DCBOOKS
Malayalam News Literature Website

‘കേരളസിംഹം’; വീരപഴശ്ശിരാജയുടെ കഥ പറയുന്ന ചരിത്രനോവല്‍

വീരപഴശ്ശിരാജയുടെ കഥ പറയുന്ന മലയാളത്തിലെ ഏറ്റവും മികച്ച ചരിത്രനോവല്‍ സർദാർ കെ എം പണിക്കർ രചിച്ച ‘കേരളസിംഹം’ എന്ന നോവലില്‍ നിന്നും ഒരു ഭാഗം

പുരളിമല കോട്ടയം നാടിന്റെ നട്ടെല്ലുപോലെ കിടക്കുന്ന ഒരു പര്‍വത പംക്തിയാണ്. ആന, കടുവാ, പുലി, കാട്ടുപോത്ത് മുതലായ ഘോരമൃഗങ്ങള്‍ നിറഞ്ഞിരുന്ന ആ മലകളില്‍ വേടര്‍, കുറിച്യര്‍ മുതലായവരല്ലാതെ ആരുംതന്നെ കുടിയേറി പാര്‍ത്തിരുന്നില്ല. പൊക്കമേറിയ വൃക്ഷങ്ങള്‍, ശാഖോപശാഖയായി പടര്‍ന്നുകിടന്നിരുന്ന ആ മലയുടെ കാടുകളില്‍ സൂര്യരശ്മിക്കുപോലും പ്രവേശനമില്ലായിരുന്നു. തിങ്ങിവളര്‍ന്നും മരങ്ങളില്‍ പടര്‍ന്നും ഭൂഭാഗം മൂടിയിരുന്ന കാട്ടുചെടികളും വള്ളികളുംകൊണ്ട് ആ കാടുകളില്‍ വനചരന്മാര്‍ക്കുപോലും സഞ്ചരിക്കുന്നതിന് എളുപ്പമായിരുന്നില്ല. ഇടവപ്പാതി കഴിഞ്ഞു വൃക്ഷലതാദികള്‍ സമൃദ്ധമായി പൊട്ടിച്ചിനച്ചും ഇലവീശിയും തങ്ങളുടെ ശാഖാപത്ര സമ്പത്തുകള്‍ പൂര്‍ണമായി കാട്ടി പ്രകൃതിദേവിയുടെ പ്രസാദത്തെ അഭിനന്ദിക്കുന്ന കാലമായിരുന്നു അത്.

പുരളിമല കോട്ടയം രാജ്യത്തിന്റെ രണ്ടാം തലസ്ഥാനമായിട്ട് ഒരു കാല്‍ശതാബ്ദം കഴിഞ്ഞിരിക്കുന്നു. ഹേദര്‍നായ്ക്കന്റെ കാലത്തു മലകേറിയ കേരളവര്‍മ്മ പുരളിമലയുടെ അഭയദാനശക്തിയില്‍ പൂര്‍ണമായി വിശ്വസിച്ച്, ആവശ്യം വന്നാല്‍ തനിക്കു പിന്നെയും താമസിക്കുന്നതിനു വേണ്ട ഏര്‍പ്പാടുകള്‍ ദീര്‍ഘദര്‍ശിത്വത്തോടെ ചെയ്തിട്ടുണ്ടായിരുന്നു. കാട്ടില്‍ ഒട്ടധികം ഉള്ളിലായി ഒരു ഭാഗം തെളിച്ച് അവിടെ ഒരു ചെറിയ ഭവനവും ഭഗവതീക്ഷേത്രവും കൂടെയുള്ളവരുടെ ആവശ്യത്തിനു നെടുംപുരകളും ആയുധങ്ങള്‍വെച്ചു സൂക്ഷിക്കുന്നതിനു ചില കല്ലറകളും എല്ലാം നിര്‍മ്മിച്ചു പാകപ്പെടുത്തിയിരുന്നു. അവിടെ ചെന്നുചേരുന്നതിനുള്ള വഴി പ്രധാനപ്പെട്ട ചില നായകന്മാര്‍ക്കും വിശ്വസ്തരായ കുറിച്യര്‍ക്കും മാത്രമേ അറിവുണ്ടായിരുന്നുള്ളു. തമ്പുരാന്‍ കമ്പിനിയുമായി സന്ധിചെയ്തു നാടുവാണിരുന്ന കാലത്ത്, പരദേശത്തുനിന്നു ചില ഖനനന്മാരെ വരുത്തി, അവിടെ ചില തുരങ്കങ്ങളും സമീപത്തിലുണ്ടായിരുന്ന ഗുഹകള്‍ക്കകത്തു ചില പണികളും നടത്തിയിരുന്നതായി ജനശ്രുതിയുണ്ടായിരുന്നു. അതിന്റെ വാസ്തവം തമ്പുരാനും അദ്ദേഹത്തിന്റെ അനന്തരവരായ തമ്പുരാക്കന്മാര്‍ക്കും കുറിച്യരുടെ തലവനും ഒന്നുരണ്ടു കാര്യക്കാരന്മാര്‍ക്കും മാത്രമേ അറിവുണ്ടായിരുന്നുള്ളൂതാനും.

