിൽ സംഭവിച്ച എണ്ണപ്പെട്ടതും അല്ലാത്തുമായ സംഭവങ്ങളെയാണ് പ്രയോജനപ്പെടുത്തുന്നത്. അധികം സംഭവങ്ങളും മലയാളികൾക്ക് അറിയുന്നതു തന്നെ. പക്ഷെ, അറിഞ്ഞതിൽ യാഥാർത്ഥ്യത്തിന്റെ തോത് എത്ര തൊങ്ങലുകളുടെ തോത് എത്ര എന്ന് തിരിച്ചറിയണമെങ്കിൽ ഈ കൃതി മനസ്സിരുത്തി വായിച്ചേ മതിയാകൂ. രാഷ്ട്രീയമായി ബന്ധപ്പെട്ടതെന്തിലും സംഭവങ്ങൾ വളരെ പ്രധാനമാണ്. അതിലൂടെയാണ് കൃതി ആരംഭിച്ച് വർത്തമാനത്തിലേയ്ക്ക് പ്രവേശിച്ച് അവസാനിക്കുന്നത്. ഭാഷാടിസ്ഥാനത്തിൽ കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടത് ഒരു സംഭവമാണ്. ശക്തമായൊരു രാഷ്ട്രീയ പ്രതിഭാസമായിരുന്നു അതെന്നും നാം പഠിച്ചു വശാക്കിയ ഡാറ്റാ ബെയ്സ്ഡായിട്ടുള്ള സംഗതികൾ മാത്രമല്ല അതിൽ ഉള്ളടങ്ങിയിട്ടുള്ളതെന്നും കൃത്യമാക്കാനും  ജനാധിപത്യത്തിന്റെ ശ്രേഷ്ഠമായ വശങ്ങളിലേയ്ക്കേ ആയിരുന്നില്ല ആ സംഭവവികാസത്തിന്റെ പ്രയാണമെന്ന് വസ്തുതകളുടെ അടിസ്ഥാനത്തിൽ വ്യക്തമാക്കാനും ഗ്രന്ഥകാരനു കഴിഞ്ഞിരിക്കുന്നു .ചരിത്രം പറയുമ്പോൾ ഏതൊരാൾക്കും സാധാരണ വന്നു ഭവിക്കാൻ സാധ്യതയുള്ള വരണ്ട ഭാഷയിലല്ല പറച്ചിൽ എന്ന പ്രത്യേകതയുമുണ്ട്. അതിനാൽ മടുപ്പില്ലാതെ കൃതിയിലേയ്ക്കു പ്രവേശിക്കാനും തുടരാനും ഏതൊരു വായനക്കാരനും സാധിക്കുന്നു. വിമോചന സമരം എന്ന ജനാധിപത്യ ക്രൂശീകരണത്തെ കുറിച്ച് അറിയാത്ത മലയാളികൾ വിരളം.അതേക്കുറിച്ച് ചില ധാരണകൾ ഉണ്ടുതാനും.എന്നാൽ അതിനു പിന്നിൽ പ്രവർത്തിച്ച അതിരു കടന്ന രാഷ്ട്രീയമെന്ത്, കാരണമെന്ത് എന്നൊന്നും പലർക്കും കൃത്യമായ ധാരണപോര. കൃതിയിലെ ‘വിമോചന സമരം’എന്ന അധ്യായം ആ അവ്യക്തതകളെ കുറച്ചെങ്കിലും ദൂരീകരിക്കാൻ ശ്രമിക്കുന്നുണ്ട്. അന്വേഷിച്ചു കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അവയെ ബലപ്പെടുത്തുന്നുമുണ്ട്. കുടിയൊഴിപ്പിക്കലിനെ കുറിച്ചു ചിന്തിക്കേണ്ടി വരുമ്പോൾ രാഷ്ട്രീയ ബോധ്യത്താൽ മുതിർന്ന ഏതൊരു മലയാളിയുടേയും മനസ്സിൽ ആദ്യം ഓടിയെത്തുക 1961ൽ ഇടുക്കി ഉടുമ്പൻ ചോലയിലെ അയ്യപ്പൻ കോവിലിൽ നടന്ന കുടിയൊഴിപ്പിക്കലും അവിടെ പാഞ്ഞെത്തി ഒരു ചായ്പിൽ നിരാലംബരായ ആ അസംഖ്യം പച്ചപ്പാവങ്ങൾക്കായി നിരാഹാരം കിടന്ന സഖാവ് എ കെ ജിയെയുമാവും. അപ്പോഴും അതിന്മേലുള്ള വാസ്തവങ്ങളിൽ പൂർണ്ണമായൊരു ബോധ്യം പലർക്കുമില്ല.

