ഐ ഗോപിനാഥിന്റെ ‘കേരളത്തിലെ ജനകീയ സമരങ്ങളുടെ ചരിത്രം’; മേധാപട്കര്‍ പ്രകാശനം ചെയ്തു
ഐ ഗോപിനാഥിന്റെ ഏറ്റവും പുതിയ പുസ്തകം ‘കേരളത്തിലെ ജനകീയ സമരങ്ങളുടെ ചരിത്രം’ കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ നടന്ന സില്‍വര്‍ ലൈന്‍ പ്രതിരോധ സമരസംഗമത്തില്‍വെച്ച് മേധാപട്കര്‍ പ്രകാശനം ചെയ്തു. സമര നായിക 75 വയസുള്ള യശോദാമ്മ പുസ്തകത്തിന്റെ ആദ്യപ്രതി സ്വീകരിച്ചു. ഡി സി ബുക്‌സാണ് പ്രസാധകര്‍. അവതാരിക സി ആർ നീലകണ്ഠൻ.
നമ്മുടെ നാട്ടിൽ രാഷ്ട്രീയനേതൃത്വങ്ങൾക്കും പൊതു സമൂഹത്തിനുതന്നെയും ഒരു ധാരണയുണ്ട്. വലിയ രാഷ്ട്രീയ സാമുദായിക ശക്തികൾക്ക് മാത്രമേ ജനകീയ സമരങ്ങൾ നടത്തി വിജയിപ്പിക്കാൻ കഴിയു എന്ന്. പക്ഷേ, കഴിഞ്ഞ മൂന്നോളം പതിറ്റാണ്ടുകളായി ഈ നേതൃത്വങ്ങൾ ഭരണപ്രതിപക്ഷങ്ങൾ ചെയ്യുന്ന അനുഷ്ഠാനസമരങ്ങളൊഴിച്ച് കേരളത്തിന്റെ ദിശ നിർണയിക്കുന്ന ഒരു സമരവും ചെയ്തിട്ടില്ല. കേരളത്തിൽ നടന്ന നൂറുകണക്കിന് ജനകീയസമരങ്ങൾ നമ്മുടെ ചരിത്രത്തിൽ നിർണ്ണായകമായ ചലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. മുഖ്യധാരാരാഷ്ട്രീയത്തെ സ്വാധീനിക്കാനും അവരുടെ നിലപാട് തിരുത്തിക്കാനും അത്തരം സമരങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. പ്ലാച്ചിമട എൻഡോസൾഫാൻ, നെൽവയൽ, വനം, പുഴ, കായൽ തുടങ്ങിയവയുടെ സംരക്ഷണം തുടങ്ങി നിരവധി പരിസ്ഥിതിവിഷയങ്ങൾ ആദിവാസി ഭൂമി ദളിത് സമൂഹത്തിനു ഭൂമിയിലുള്ള അവകാശം (ഭാഗികമായെങ്കിലും), കുടിയൊഴിക്കലുമായി ബന്ധപ്പെട്ട നയങ്ങൾ, മാലിന്യം, കാലാവസ്ഥാമാറ്റം, സ്ത്രീ-പുരുഷബന്ധങ്ങൾ, ട്രാൻസ്ജെന്റർ പോലുള്ള വിഷയങ്ങൾ എന്നിങ്ങനെ പലതും മുഖ്യധാരയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത് ഈ സമരങ്ങളുടെ നേട്ടങ്ങളാണ്. ഈ സമരങ്ങൾ ഇല്ലായിരുന്നെങ്കിൽ ഈ വിഷയങ്ങൾ മുഖ്യധാരാ കേരളീയ സമൂഹം ചർച്ച ചെയ്യാൻ തന്നെ സാധ്യതയില്ല. ആ അർത്ഥത്തിൽ മിക്കസമരങ്ങളും വിജയം തന്നെയാണ്. ആ സമരങ്ങളുടെ ചരിത്രം അടയാളപ്പെടുത്തുകയാണ് ഈ പുസ്തകം.
Comments are closed.