Text

കണ്ടകശ്ശനികൊണ്ടു ജാതകപ്രകാരം കാനനവാസമാണ് തനിക്കു വിധിച്ചിട്ടുള്ളതെന്നു വിശ്വസിച്ചിരുന്ന ആ ജ്യോതിശ്ശാസ്ത്രജ്ഞന്‍ പുരളിമലയില്‍ മാത്രമല്ല, ഇങ്ങനെ തന്റെ താമസത്തില്‍ വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പാടു ചെയ്തിരുന്നത്. വയനാട്ടിലെ ദുര്‍ഗമങ്ങളായ പല കാടുകളിലും ഇപ്രകാരമുള്ള ഏര്‍പ്പാടുകള്‍ ചെയ്തിരുന്നു എന്ന സംഗതി പ്രധാനികളായ കാര്യക്കാരന്മാര്‍ അറിഞ്ഞിരുന്നു. അവിടെയെല്ലാം കുറിച്യന്മാരെയും വേടന്മാരെയും കാവലിനായി താമസിപ്പിച്ചിരുന്നതുകൊണ്ട്, ആ സ്ഥലങ്ങളില്‍ ശത്രുബാധയുണ്ടാകയില്ലെന്ന് അദ്ദേഹത്തിനു നിശ്ചയമുണ്ടായിരുന്നു.