കൃതിയിലെ`കുടിയൊഴിപ്പിക്കലിനെതിരെ ഐതിഹാസിക സമരം’എന്ന അധ്യായം ഏറെക്കുറേ അതു പരിഹരിക്കാൻ ശ്രമിച്ചിരിക്കുന്നു. രാഷ്ട്രീയാധികാരം ലക്ഷ്യംവെച്ചുള്ള സായുധ സമരങ്ങൾ ഇന്ന് മലയാളികൾക്ക് നിലവിൽ പരുവപ്പെട്ടു മുതിർന്ന മാനസികാവസ്ഥയിൽ ചിന്തിക്കുക പ്രയാസം തന്നെ. എന്നാൽ അങ്ങനെയുള്ള സമരങ്ങളും ആക്രമണങ്ങളും നമ്മുടെയീ കൊച്ചു കേരളത്തിലും നടന്നിട്ടുണ്ടെന്ന തിരിച്ചറിവോടെ തന്നെയാണ് നമ്മൾ സമരങ്ങളിലേയ്ക്കു മാത്രമായ് മുതിർന്നത്. അത്തരത്തിൽ ഐക്യകേരളത്തിൽ ആദ്യം നടന്ന തലശ്ശേരി-പുൽപ്പള്ളി സ്റ്റേഷൻ ആക്രമണത്തെ കുറിച്ചുള്ള കൃത്യമായ വിവരണത്തിനും തിട്ടമാകാത്ത ചില ശങ്കകളുടെ ദൂരീകരണത്തിനും കൃതിയിലെ അതേ പേരിലുള്ള അധ്യായത്തിലൂടെ ഗ്രന്ഥകാരനു സാധിച്ചിരിക്കുന്നു. ചേർത്തു വായിക്കേണ്ട അധ്യായമാണ്`വയനാട്ടിലെ കലാപവും വർഗ്ഗീസിന്റെ രക്തസാക്ഷിത്വവും’നക്സൽ പ്രസ്ഥാനത്തെയും അതിന്റെ വളർച്ച തളർച്ചകളേയും അതുവഴി സംഭവിച്ചു കഴിഞ്ഞ ആക്രമണങ്ങളേയും കൊലകളേയും കൊല്ലപ്പെടലുകളേയും രാഷ്ട്രീയ കേരളം നോക്കിക്കാണുന്നത് തീർത്തും വൈകാരികമായാണ്. ആഘാതങ്ങളും നീറ്റങ്ങളുമില്ലാതെ അതുമായി ബന്ധപ്പെട്ട, നാം സപ്രസ് ചെയ്ത് മായ്ചുകളഞ്ഞ ഓർമ്മകളുടെ വീണ്ടെടുപ്പുകൽ പ്രയാസം തന്നെ. സംഭവങ്ങളുമായി സന്ധിചേരുന്ന വിവരങ്ങൾ സംബന്ധിച്ചും ഒരുപരിധിവരെ ബോധ്യമുള്ളവരാണ് പലരും.എന്നാൽ അറിഞ്ഞതിലുപരി ചികഞ്ഞു കണ്ടെത്തി  പറഞ്ഞു തരാനും വിഷയത്തിലെ വൈകാരികത ലേശവും ചോർന്നുപോകാതെ പ്രകടിപ്പിക്കാനും ശ്രീ.ബിജുരാജ് കാണിച്ച ശ്രദ്ധ പ്രത്യേകം പരാമർശിക്കേണ്ടതാണ്.`നക്സലൈറ്റ് ഉന്മൂലനങ്ങൾ’ എന്ന അധ്യായത്തിലും അതെ. പൊടിപ്പും തൊങ്ങലുകളും തിരുകിയേറ്റാൻ വർഗ്ഗീയ വികാരങ്ങൾ നടത്തുന്ന ശ്രമങ്ങൾ വരുത്തിവെയ്ക്കുന്ന ദുരന്തങ്ങൾ വലുതാണ്.