എരിയുന്ന നാവ്; കേരളം കേട്ട വിപ്ലവപ്രസംഗങ്ങള്‍
പ്രസംഗങ്ങള്‍ ചരിത്രം സൃഷ്ടിക്കുകയും ചരിത്രത്തെ മാറ്റിനിര്‍ത്തുകയും ചെയ്യും. ജനതയെ ഇളക്കിമറിച്ച, കാലത്തിന്റെ ഗതിമാറ്റിയ നൂറുകണക്കിന് ഉജ്ജ്വല പ്രസംഗങ്ങളാണ് കേരളം കേട്ടത്. നവോത്ഥാന-സാമൂഹികമുന്നേറ്റം, സ്വാതന്ത്ര്യസമരം, നാടുവാഴിത്തവിരുദ്ധ മുന്നേറ്റം, കമ്മ്യൂണിസ്റ്റ് വിപ്ലവനീക്കങ്ങള്‍ എന്നിവയെല്ലാം എണ്ണിയാലൊടുങ്ങാത്ത ചരിത്രപ്രധാനമായ പ്രസംഗങ്ങള്‍ നമുക്കു കേള്‍ക്കാം. സംസ്ഥാനരീപൂകരണത്തിന് മുമ്പും പിമ്പുമായി കേരളം കേട്ട പ്രധാനപ്പെട്ട പ്രസംഗങ്ങളെ കാലക്രമമനുസരിച്ച് രേഖപ്പെടുത്തുകയാണ് ഡി സി ബുക്‌സ് കേരളം 60 പരമ്പരയില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച കേരളം കേട്ട വിപ്ലവപ്രസംഗങ്ങള്‍-എരിയുന്ന നാവ് എന്ന പുസ്തകം. ആര്‍ കെ ബിജുരാജ് തയ്യാറാക്കിയ ഈ പുസ്തകത്തില്‍ ഡോ പി പല്പു, നാരായണഗുരു, അയ്യന്‍കാളി, വക്കം മൗലവി, കുമാരനാശാന്‍, എം കെ ഗാന്ധി, വി ടി ഭട്ടതിരിപ്പാട്, ഇ എം എസ് തുടങ്ങി അക്കാലത്തെ ശക്തരായ സാമൂഹിക സാംസ്‌കാരിക രാഷട്രീയ നേതാക്കന്മാര്‍ മുതല്‍ പിണറായി വിജയന്‍, ആര്‍ ബലകൃഷ്ണപിള്ള, ഗൗരിയമ്മ, സി കെ ജാനു, അബ്ദുന്നാസിര്‍ മഅ്ദനി, എം എന്‍ വിജയന്‍ വരെയുള്ളവരുടെ തീപാറുന്ന പ്രസംഗങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പുസ്തകത്തിന് ആര്‍ കെ ബിജുരാജ് എഴുതിയ ആമുഖം;
പ്രസംഗങ്ങള്‍ ചരിത്രം സൃഷ്ടിക്കുകയും ചരിത്രത്തെ മാറ്റി മറിക്കുകയും ചെയ്യും. ജനതയെ ഇളക്കിമറിച്ച, കാലത്തിന്റെ ഗതിമാറ്റിയ നൂറുകണക്കിന് ഉജ്ജ്വല പ്രസംഗങ്ങളാണ് കേരളം കേട്ടത്. നവോത്ഥാന-സാമൂഹ്യ മുന്നേറ്റം, സ്വാതന്ത്ര്യസമരം, നാടുവാഴിത്ത വിരുദ്ധ മുന്നേറ്റം, കമ്യൂണിസ്റ്റ് വിപ്ലവ നീക്കങ്ങള്‍ എന്നിവയിലെല്ലാം എണ്ണിയാലൊടുങ്ങാത്ത ചരിത്രപ്രധാനമായ പ്രസംഗങ്ങള്‍ നമുക്ക് കേള്‍ക്കാം. സംസ്ഥാന രൂപീകരണത്തിന് മുമ്പും പിമ്പുമായി ‘കേരളം’ കേട്ട പ്രധാനപ്പെട്ട പ്രസംഗങ്ങള്‍ കാലാക്രമമനുസരിച്ച് രേഖപ്പെടുത്താനാണ് ഈ പുസ്തകത്തിന്റെ ശ്രമം. ഇത്തരമൊരു പുസ്തകം എഴുതണമെന്ന് ആവശ്യപ്പെട്ടതിനും പുസ്തകം പൂര്‍ത്തിയാക്കുന്നതിനുമിടയില്‍ കുറഞ്ഞ സമയമാണ് അനുവദിച്ചുകിട്ടിയത്. ആ സമയത്ത്, സാധ്യമായ എല്ലാ പ്രധാന പ്രസംഗങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചിട്ടുണ്ട്. എങ്കിലും പലതും വിട്ടുപോയിട്ടുണ്ടാകാം.
