DCBOOKS
Malayalam News Literature Website

ബ്രഹ്മപുരം കത്തുന്നു

ഐ ഗോപിനാഥിന്റെ ‘കേരളത്തിലെ ജനകീയ സമരങ്ങളുടെ ചരിത്രം’  എന്ന പുസ്തകത്തിൽ നിന്നും

എറണാകുളം നഗരമാലിന്യങ്ങൾ ഏറെക്കാലം ചുമക്കുകയും അതിനെതിരെ ശക്തമായ പോരാട്ടം നടത്തുകയും ചെയ്തവരാണ് ബ്രഹ്മപുരം നിവാസികൾ. അവിടെ പ്രവർത്തിക്കുന്നുണ്ടായിരുന്ന മാലിന്യസംസ്കരണ പ്ലാന്റ് അടച്ചുപൂട്ടാനാവശ്യപ്പെട്ടായിരുന്നു വർഷങ്ങളോളം അവർ സമരം ചെയ്തത്. എന്നാൽ പ്ലാന്റിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതിയുമായി കൊച്ചി നഗരസഭ മുന്നോട്ടുപോകുകയാണ്. ജില്ലയ്ക്കുപുറത്തുനിന്നു പോലും മാലിന്യം ബ്രഹ്മപുരത്തേക്ക് കൊണ്ടുവരാനാണ് നീക്കമെന്ന് അക്കാലത്തു പ്രദേശവാസികൾക്ക് ആശങ്കയുണ്ടായിരുന്നു. കൊച്ചി കോർപ്പറേഷൻ സമീപത്തെ മുൻസിപ്പാലിറ്റി, പഞ്ചായത്തുകൾ എന്നിവിടങ്ങളിൽനിന്നും ശരാശരി 200 ടൺ മാലിന്യമാണ് അതിനു മുമ്പ് എത്തിയിരുന്നത്. പുതിയ പദ്ധതിയോടെ ഇത് 300 ടൺ ആയി മാറും.

2007-ലാണ് ഇവിടെ നിലവിലെ പ്ലാന്റ് സ്ഥാപിച്ചത്. വി.എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി പാലൊളി മുഹമ്മദ്കുട്ടിയാണ് പ്ലാന്റിന് തറക്കല്ലിട്ടത്. അതോടെ ഇവിടത്തെ ജീവിതം നരകതുല്യമായി. വായുവും മണ്ണും വെള്ളവും മലിനമായി. അന്തരീക്ഷം രൂക്ഷഗന്ധത്താൽ അസഹ്യമായി. പലരുടെയും ജീവിതമാർഗ്ഗങ്ങൾ മുട്ടി. ഒരുപാടുപേരുടെ കൃഷിഭൂമി നഷ്ടപ്പെട്ടു. പ്രധാന ജലസ്രോതസ്സായ കടമ്പയാറിനൊപ്പം ചിത്രപ്പുഴ, മനക്കപ്പുഴ എന്നിവയും മലിനമായി. അതോടെ ഈ പ്രദേശത്ത് രോഗങ്ങൾ വ്യാപകമായി. അന്നു മുതലേ സമരവും നിയമയുദ്ധവുമാരംഭിച്ചിരുന്നു. പദ്ധതി വന്നതിനു ശേഷം ആദ്യവാരം തന്നെ ജനങ്ങൾ ഹർത്താൽ ആചരിച്ചു. മാലിന്യലോറി തടയലും അറസ്റ്റും കേസുമൊക്കെ നിത്യസംഭവമായി.

മാലിന്യം വളമാക്കി മാറ്റുന്ന പ്രക്രിയയാണ് പ്ലാന്റിൽ നടന്നുകൊണ്ടിരുന്നത്. 45 ദിവസത്തോളം മാലിന്യങ്ങൾ Textഉണങ്ങിയതിനുശേഷമാണ് പ്രോസസിങ് നടത്തുന്നത്. ശേഷിക്കുന്ന പ്ലാസ്റ്റിക് മാലിന്യം അവിടെ വെച്ച് തന്നെ കത്തിക്കും. മാലിന്യക്കൂമ്പാരത്തിൽ കുടുംബമായി ജീവിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് മാലിന്യത്തിൽനിന്നും പ്ലാസ്റ്റിക് വേർതിരിച്ചിരുന്നത്. അവരുടെ ജീവിതം ദുരിതമയമായിരുന്നു. മലിനീകരണം രൂക്ഷമായപ്പോൾ 70 ഓളം കുടുംബങ്ങളെ ആ പ്രദേശത്തു നിന്നും ഒഴിപ്പിച്ചിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ കൂടുതൽ മാലിന്യം വരുന്ന പുതിയ ഒരു സംരംഭത്തെയും അനുവദിക്കില്ല എന്ന തീരുമാനത്തിലാണ് പ്രദേശവാസികൾ ഉണ്ടായിരുന്നത്.