മുസ്ലീം ന്യൂനപക്ഷ വിഭാഗം വർദ്ധിച്ചതോതിൽ വേട്ടയാടപ്പെട്ട തലശ്ശേരി കലാപം പോലുള്ള പല കലാപങ്ങളിലും അത്തരം തിരുകിയേറ്റലുകളുടെ തിക്തത കാണാനാകും. ഞാൻ ഇൻട്രോയിൽ സൂചിപ്പിച്ച പ്രകാരം,അത്തരം തിരുകിയേറ്റങ്ങൾ ചരിത്രയാഥാർത്ഥ്യങ്ങൾക്കു മേലാണു സംഭവിച്ചതെങ്കിൽ വന്നു കടന്നു പോകാൻ കാത്തിരിക്കുന്ന ഭൂത,വർത്തമാന,ഭാവി കാലങ്ങളിലെല്ലാം അതിന്റെ അനുരണനങ്ങളുണ്ടാകും. അസംഖ്യം തെളിവുകൾ അതുമായി ബന്ധപ്പെട്ട് നമുക്കു മുന്നിലുണ്ട്.കൃതിയിലെ `തലശ്ശേരി വർഗീയ കലാപം’ എന്ന അധ്യായം ശ്രദ്ധയോടെ വായിക്കേണ്ട ഭാഗമാണ്.രാഷ്ട്രീയ കൊലപാതകങ്ങളെ ആലോചിക്കുമ്പോൾ മലയാളികളിൽ പലരും ആഘാതത്തോളം തന്നെ അവ്യക്തതകൾ കൂടി ചേർത്ത് ചിന്തിക്കുന്ന കൊലയാണ് സഖാവ് അഴിക്കോടൻ രാഘവന്റേത്. ഒരു പക്ഷെ,രാഷ്ട്രീയ കേരളത്തെ അത്രമേൽ മരവിപ്പിച്ചു കളഞ്ഞൊരു കഠാരിമുനയുടെ പാളലാണത്.ആ പോറലിന്റെ നീറ്റം ഇടതു ഹൃദയങ്ങളിൽ ഒരു കാലത്തും അടങ്ങുകയുമില്ല.

കൊലപാതകത്തിന്മേൽ നിലനിൽക്കുന്ന അവ്യക്തതകൾക്കും അപ്പുറം എന്തെങ്കിലും കണ്ടെത്തിപ്പറയാൻ ആയിട്ടില്ലെങ്കിലും ദീർഘമായ കുറേ നെടുവീർപ്പുകളോടെ കടന്നുപോകേണ്ടി വരുന്ന അധ്യായമാണ് കൃതിയിലെ`അഴിക്കോടൻ രാഘവൻ വധം’.ഈ അധ്യായത്തിനു ശേഷമാണു ഞാൻ ‘എ വി ആര്യൻ പുറത്ത്’എന്ന അധ്യായം വായിച്ചത്.അതു നന്നായെന്നു തോന്നിയതിനാൽ അതുകൂടി ഇവിടെ പങ്കുവെയ്ക്കുന്നു.അടിയന്തരാവസ്ഥയാണ് കേരള രാഷ്ട്രീയ ചരിത്രത്തിനുമേൽ അതിശക്തമായ ആഘാതമേൽപ്പിച്ച രാഷ്ട്രീയ പ്രതിഭാസം. ജനാധിപത്യ ധ്വംസനത്തിന്റെ നടുക്കുന്ന സ്മരണകളാണത് ഐക്യകേരളത്തിനു സമ്മാനിച്ചത്.ചോരചുവയ്ക്കുന്ന ഒട്ടനവധി സംഭവങ്ങളുടെ പരമ്പരകൾ. അവയുടെയൊക്കെ ഏകദേശ ധാരണയെങ്കിലുമില്ലാത്ത ഒരു സാധാരണ പൗരനും ഈ സാക്ഷര കേരളത്തിൽ ഉണ്ടാകാൻ സാധ്യതയില്ല.കാരണം, ചരിത്രമായും ഫിക്ഷനായും ആവിഷ്കാരങ്ങളുടെ സകലമാന പ്രതലങ്ങളിലൂടെയും ആ കൊടിയ ഓർമ്മകൾ ഇന്നും സജീവമായിത്തന്നെ സമൂഹത്തിലുണ്ട്. അപ്പോഴും അറിയാത്തതായെന്തോ ബാക്കിയുണ്ടെന്ന സന്ദേഹങ്ങൾക്കു ശമനമില്ല.