‘ടോട്ടോച്ചാന്‍’ മാതൃകയില്‍ ഇവിടെ കേരളത്തിലുമുണ്ട് ഒരു സ്‌കൂള്‍
പുതിയ അധ്യയന വര്‍ഷം തുടങ്ങിയ ദിവസം കൊല്ലം താഴത്തുകുളക്കട ഡിവിയുപി സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ ഒരു ട്രയിന്‍ യാത്രപുറപ്പെടാന്‍ തയ്യാറായി കിടക്കുന്നുണ്ടായിരുന്നു. കരച്ചിലും നിലവിളികളുമായി സ്‌കൂളിലെത്തിയ കുരുന്നുകള്‍ മുന്നിലുള്ള ട്രയിനെ അത്ഭുതത്തോടെ നോക്കി നിന്നു. സ്‌കൂള്‍ ഒരു തീവണ്ടിയും ക്ലാസ്മുറികള്‍ ബോഗികളുമായി മാറിയിരിക്കുന്നു…
വിദ്യാലയങ്ങളുടെ പരമ്പരാഗത രീതിയില്‍ നിന്നും മാറി ചിന്തിച്ച് പുതിയ രൂപത്തിലാണ് ഇക്കൊല്ലം താഴത്തുകുളക്കട ഡിവിയുപി സ്‌കൂള്‍ കുട്ടികളെ വരവേറ്റിയത്. അതിനായി ക്ലാസ്‌റൂമുകള്‍ക്ക് തീവണ്ടിയുടെ മാതൃകയും നിറവും നല്‍കി. അഞ്ചു ദിവസംകൊണ്ടാണ് സ്‌കൂള്‍ ട്രയിനാക്കിമാറ്റിയത്. ഒരോ വര്‍ഷവും പുതുമകളോടെയാണ് വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ടോട്ടോച്ചാന്‍ ആയിരുന്നു കുട്ടികളുടെ നാടകത്തിനായി തെരെഞ്ഞെടുത്ത വിഷയം. അധ്യാപനത്തിന്റെയും വിദ്യാലയത്തിന്റെയും ഏറ്റവും മികച്ച മാതൃകകളായി നിലകൊള്ളുന്ന ഈ പുസ്തകത്തിന്റെ ഉള്ളടക്കം ഈ സ്‌കൂളിലും പരീക്ഷിക്കാന്‍ അധ്യാപകര്‍ തീരുമാനിച്ചു. അങ്ങനെയാണ് ക്ലാസ്മുറികള്‍ തീവണ്ടി ബോഗികളായി രൂപം മാറിയത്. പിറ്റിഎ മീറ്റിങ്ങില്‍ ഈ വിഷയം അവതരിപ്പിച്ചപ്പോള്‍ അവര്‍ക്കും സന്തോഷമായി എന്ന് പ്രധാനാധ്യാപകന്‍ ഹേമന്ത് പറയുന്നു.
അഞ്ചു മുതല്‍ ഏഴ് വരെയുള്ള ആറ് ക്ലാസ്സ്‌റൂമുകളാണ് ട്രയിനിന്റെ രൂപത്തില്‍ മാറ്റിയിരിക്കുന്നത്. ക്ലാസ്സ്മുറികളെ ഡിവിയുപി എക്‌സ്പ്രസ്സ് എന്നാണ് കുട്ടികള്‍ ഇപ്പോള്‍ വിളിക്കുന്നത്. സ്റ്റാഫ് റൂമും സെമിനാര്‍ ഹാളും ഓഫീസ് റൂമും എല്ലാം തീവണ്ടിയുടെ തനിപ്പകര്‍പ്പാണ്. വെളിയം ബിആര്‍സിയിലെ ചിത്രകലാ അധ്യാപകന്‍ അതുല്‍ കുമാര്‍, അപ്പുണ്ണി, അജേഷ് ബാബു, അതുല്‍ കൃഷ്ണന്‍, ഗോകുല്‍, മനു എന്നിവരാണ് തീവണ്ടി ക്ലാസ്സ്മുറികള്‍ക്ക് നിറം നല്‍കിയത്.
കഴിഞ്ഞ വര്‍ഷവും ഈ സ്‌കൂള്‍ വ്യത്യസ്തമായത് മുളകൊണ്ട് നിര്‍മ്മിച്ച ബഞ്ചുകള്‍ കുട്ടികള്‍ക്ക് ഒരുക്കിക്കൊടുത്തുകൊണ്ടായിരുന്നു. ജൈവപച്ചക്കറികളുടെയും ഔഷധ സസ്യങ്ങളുടെയും തോട്ടവും ഈ സ്‌കൂളിന് സ്വന്തമായുണ്ട്. കഴിഞ്ഞ വര്‍ഷം പഴയതും പുതിയതുമായ രണ്ട് സെറ്റ് പുസ്തകങ്ങളാണ് കുട്ടികള്‍ക്ക് വിതരണം ചെയ്തത്. പഴയ പുസ്തകങ്ങള്‍ സ്‌കൂളിലിരുന്ന് പഠിക്കാനുപയോഗിക്കാനും സ്വന്തം പുസ്തകങ്ങള്‍ കൊണ്ട് വീട്ടിലിരുന്ന് പഠിക്കാനുമാണ് ഇങ്ങനെ ചെയ്തത്. കൈയും വീശിയെത്തി പഠിച്ചു മടങ്ങാം എന്നായിരുന്നു ഈ പദ്ധതിയുടെ പേര്. സ്‌കൂള്‍ ബാഗിന്റെ ഭാരമില്ലാതെ കുട്ടികള്‍ക്ക് സ്‌കൂളില്‍ എത്തി പഠിച്ച് മടങ്ങാം.
Comments are closed.