കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണയുമായി ഡബ്ല്യു.സി.സിയും
കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമരത്തിന് പിന്തുണയുമായി സിനിമയിലെ വനിതാസംഘടനയായ ഡബ്ല്യു.സി.സി രംഗത്ത്. പി.സി ജോര്‍ജ് എം.എല്‍.എയുടെ സ്ത്രീവിരുദ്ധ പ്രസ്താവനകളെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നുവെന്നും ഇരയോട് എപ്പോഴും അനാദരവ് കാണിക്കുന്ന മനുഷ്യത്വരഹിതമായ നിലപാടുകള്‍ക്കെതിരെ നിയമനടപടികള്‍ എടുക്കണമെന്നും ഡബ്ല്യു.സി.സി ആവശ്യപ്പെട്ടു.
കേരളത്തിലെ കന്യാസ്ത്രീകള്‍ മുന്നോട്ടുവെക്കുന്ന ചരിത്രപ്രധാനമായ ഈ സമരത്തില്‍ ഞങ്ങളും പങ്കുചേരുന്നു. ഇതു സ്ത്രീകളുടെ തുറന്നുപറച്ചിലിന്റെ കാലമാണ്. അതിനെ അവഗണിക്കാന്‍ ഒരു ശക്തിക്കുമാവില്ലെന്ന് സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് റിമ കല്ലിങ്കല്‍ പറഞ്ഞു.
സമരത്തിന് പിന്തുണയറിയിച്ച് ഡബ്യു.സി.സി പുറത്തിറക്കിയ കുറിപ്പ്
നമ്മുടെ സമൂഹവ്യവസ്ഥയിലെ പുരുഷാധിപത്യപരമായ സമീപനങ്ങള്‍ക്കെതിരെയും, അനീതികള്‍ക്കെതിരെയും പോരാടുന്ന ഓരോ സ്ത്രീയുടെയും കൂടെ ആണ് ഞങ്ങള്‍.
അധികാരവും പദവികളും ഒരിക്കലും നിസ്സഹായരെ ചൂഷണത്തിന് ഇരയാക്കാന്‍ വേണ്ടി ദുരുപയോഗം ചെയ്യേണ്ടേ ഉപാധികളല്ല എന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു! കേരള ഗവണ്‍മെന്റും വനിതാ കമ്മീഷനും നീതിക്കു വേണ്ടി പോരാടാനും ശബ്ദം ഉയര്‍ത്താനും ധൈര്യം കാണിച്ചവരോടൊപ്പം ഉറച്ചുനില്‍ക്കണം എന്ന് ഞങ്ങള്‍ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നു.
പി.സി. ജോര്‍ജിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനകളെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നതിനോടൊപ്പം, ഇരയോട് എപ്പോഴും അനാദരവ് കാണിക്കുന്ന മനുഷ്യത്വരഹിതമായ നിലപാടുകള്‍ക്കെതിരെ നിയമനടപടികള്‍ എടുക്കണം എന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു.
കേരളം പ്രളയത്തെ അത്ഭുതകരമായി അതിജീവിച്ച് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സമയമാണിത്. #377-ന്റെ മതില്‍ക്കെട്ടുകള്‍ തകര്‍ത്ത, LGBTQ കമ്മ്യൂണിറ്റിയുടെ ഭാഗമായ നമ്മുടെ സഹോദരീ സഹോദരന്മാര്‍ക്ക് സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വഴി തുറന്ന ചരിത്രപരമായ വിധി ന്യായങ്ങളുടെയും സമയവും! അനീതിയെയും, അസമത്വത്തെയും ഇല്ലാതാക്കി, പുരോഗതിയിലേക്ക്, വളര്‍ച്ചയിലേക്ക്, പുനരുദ്ധാരണത്തിലേക്ക് ഉള്ളതാവട്ടെ നമ്മുടെ ചുവടുവെപ്പുകള്‍.
കേരളത്തിലെ കന്യാസ്ത്രീകള്‍ മുന്നോട്ടു വെക്കുന്ന ചരിത്രപ്രധാനമായ ഈ സമരത്തില്‍ ഞങ്ങളും പങ്കു ചേരുന്നു. ഇത് സ്ത്രീകളുടെ തുറന്നു പറച്ചിലിന്റെ കാലമാണ്. അതിനെ അവഗണിക്കാന്‍ ഒരു ശക്തിക്കുമാവില്ല.
#അവള്‍ക്കൊപ്പം
റിമ കല്ലിങ്കല്‍, ആഷിഖ് അബു, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സന്തോഷ് കീഴാറ്റൂര്‍, ഗായകന്‍ ഷഹബാസ് അമന്‍ തുടങ്ങി നിരവധി പേര്‍ സമരപ്പന്തലില്‍ നേരിട്ടെത്തിയാണ് കന്യാസ്ത്രീകള്‍ക്ക് പിന്തുണ അറിയിച്ചത്.
Comments are closed.