അതിനിടയിലാണ് 2019 മാർച്ചിൽ ഇവിടെ ദിവസങ്ങളോളംമാലിന്യ ങ്ങൾക്ക് തീപിടിച്ചത്. കെട്ടിക്കിടന്ന പ്ലാസ്റ്റിക് മാലിന്യത്തിൽനിന്നാണു പുക ഉയർന്നത്. നിരവധി ടാങ്കുകളിൽ വെള്ളമെത്തിച്ചടിച്ച് തീയണക്കാൻ ശ്രമിച്ചെങ്കിലും പുക നിലച്ചില്ല. തുടർന്ന് ജെ.സി.ബിയും ഹിറ്റാച്ചിയും എത്തിച്ചു മാലിന്യക്കൂന ഇളക്കി വെള്ളം ചീറ്റിച്ചതോടെയാണു നേരിയ ശമനമുണ്ടായത്. തീപിടിത്തം നിയന്ത്രണവിധേയമായെങ്കിലും എറണാകുളം നഗരത്തിൽ പുകപടർന്ന് ആളുകൾക്കു ശ്വാസതടസ്സവും അനുഭവപ്പെട്ടു. കണ്ണെരിച്ചിലും വൈറ്റില, മരട്, അമ്പലമുകൾ, കട വന്ത്ര ഭാഗങ്ങളിൽ പുകയും രൂക്ഷഗന്ധവും നിറഞ്ഞു. അസ്വസ്ഥത അനുഭവപ്പെട്ട കച്ചവടക്കാരുൾപ്പെടെ നിരവധിപേർ ചികിത്സ തേടി. തുടർന്ന് ദിവസങ്ങളോളം പ്രദേശവാസികൾ മാലിന്യവണ്ടികൾ തടഞ്ഞു. കോർപ്പറേഷനിലേക്ക് മാർച്ച് നടത്തി. പഞ്ചായത്ത് അധികൃതരും സമരത്തിൽ പങ്കെടുത്തു. എന്നാൽ സംഭവത്തിനു പുറകിൽ തങ്ങളുടെ പദ്ധതിയെ തകർക്കാനുള്ള അട്ടിമറിയെന്നാണ് നഗരസഭയുടെ ആരോപണം. തുടർന്ന് കളക്ടറും മറ്റും ഇടപെട്ടാണ് പ്ലാന്റിന്റെ സുരക്ഷ വർദ്ധിപ്പിക്കാമെന്ന ഉറപ്പിൽ സമരം പിൻവലിച്ചത്. എന്നാൽ ദിവസങ്ങൾക്കുള്ളിൽ വീണ്ടും മാലിന്യമലയ്ക്കു തീപിടിച്ചു. എന്തിനേറെ, 2021 മാർച്ചിൽ പോലും തീപിടിത്തം ആവർത്തിച്ചു. നാട്ടുകാരുടെ ദുരന്തങ്ങൾക്ക് അവസാനമില്ല എന്നോർമ്മിപ്പിച്ച്.

എന്തായാലും ഇവിടെ മാലിന്യത്തിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പ്ലാന്റ് സ്ഥാപിക്കാനാണ് സർക്കാർ നീക്കം. 500 മെട്രിക് ടൺ ഖരമാലിന്യംവരെ സംസ്കരിക്കാൻ ശേഷിയുള്ള പ്ലാന്റാണ് പദ്ധതിയിലുള്ളത്. അതിൽനിന്നും 12.65 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് അവകാശപ്പെടുന്നത്. 330 മെട്രിക് ടൺ തരംതിരിക്കാത്ത ഖരമാലിന്യം ശേഖരിച്ച് കോർപ്പറേഷൻ ബ്രഹ്മപുരത്ത് എത്തിച്ച് നൽകണം. മലിനീകരണപ്രശ്നമുണ്ടാകില്ലെന്നാണ് അവകാശവാദം. വായുമലിനീകരണം തടയുന്നതിനായി ബാഗ് ഹൗസ് ഫിൽട്ടർ സ്ഥാപി ക്കും. വൈദ്യുതി ഉത്പാദിപ്പിക്കുമ്പോൾ പുറത്തുവിടുന്ന അമ്ലം നിറഞ്ഞ വാതകം കുമ്മായം ഉപയോഗിച്ചാണ് നീക്കം ചെയ്യുക. ഫുഗ്യാസ് മോനിറ്ററിങ് സിസ്റ്റം ഉണ്ടാകും. താപനിയന്ത്രണം മൂലമുള്ള ഗ്യാസിഫിക്കേഷൻ പ്രക്രിയ ഡയോക്സിന്റെയും ഫ്യൂറാന്റെയും ഉത്പാദനം കുറയ്ക്കും. പുറന്തള്ളുന്ന മലിനജലം ശുദ്ധീകരിച്ചെടുക്കും. ഖരമാലിന്യം സംസ്കരിക്കുമ്പോൾ ദുർഗന്ധം ഉണ്ടാകുമെന്ന് പദ്ധതി റിപ്പോർട്ടിൽ സമ്മതിക്കുന്നുണ്ട്. എന്നാൽ അന്തരീക്ഷത്തിൽ ജലകണികകളും ചില രാസപദാർത്ഥങ്ങളും സ്പ്രേ ചെയ്ത് ദുർഗന്ധമുണ്ടാക്കുന്ന കണികകളെ രാസപ്രക്രിയയിലൂടെ ഇല്ലാതാക്കുമെന്നാണ് അവകാശവാദം. എന്നാൽ ജീവിതം ദുരി തമയമായ സാഹചര്യത്തിൽ ഒരു പ്ലാന്റും തങ്ങൾ അനുവദിക്കില്ല എന്നാണ് നാട്ടുകാരുടെ നിലപാട്.

തുടർന്ന് വായിക്കാൻ ക്ലിക്ക് ചെയ്യൂ

Comments are closed.