കേരളത്തിന്റെ ഇന്നലെകള്‍ ഈ പ്രസംഗങ്ങളിലൂടെ ഒരു രാഷ്ട്രീയ വിദ്യാര്‍ഥിക്ക് വായിച്ചെടുക്കാനാകും എന്ന കാര്യത്തില്‍ സംശയമില്ല. 1906 മുതല്‍ ഇങ്ങോട്ടുള്ള 110 കൊല്ലത്തെ പ്രധാന പ്രസംഗങ്ങളില്‍ നിന്ന് കേരളത്തിന്റെ ചരിത്രം, കുറഞ്ഞത് അതിന്റെ ഒരു പരിഛേദമെങ്കിലും വായനക്കാര്‍ക്ക് ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
ചില ചരിത്ര പുസ്തകങ്ങളിലും ലേഖനങ്ങളിലും ഉള്ള പരാമര്‍ശവും സൂചനകളുമാണ് ഓരോ പ്രസംഗത്തിലേക്കും ഗ്രന്ഥകാരനെ നയിച്ചത്. ഓരോ പ്രസംഗത്തിന്റെ ഒടുവിലും സൂചികയായി പ്രസംഗം എവിടെ നിന്ന്, എത് സോഴ്‌സില്‍ നിന്നാണ് ലഭിച്ചതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. വായനക്കാര്‍ക്കും ചരിത്ര വിദ്യാര്‍ഥികള്‍ക്കും കൂടുതല്‍ അന്വേഷണത്തിനും പഠനത്തിനും അത് അവസരം നല്‍കും. ശ്രീമൂലം പ്രജാസഭ, കൊച്ചി നിയമസഭ, തിരു-കൊച്ചി നിയമസഭ, കേരള നിയമസഭ എന്നിവിടങ്ങളില്‍ ജനപ്രതിനിധികള്‍ നടത്തിയ എല്ലാ പ്രസംഗങ്ങളുടെയും ആധികാരികത ഈ സഭകളിലെ നടപടിക്രമങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
ആധികാരികമല്ലെന്ന് തോന്നിയതിനാലും യഥാര്‍ത്ഥ സ്രോതസ് കണ്ടെത്താനാവാത്തതിനാലും പല പ്രസംഗങ്ങളും ഒഴിവാക്കേണ്ടിവന്നു. വള്ളത്തോള്‍ നാരായണ മേനോന്‍, വൈലോപ്പിള്ളി ശ്രീധരമേനോന്‍, തുടങ്ങിയവരുടെ പുസ്തകരൂപത്തില്‍ വന്ന ഉപന്യാസങ്ങള്‍നലേഖനങ്ങളില്‍ ചിലത് പ്രസംഗങ്ങളാണെന്ന് ജീവചരിത്രകാരന്‍മാര്‍ സൂചിപ്പിക്കുന്നുണ്ട്. പക്ഷേ, അത് മുഖവിലക്കെടുക്കുന്നതില്‍ ഒരു അപകടമുണ്ട്. ആദ്യം നടത്തിയ പ്രസംഗം പിന്നീട് തയ്യാറാക്കപ്പെട്ട ലേഖനത്തില്‍ നിന്ന് വ്യത്യസ്തമാകാന്‍ ഇടയുണ്ട്. അക്കാരണത്താല്‍ തന്നെ ചില ‘പ്രസംഗങ്ങള്‍’ ഒഴിവാക്കി.ഇതേ കാരണംമൂലമാണ് ഇസ്‌ലാം മത പരിഷ്‌കരണത്തിനായി നിലകൊണ്ടതിന് കൊലചെയ്യപ്പെട്ട ചേകന്നൂര്‍ മൗലവിയുടെ പ്രഭാഷണങ്ങളില്‍ ഒന്നെങ്കിലും പുസ്തകത്തില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടതും. നേരിട്ട മറ്റൊരു പ്രധാന പ്രശ്‌നമാണ് സ്ഥലപരിമിതി. ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതിനേക്കാള്‍ കൂടുതല്‍ പ്രസംഗങ്ങള്‍ വേദനയോടെ ഒഴിവാക്കേണ്ടിവന്നു.
ഈ പുസ്തകത്തിലെ പ്രസംഗങ്ങള്‍ ഒന്നൊന്നായി വായിച്ച് അവസാന ഭാഗത്തുന്ന ഒരാള്‍ക്ക് വലിയ രീതിയില്‍ നിരാശ ചിലപ്പോള്‍ ബാധിച്ചേക്കാം. ആദ്യ ഘട്ടങ്ങളില്‍ ഗൗരവമായ സാമൂഹ്യ-രാഷ്ട്രീയ-സാമ്പത്തിക-സാംസ്‌കാരിക വിഷയങ്ങളാണ് കേരള സമൂഹം ചര്‍ച്ച ചെയ്യുന്നതെങ്കില്‍ അവസാന ഭാഗമെത്തുമ്പോള്‍ പ്രസംഗങ്ങള്‍ വെറും കൊലവെറികളോ ഭീഷണികളോ ആയി മാറുന്നു. പ്രത്യേകിച്ച് രണ്ടായിരത്തിനുശേഷമുള്ള പ്രസംഗങ്ങളില്‍. ഒരു തരത്തില്‍ ഇതൊരു പതനമാണ്. അതേ സമയം കേരള സമൂഹത്തിന് സംഭവിക്കുന്ന ഗതിവിഗതികളുടെ ഗ്രാഫ് കൂടിയാണത്.
Comments are closed.