ചരിത്രത്തിന്റെ ക്രോണിക്കിള്‍
‘കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം’ എന്ന പുസ്തകത്തിന് ആര്‍ കെ ബിജുരാജ് എഴുതിയ ആമുഖത്തില്‍ നിന്നും
ഒന്നിനെപ്പറ്റിയും ഒന്നും അറിയില്ലല്ലോ എന്ന് തോന്നുന്ന നിമിഷങ്ങള്‍ അറിയാതെ നമുക്ക് മുന്നിലേക്ക് ചിലപ്പോഴൊക്കെ ഇടിച്ചുകയറിവരും. അത്തരം മനസ്സുമടുപ്പിക്കുന്ന അനുഭവം എനിക്ക് നല്‍കിയത് കൂടുതലും ന്യൂസ് റൂമാണ്. അവിചാരിതമായി പൊട്ടിവീഴുന്ന ആരുടെയെങ്കിലും ചില രാഷ്ട്രീയ സംശയങ്ങള്‍ക്ക് ഉത്തരമില്ലാതെ പതറുമ്പോഴാവാം അത്. അല്ലെങ്കില്‍ അല്പം ആഴ്ചകള്‍ക്ക് മുമ്പ് നടന്ന ഒരു സംഭവത്തെക്കുറിച്ച് പറയുമ്പോഴോ എഴുതുമ്പോഴോ ആവാം. ആകെ അവ്യക്തത. സംശയം. അപ്പോള്‍ കുറച്ചു പതിറ്റാണ്ടുമുമ്പ് നടന്ന ഒരു രാഷ്ട്രീയ സംഭവത്തെക്കുറിച്ച് ചോദിക്കുമ്പോഴോ? അത്തരം കുറെയേറെ സംശയങ്ങളില്‍നിന്ന് ഉടലെടുത്തതാണ് ഈ പുസ്തകം. കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍, കഴിഞ്ഞ ഇരുപത് വര്‍ഷത്തെ പത്രപ്രവര്‍ത്തന ജീവിതത്തിനിടയില്‍ അഭിമുഖീകരിച്ച ചില രാഷ്ട്രീയചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഇത്.
ഐക്യകേരള രൂപീകരണത്തിനു ശേഷം ഇന്നുവരെയുള്ള രാഷ്ട്രീയചരിത്രമാണ് പുസ്തകം. എന്നാല്‍, ഇതിനെ ഒരു പത്രപ്രവര്‍ത്തകന്റെ നോട്ടുബുക്കായി കാണാനാണ് ഇഷ്ടം. ചരിത്രത്തെ ഒരു ക്രോണിക്കി ളായി അടയാളപ്പെടുത്തല്‍ മാത്രമാണിത്. സംശയങ്ങള്‍ തീര്‍ക്കാനും എളുപ്പത്തില്‍ എടുത്തുവായിക്കാനും പറ്റിയ വിധത്തില്‍ കുറെ വിവരങ്ങള്‍ രേഖപ്പെടുത്തിയ ഒരു ഡാറ്റാ ബുക്ക്. വേണമെങ്കില്‍ ഒരു കാലാനുസൃത വിവരണമെന്നോ പുരാവൃത്താഖ്യാനമെന്നോ വിശേഷിപ്പിക്കാം. അല്ലെങ്കില്‍ സംസ്ഥാനത്തിന്റെ ഇന്നോളമുള്ള രാഷ്ട്രീയ ചരിത്രങ്ങളുടെ വണ്‍ലൈന്‍ എന്നും വിളിക്കാം. മറിച്ച് ഇതൊരു സോഷ്യോപൊളിറ്റിക്കല്‍ പുസ്തകമോ കേരളത്തിന്റെ പൊളിറ്റിക്കല്‍ എക്കണോമിയോ അല്ല.
അപ്പോള്‍ പിന്നെ എന്തിനാണ് ഈ പുസ്തകം? ‘മുഖ്യധാര’യിലെ രാഷ്ട്രീയവും തൊഴുത്തില്‍ കുത്തുകളും ഒക്കെ ചേര്‍ന്നാണ് നമ്മുടെ ഇന്നത്തെ കേരളം എന്നതുതന്നെ ഉത്തരം. അതുംകൂടി പരിഗണിക്കാതെ ‘കേരള പഠനം’ പൂര്‍ണമാവില്ല. കുറെയേറെ അധ്വാനവും സമയവും ഈ പുസ്തകത്തിന് വേണ്ടി ചെലവഴിച്ചിട്ടുണ്ട്. വിവരങ്ങള്‍ ലഭിക്കാനും പഠിക്കാനും ഒക്കെയായി കുറഞ്ഞത് അഞ്ചു വര്‍ഷമെങ്കിലും. കഴിയാവുന്നിടത്തോളം പ്രസക്തമായ എല്ലാ രാഷ്ട്രീയ സംഭവവികാസങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിശ്വാസം.
Comments are closed.