അക്കാദമിയിലെ വിലപിടിപ്പുള്ള പുസ്തകങ്ങളില്‍ പലതും സ്വകാര്യവ്യക്തികളിലെന്ന് റിപ്പോര്‍ട്ട്
കേരള സാഹിത്യ അക്കാദമിയുടെ റഫറന്‍സ് ലൈബ്രറിയിലെ വിലപിടിപ്പുള്ള പുസ്തകങ്ങളില്‍ പലതും സ്വകാര്യശേഖരത്തിലേക്ക് പോകുന്നതായി റിപ്പോര്‍ട്ട്. അക്കാദമി ജീവനക്കാരും മുന്‍ ഭരണസമിതി അംഗങ്ങളും ഉള്‍പ്പെടെയുള്ളവര്‍ 2002 മുതല്‍ എടുത്ത ആയിരത്തോളം പുസ്തകങ്ങള്‍ ഇനിയും തിരിച്ചെത്തിയിട്ടില്ലെന്നാണ് ലഭിക്കുന്ന സൂചന.
ഗവേഷണവിദ്യാര്‍ഥികള്‍ക്കുപോലും പുസ്തകങ്ങള്‍ കൊടുത്തുവിടില്ലെന്ന കര്‍ശന നിലപാടെടുക്കുന്ന അതേ അക്കാദമി അധികൃതര്‍ തന്നെയാണ് പുസ്തകങ്ങള്‍ കൊണ്ടുപോയത്.
2002 മുതല്‍ 2008 വരെ എടുത്ത 102 പുസ്തകങ്ങള്‍ ഇനിയും മടക്കിക്കൊടുക്കാത്തത് അക്കാദമിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരാണ്. ജീവനക്കാരില്‍ മിക്കവരും ഇരുപത്തഞ്ചിനും നൂറിനുമിടയില്‍ പുസ്തകങ്ങള്‍ എടുത്തിട്ടുണ്ടെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. സര്‍വീസില്‍നിന്ന് വിരമിച്ച എട്ടുപേര്‍ പുസ്തകങ്ങള്‍ തിരിച്ചേല്‍പ്പിക്കാനുണ്ട്. ഇവരില്‍ മൂന്നുപേര്‍ മരിച്ചു. മരിച്ച ഒരു മുന്‍സെക്രട്ടറിയുടെ പേരില്‍ തിരിച്ചേല്‍പ്പിക്കാനുള്ളത് 19 പുസ്തകങ്ങളാണ്. മറ്റൊരു മുന്‍ സെക്രട്ടറിയുടെ പേരില്‍ 39 പുസ്തകങ്ങളും.അക്കാദമിയിലെ ഉദ്യോഗസ്ഥര്‍ക്കു പുറമേ താത്കാലിക ജീവനക്കാരും പുസ്തകങ്ങള്‍ യഥേഷ്ടം കൊണ്ടുപോകുന്നു. നാലു താത്കാലിക ജീവനക്കാരുടെ കൈയിലാണ് 104 പുസ്തകങ്ങള്‍.
പുസ്തകങ്ങളൊന്നും തിരിച്ചു നല്‍കാതെ എല്ലാ ആനുകൂല്യങ്ങളും വാങ്ങി സര്‍വീസില്‍നിന്ന് വിരമിച്ചവരുമുണ്ട്. നിഘണ്ടു ഉള്‍പ്പെടെയുള്ളവ തിരിച്ചു കൊടുക്കാനുള്ളവയില്‍ ഉള്‍പ്പെടുന്നുവെന്നും കണക്കുകള്‍ പറയുന്നു. മാത്രമല്ല,അക്കാദമിയുടെ ഭാഗമായ ഒട്ടേറെ എഴുത്തുകാരും പുസ്തകങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. പ്രശസ്തരായ എഴുത്തുകാര്‍ അക്കാദമിയിലേക്കു സംഭാവനയായി നല്‍കിയ പുസ്തകങ്ങളും ഇപ്പോള്‍ സ്വകാര്യ ശേഖരങ്ങളിലാണുള്ളത്.
കടപ്പാട്; കെ ജി മുകുന്ദന്‍
Comments are closed.