കേരളത്തിലെ എല്ലാ സ്ത്രീകളും ശബരിമലയിലേക്ക് പോകണം: സാറാ ജോസഫ്
സംഘപരിവാറിന്റെ വിഡ്ഢിത്തപരവും നീചവുമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രതിരോധമെന്ന രീതിയില്‍ കേരളത്തിലെ സ്ത്രീകള്‍ മുഴുവന്‍ ജാതിമത വ്യത്യാസമില്ലാതെ ശബരിമലയിലേക്ക് പോകണമെന്നാണ് തന്റെ ആഗ്രഹമെന്ന് പ്രശസ്ത എഴുത്തുകാരിയായ സാറാ ജോസഫ്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ നാലാം ദിനത്തില്‍ ‘കേരളീയ ചിന്തയിലെ കലാപകാരികള്‍-വി. ടി. ഭട്ടതിരിപ്പാട്’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കെ.സി നാരായണന്‍, വി. കെ. ജോബിഷ് എന്നിവര്‍ സംവാദത്തില്‍ പങ്കെടുത്തു.
ഇന്നത്തെ സമൂഹത്തില്‍ നവോത്ഥാനത്തിന് വളരെ പ്രാധാന്യമുണ്ടെന്ന് പറഞ്ഞ മോഡറേറ്റര്‍ വി. കെ. ജോബിഷ്, വി. ടിയിലൂടെ എങ്ങനെ സമൂഹത്തെ നോക്കിക്കാണണം എന്നതും പ്രധാനമാണെന്ന് അഭിപ്രായപ്പെട്ടു. വി.ടി. ഭട്ടതിരിപ്പാടിന്റെ മുന്‍കാല ലേഖനങ്ങളില്‍ നിന്നും സംസ്‌കാരം, സാംസ്‌കാരിക നവോത്ഥാനം, സാംസ്‌കാരിക നവോത്ഥാന നായകര്‍ തുടങ്ങിയ പദങ്ങള്‍ക്ക് കൊടുക്കുന്ന മൂല്യവും സാംസ്‌കാരിക നവോഥാന നായിക എന്ന പേരില്‍ വി. ടി. ചിത്രീകരിച്ച കുറിയേടത്ത് താത്രിയുടെ ജീവിതത്തെ കുറിച്ചും സംസാരിച്ചു.
സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം വിദൂരമായിരുന്ന ഒരു കാലത്തുനിന്നും പുരോഗമനപരമായ ഒരു കാലത്തേക്കുള്ള മാറ്റത്തെക്കുറിച്ച് സംസാരിച്ച സാറാ ജോസഫ് തുല്യതയ്ക്കായി സ്ത്രീകള്‍ ഉയര്‍ന്നു വരണമെന്നും പറയാതെ പറഞ്ഞു. നമ്പൂതിരി സമൂഹത്തിലെ സ്ത്രീകളെകുറിച്ച് വി. ടി. എഴുതിയ വാക്കുകള്‍ ഉദ്ധരിച്ച സാറ ജോസഫ് സംബന്ധ വിവാഹത്തിനെതിരെ നടന്ന പ്രതിരോധങ്ങളെ കുറിച്ചും സംസാരിച്ചു. അന്നത്തെ സ്ത്രീകള്‍ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് അവസാനിക്കുന്നത് ഒരു ഒത്തുതീര്‍പ്പിലാണെന്നും ഓര്‍മപ്പെടുത്തി.
കര്‍ത്തൃസ്ഥാനത്തുനിന്നും വ്യത്യസ്തമായി കര്‍മ്മസ്ഥാനത്താണ് സ്ത്രീ നില്കുന്നതെന്ന പ്രസ്താവന ഓര്‍മിപ്പിച്ച അവര്‍ ഈ സ്ഥിതിയാണ് മാറേണ്ടതെന്നും വ്യക്തമാക്കി. സ്വതസിദ്ധമായ ഭാഷയില്‍ ഹിന്ദു സമുദായത്തിലെ വിധവകളെക്കുറിച്ച് സംസാരിച്ചു തുടങ്ങിയ അവര്‍ മാധവിക്കുട്ടിയുടെ മതം മാറാനുള്ള കാരണവും വ്യക്തമാക്കി. വിധവകളെ ‘അമംഗളകാരി’ എന്ന് മുദ്രകുത്തപ്പെടുന്ന ഒരു സാമൂഹ്യ സ്ഥിതി മാറണമെന്നും പറഞ്ഞു. ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട തുടങ്ങിയ സിദ്ധാന്തങ്ങളെകുറിച് പറഞ്ഞതോടൊപ്പം വിജാതീയ വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
ഓടക്കുഴല്‍ അവാര്‍ഡ് ജേതാവായ സക്കറിയയ്ക്ക് ഇതുവരെ ഒരു അമ്പലത്തില്‍ പോലും കയറാന്‍ സാധിച്ചിട്ടില്ലെന്ന് അഭിപ്രായപ്പെട്ട സാറാ ജോസഫ് കേരളത്തിലെ ആരാധനാസ്വാതന്ത്ര്യം മാറണമെന്നും ആവര്‍ത്തിച്ചു. സ്ത്രീകളെ ഒരു ലൈംഗിക ഉപകരണമായാണ് സമൂഹം കാണുന്നതെന്നും പണ്ട് മേല്‍വസ്ത്രം ഇടാന്‍ പോലുമുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ലെന്നും ഓര്‍മിപ്പിച്ചു. സ്ത്രീകള്‍ അടുക്കളയില്‍ നിന്നും ഇതുവരെ അമ്പലം വരെ മാത്രമേ എത്തിയിട്ടുള്ളൂ എന്നും സാറാ ജോസഫ് വിമര്‍ശനസ്വരത്തില്‍ പറഞ്ഞു.
Comments are closed.