ചെറുതും എന്നാൽ സമഗ്രവുമായ എട്ട്  അധ്യായങ്ങളിലൂടെയാണ് കൃതി അടിയന്തരാവസ്ഥയെ പറയാൻ ശ്രമിക്കുന്നത്. അതെല്ലാം അറിയാത്തതെന്തോ ബാക്കിയുണ്ടെന്ന നമ്മുടെ സന്ദേഹങ്ങളിലേയ്ക്ക് പുതിയതായെന്തൊക്കെയോ കൂടി പറഞ്ഞുതരുന്നു.അതിൽ  പ്രധാനമായി തോന്നിയത്  ജനാധിപത്യത്തിന്റെ മൂല്യങ്ങളെല്ലാം കശാപ്പു ചെയ്യപ്പെട്ട, മൗലികാവകാശങ്ങളെല്ലാം രുദ്ധമാക്കപ്പെട്ട ആ അവസ്ഥയിൽ അന്നത്തെ നിയമസഭ കൂപ്പുകുത്തിയ ദയനീയാവസ്ഥയെ പറയാൻ ശ്രമിക്കുന്ന അധ്യായമാണ്. ലേശം ലജ്ജയോടെ മാത്രമേ ആ അധ്യായത്തെ സമീപിക്കാനാകൂ.

മറ്റൊന്ന് `കുടുംബാസൂത്രണ-വംശഹത്യകൾ’ എന്ന അധ്യായമാണ്. ഭീകരമായ തോതിൽ മർദ്ദനമുറകളും നരഹത്യകളും ഭരണകൂട അതിക്രമങ്ങളും ആ വേളയിൽ നടന്നു എന്നത് പുതിയ അറിവുകളല്ല.എന്നാൽ അധികമാർക്കും അറിയാത്ത  മനുഷ്യാവകാശ ലംഘനങ്ങളാണ് കുടുംബാസൂത്രണത്തിന്റെ പേരിലും ഇന്ദിരാഗാന്ധിയുടെ പ്രോത്സാഹനത്തോടെ വ്യാപകമാക്കപ്പെട്ട  വന്ധ്യംകരണം പദ്ധതിയിലൂടെയും നടമാടിയത്.വസ്തുതകളുടെ അടിസ്ഥാനത്തിൽ തന്നെ കൃതി അതേക്കുറിച്ചു വ്യക്തമാക്കുന്നുണ്ട്. ഇത്തരത്തിൽ അറിഞ്ഞിരിക്കേണ്ടതായ അനേകം അധ്യായങ്ങൾ…

മറ്റു കുറേ അധ്യായങ്ങൾ കൂടി വായിച്ചതാണെങ്കിലും എടുത്തു പറയേണ്ടതുണ്ടെന്നു തോന്നിയ ചിലതിനെ മാത്രമായ് ഇവിടെ ചൂണ്ടിയെന്നേയുള്ളൂ.പ്രത്യേകം പരാമർശന വിധേയമാക്കേണ്ട അനേകം അധ്യായങ്ങളുടെ ചേർപ്പാണ് ഈ കൃതി. മൂന്നു ഭാഗങ്ങളിലായി തിരിച്ച ബൃഹത്ഗ്രന്ഥം. രാഷ്ട്രീയ കേരളത്തിലാണു താൻ ജീവിക്കുന്നതെന്ന ബോധ്യമുള്ള ആരും അറിഞ്ഞിരിക്കേണ്ട വിവരങ്ങളാണിതിലെ ഉള്ളടക്കം.അനിനാൽ രാഷ്ട്രീയ ധാരണ ദൃഢമാക്കാൻ ആഗ്രഹിക്കുന്ന ഒരാളും ഒഴിവാക്കാൻ പാടില്ലാത്ത ഗ്രന്ഥംകൂടിയാണെന്നും എനിക്കു തോന്നുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.