പഴശ്ശിക്കൊട്ടാരം വിട്ടു മലയിലേയ്ക്കു കയറിയതു തങ്ങളെ ഭയന്നാണെന്നു കമ്പിനിയാന്മാര്‍ വിചാരിച്ചുവെങ്കിലും വാസ്തവത്തില്‍ അങ്ങനെ ആയിരുന്നില്ല. അവരോടു പടവെട്ടുന്നതിനു കൂടുതല്‍ സൗകര്യം ആ മലമ്പ്രദേശങ്ങളില്‍ സ്ഥാനമുറപ്പിച്ചാലാണ് ഉണ്ടാകുന്നതെന്ന്, മലയുദ്ധത്തില്‍ ചിരപരിചയംകൊണ്ട് ദൃഢവിശ്വാസമുണ്ടായിരുന്ന തമ്പുരാന്‍ അങ്ങനെ ഒരടവെടുത്തതായിരുന്നു. തമ്പുരാന്‍ ഭയന്നു കാട്ടിലൊളിച്ചിരിക്കയാണെന്ന് ആഹ്ലാദിച്ച കര്‍ണല്‍ വെല്ലസ്ലിയും അയാളുടെ കീഴിലുണ്ടായിരുന്ന സേനാനായകന്മാരും ഇതുതന്നെ കോട്ടയം ദേശം തങ്ങളുടെ കീഴില്‍ കൊണ്ടുവരുന്നതിനുള്ള അവസരമെന്നു തീര്‍ച്ചയാക്കി. അതിലേയ്ക്കു പ്രാരംഭച്ചടങ്ങായി അവര്‍ തീര്‍ച്ചപ്പെടുത്തിയത്, തമ്പുരാനെ സ്ഥാനത്തില്‍നിന്നു നീക്കിയിരിക്കുന്നതായും തമ്പുരാന്റെ അധികാരങ്ങളെല്ലാം കമ്പിനി നേരിട്ടെടുത്തിരിക്കുന്നതായും ഒരു വിളംബരം പ്രസിദ്ധപ്പെടുത്തുകയായിരുന്നു. മേലാല്‍ ആരുംതന്നെ ‘പഴശ്ശിരാജാവെന്നുപറയുന്ന കേരളവര്‍മ്മ’യ്‌ക്കോ അയാളുടെ ആള്‍ക്കാര്‍ക്കോ യാതൊരു സഹായവും ചെയ്തുപോകരുതെന്നും, അങ്ങനെ സഹായം ആരെങ്കിലും ചെയ്തുപോയാല്‍ അവരെ കമ്പിനി കഠിനമായി ശിക്ഷിക്കുമെന്നും ഇതുവരെ കലാപങ്ങളില്‍ ഏര്‍പ്പട്ടിരുന്നവര്‍ തോക്കും വാളും വെയ്ക്കുന്നുവെങ്കില്‍ കമ്പിനി അവര്‍ക്കു മാപ്പു കൊടുക്കുമെന്നുമായിരുന്നു അവര്‍ വിളംബരം ചെയ്‌വാന്‍ തീര്‍ച്ചപ്പെടുത്തിയത്. തമ്പുരാന്‍ ഭയന്നു കാടുകയറിയിരിക്കുന്ന സ്ഥിതിക്ക് ഇപ്രകാരം ഒരു വിളംബരം, തക്കതായ സേനാശക്തിയുടെ പ്രദര്‍ശനത്തോടുകൂടി, മാനഞ്ചേരിയില്‍വെച്ചുതന്നെ ചെയ്യുകയാണെങ്കില്‍ നാട്ടുകാര്‍ തമ്പുരാനെ പരസ്യമായി ഉപേക്ഷിച്ചു കമ്പിനിയെത്തന്നെ ആശ്രയിക്കാതിരിക്കയില്ലെന്നാണ് അവരുടെ വശത്തുണ്ടായിരുന്ന ചില നാട്ടുകാര്‍ ഉപദേശിച്ചത്. അങ്ങനെ തങ്ങളുടെ ശക്തി കോട്ടയം നാട്ടില്‍ത്തന്നെ നടത്തിക്കഴിഞ്ഞാല്‍ പുരളിമല വളയുന്നതിനും തമ്പുരാനെ പിടിക്കുന്നതിനും വൈഷമ്യമുണ്ടാവുകയില്ലെന്നും അവര്‍ തീര്‍ച്ചപ്പെടുത്തി. നാട്ടുകാരെ കീഴടക്കി, തമ്പുരാനു ഭക്ഷണസാധനങ്ങള്‍ വിലക്കിയിട്ട്, യുദ്ധവീരരായ കമ്പിനിയുടെ ശിപായികള്‍ പുരളിമലയെ ഓരോ വശത്തുനിന്നും ഒന്നിച്ചാക്രമിക്കണമെന്നായിരുന്നു അവരുടെ ആലോചന.

ഈ ആലോചനയുടെ പൂര്‍ണസ്വരൂപം ചാരന്മാര്‍ മുഖാന്തരം തമ്പുരാന്‍ അറിഞ്ഞിരുന്നു. കമ്പനിയാന്മാര്‍ ഇതിലേയ്ക്കായി ശേഖരിച്ചിട്ടുള്ള സേനയുടെ ബലം എന്തെന്നും അവര്‍ ഏതെല്ലാം വഴിയില്‍ക്കൂടിയാണ് ആക്രമിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും സൂക്ഷ്മമായി അറിഞ്ഞുവരുന്നതിനാണ് തന്റെ വിശ്വസ്ത കാര്യക്കാരായ അമ്പുനായരെ തലശ്ശേരിക്കയച്ചിരുന്നത്. അമ്പു തന്റെ അന്വേഷണങ്ങളുടെ ഫലം തമ്പുരാനെ അറിയിച്ചുകഴിഞ്ഞിരുന്നില്ല.

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Leave A Reply