സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
മികച്ച ഗ്രാമീണഗ്രന്ഥശാലയ്ക്കുള്ള ഡി സി പുരസ്കാരം കാട്ടിക്കുന്ന് (വൈക്കം) പബ്ലിക് ലൈബ്രറിക്ക്
കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വായനശാലകള്‍ക്കും എഴുത്തുകാര്‍ക്കുമായി നല്‍കിവരുന്ന സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ഗ്രാമീണഗ്രന്ഥശാലയ്ക്കുള്ള ഡി സി പുരസ്കാരം കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലെ കാട്ടിക്കുന്ന് (വൈക്കം) പബ്ലിക് ലൈബ്രറിക്ക്. ഡി സി. ബുക്സ് ഏർപ്പെടുത്തിയിട്ടുള്ള 50,000 രൂപയുടെ പുസ്തകങ്ങളും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. സാഹിത്യ സാമൂഹ്യ സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനയ്ക്ക് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഏർപ്പെടുത്തിയിട്ടുള്ള ഐ.വി. ദാസ് പുരസ്കാരം എം. മുകുന്ദനും സംസ്ഥാനത്തെ ഏറ്റവും മികച്ച ഗ്രന്ഥശാലാ പ്രവർത്തകന് നൽകുന്ന പി.എൻ. പണിക്കർ പുരസ്കാരത്തിന് ഇയ്യങ്കോട് ശ്രീധരനും അർഹരായി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും വെങ്കലശിൽപ്പവും അടങ്ങുന്നതാണ് ഐ.വി. ദാസ് പുരസ്കാരം. 50,000 രൂപയും പ്രശസ്തി പത്രവും വെങ്കല ശിൽപ്പവും അടങ്ങുന്നതാണ് പി.എൻ. പണിക്കർ പുരസ്കാരം.
സംസ്ഥാനത്ത് 50 വർഷം പിന്നിട്ട ഏറ്റവും മികച്ച ഗ്രന്ഥശാലയ്ക്കുള്ള ഇ.എം.എസ്. പുരസ്കാരത്തിന് തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിൽ മുങ്ങോട്, പേരേറ്റിൽ ശ്രീ ജ്ഞാനോദയം സംഘം ഗ്രന്ഥശാല അർഹരായി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും വെങ്കലശിൽപ്പവും അടങ്ങുന്നതാണ് ഈ പുരസ്കാരം.
Comments are closed.