സംസ്‌കാരത്തിന്റെ ആദ്യാങ്കുരങ്ങള്‍ വിരിഞ്ഞ ഭാരതം
വേലായുധന്‍ പണിക്കശ്ശേരി
അതിപ്രാചീനകാലംമുതല്‍ കേരള സംസ്ഥാന രൂപീകരണംവരെയുള്ള കാലഘട്ടത്തിലെ പ്രധാന സംഭവപരമ്പരകളാണ് ഈ ഗ്രന്ഥത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. രാജാക്കന്മാരുടെയും അവരുടെ മന്ത്രിമുഖ്യന്മാരുടെയും സേനാനായകന്മാരുടെയും പട്ടികയും അവര്‍ നടത്തിയ യുദ്ധങ്ങളുടെ വിവരണങ്ങളും ഇതില്‍ കാണില്ല. ഓരോ കാലഘട്ടങ്ങളിലും കേരളത്തിലെ സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ സ്ഥിതിഗതികളെന്തെല്ലാമായിരുന്നുവെന്നും നമ്മുടെ വൈദേശിക ബന്ധങ്ങള്‍ ഏതു കാലം മുതല്‍ ആരംഭിച്ചുവെന്നും അതിന് ഏതെല്ലാം തരത്തില്‍ രൂപവ്യത്യാസങ്ങള്‍ സംഭവിച്ചുവെന്നും സാമാന്യജനങ്ങളുടെ ജീവിതത്തെ അവ എങ്ങനെയെല്ലാം സ്വാധീനിച്ചിരുന്നുവെന്നും ചര്‍ച്ച ചെയ്യുന്നു. പ്രപഞ്ചത്തിലുണ്ടായിട്ടുള്ള എല്ലാ പ്രധാന മതങ്ങളെയും ചിന്താ പദ്ധതികളെയും അതാതിന്റെ പ്രാരംഭദശയില്‍തന്നെ സ്വാഗതം ചെയ്ത നാടാണ് കേരളം. സഹ്യാദ്രിക്കപ്പുറത്തുനിന്ന് വന്ന ജൈന- ബുദ്ധ-ഹിന്ദുമതങ്ങളെയും കടല്‍കടന്നെത്തിയ യഹൂദ-ക്രിസ്തു-ഇസ്ലാം മതങ്ങളെയും തുല്യപ്രാധാന്യത്തോടെ കേരളീയര്‍ സ്വീകരിച്ചു. അയിത്തവും ജാതിവിവേചനങ്ങളുമില്ലാതെ ഏകോദരസഹോദരങ്ങളെപ്പോലെ കഴിഞ്ഞിരുന്ന ജനത, ‘തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും ദൃഷ്ടിയില്‍ പെട്ടാലും ദോഷമുള്ളോരു’മായി എങ്ങനെ മാറിയെന്നും ഈ ഭ്രാന്താലയത്തെ ഏതെല്ലാം മഹാന്മാരുടെ ശ്രമഫലമായാണ് മനുഷ്യാലയമാക്കി മാറ്റിയതെന്നും ദീര്‍ഘമായി പരിശോധിക്കുന്നു. സുഗന്ധവ്യഞ്ജനങ്ങള്‍ക്കായി എത്തിയ വിദേശികള്‍, നമ്മുടെ നാട് അവരുടെ കൈപ്പിടിയിലൊതുക്കിയത് എങ്ങനെയാണെന്നും അതില്‍നിന്ന് സ്വാതന്ത്ര്യം നേടാന്‍ എന്തെന്ത് ത്യാഗങ്ങള്‍ സഹിക്കേണ്ടിവന്നുവെന്നും വിവരിച്ചിട്ടുണ്ട്. ഒരേ സംസ്‌കാരമുള്ള, ഒരേ ഭാഷ സംസാരിക്കുന്ന ജനത ദീര്‍ഘകാലം വ്യത്യസ്ത ഭരണാധികാരികളുടെ കീഴിലായതിന്റെ കാരണങ്ങള്‍ എന്തെല്ലാമാണെന്നും ഏതെല്ലാം കടമ്പകള്‍ കടന്നാണ് അതില്‍നിന്ന് മോചനം നേടി മലയാളികളുടെ സ്വപ്നം സാക്ഷാത്കരിച്ചതെന്നും വ്യക്തമാക്കിയിട്ടുണ്ട്. നൈല്‍ നദിയുടെയും യൂഫ്രട്ടിസ്, ടൈഗ്രിസ് നദികളുടെയും തീരങ്ങളിലായിരുന്നു സംസ്‌കാരത്തിന്റെ ആദ്യാങ്കുരങ്ങള്‍ വിരിഞ്ഞതെന്ന ധാരണ തിരുത്തിക്കുറിക്കാന്‍ പര്യാപ്തമായ തെളിവുകളാണ് 1921-ല്‍ പഞ്ചാബിലെ ഹാരപ്പയില്‍നിന്നും 1922-ല്‍ സിന്ധിലെ മൊഹന്‍ജൊദാരോവില്‍നിന്നും ലഭിച്ചിട്ടുള്ളത്. സംസ്‌കാരകേന്ദ്രങ്ങള്‍ ഭാരതത്തിലുണ്ടായിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. ലോകം കണ്ട ഒന്നാമത്തെ ഏറ്റവും പരിഷ്‌കൃതമായ നാഗരികതയുടെ വക്താക്കളായിരുന്ന പ്രാചീന ഭാരതീയര്‍. പ്രഗല്ഭരായ ആധുനിക എന്‍ജിനീയര്‍മാരെപ്പോലും അതിശയിപ്പിക്കുന്ന നഗരസംവിധാനമാണ് അയ്യായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഭാരതത്തിലുണ്ടായിരുന്നത്.
Comments are closed.