DCBOOKS
Malayalam News Literature Website

ഇസ്‌ലാമിനെ നിങ്ങള്‍ നിലനിര്‍ത്തി, പക്ഷേ, മുസ്‌ലീങ്ങളെയോ?

തിളച്ചുമറിയുന്ന വര്‍ത്തമാനകാല തീവ്രപ്രശ്‌നങ്ങള്‍ക്കും വിഷമസന്ധികള്‍ക്കും മുസ്‌ലിങ്ങളെ കേരളത്തിലെയെങ്കിലും മുസ്‌ലിങ്ങളെ, പ്രാപ്തരാക്കുവാനുള്ള മുന്നറിയിപ്പാണ് മുസ്‌ലിങ്ങള്‍ക്കകത്തുനിന്നുള്ള ക്രിയാത്മക വിമര്‍ശനം നല്കുന്നത്. സംഘടനാപരമായ അന്ധതയില്‍നിന്നും പക്ഷപാതിത്വത്തില്‍നിന്നും പൊതുകാര്യങ്ങള്‍ക്കുവേണ്ടിയെങ്കിലും വിടുതല്‍ നേടിയാല്‍ മാത്രമേ കേരളത്തിലെ വിവിധ മുസ്‌ലിം വിഭാഗങ്ങളുടെ നേതൃത്വത്തിന് ഇത് സാദ്ധ്യമാകൂ. ഇല്ലെങ്കില്‍ നാളെ ഒരു ചോദ്യത്തിനവരോ പിന്‍മുറക്കാരോ ഉത്തരം നല്‌കേണ്ടിവരും. ചോദ്യം ലളിതം: ഇസ്‌ലാമിനെ നിങ്ങള്‍ നിലനിര്‍ത്തി, പക്ഷേ, മുസ്‌ലിങ്ങളെയോ?

വിശ്വാസമാണ് മതകീയ ജീവിതത്തിന്റെ അടിസ്ഥാനം. ആശയങ്ങളോടോ പുരാവൃത്തങ്ങളോടോ ആചാരാനുഷ്ഠാനങ്ങളോടോ ഉള്ള വിശ്വാസത്തില്‍നിന്നാണ് മതം എന്ന സാമൂഹികസ്ഥാപനം രൂപംകൊള്ളുന്നത്. വിശ്വാസാധിഷ്ഠിതമായതുകൊണ്ടുതന്നെ ചോദ്യം ചെയ്യേണ്ടതില്ലാത്ത ഒന്നിനെയാണ് മതം വിഭാവനം ചെയ്യുന്നത്. സകലതിനെയും സ്വീകരിക്കുന്ന ഒന്നല്ല മതം. സ്വീകരിക്കാനും ആചരിക്കാനുമുള്ളതിന്റെ, തിരസ്‌കരിക്കാനും നിഷിദ്ധമാക്കാനുമുള്ളതിന്റെ നിയതവ്യവസ്ഥയെയാണ് മതം പ്രതിനിധാനം ചെയ്യുന്നത്. അത് സംഘടിതമാവുമ്പോള്‍, ഒരുകൂട്ടം ആളുകള്‍ വിശ്വാസാചാരാനുഷ്ഠാനങ്ങള്‍ പിന്തുടരുന്ന ഒരു ഗോത്രമോ, സമുദായമോ ആകുമ്പോള്‍ എതിര്‍ക്കപ്പെടാനാവാത്ത ചട്ടങ്ങളും ചിട്ടകളും സ്ഥാപനവല്‍ക്കരിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ഏത് മതത്തിനും ചില നിബന്ധനകളോ നിര്‍ബന്ധങ്ങളോ ഉണ്ട്. മതനിരപേക്ഷമല്ലാത്ത ഒരവസ്ഥയില്‍ വ്യവസ്ഥാപിതമായതിനെ ചോദ്യം ചെയ്യുകയോ വിമര്‍ശിക്കുകയോ ചെയ്യുന്നവര്‍ ദ്രോഹികളോ കുറ്റവാളികളോ ആയി മുദ്രകുത്തപ്പെടുന്നു. അവരെ തടവറയിലാക്കാം, തൂക്കിലേറ്റാം. മതാധിപത്യസമൂഹത്തില്‍ അധികാരികള്‍ വിമര്‍ശന ശബ്ദങ്ങളുടെ വേരറുക്കുന്നു. അവര്‍ നിശ്ശബ്ദരാക്കപ്പെടുന്നത് ആഘോഷമാക്കപ്പെടുകയും ചെയ്യുന്നു. വിമര്‍ശനമാവട്ടെ, മാറ്റങ്ങളെ ക്രമേണ സാദ്ധ്യമാക്കുന്നു. വേരറുക്കുന്ന വിമര്‍ശനങ്ങളും മുളപൊട്ടിക്കൊണ്ടേയിരിക്കുന്നു.

സാമൂഹികസ്ഥാപനങ്ങള്‍ ചോദ്യംചെയ്യപ്പെടാതിരിക്കാന്‍ ആദിമ-പരമ്പരാഗതസമൂഹങ്ങള്‍ അനുസൃതമായ ഒരു വ്യവസ്ഥ കെട്ടിപ്പടുത്തിരുന്നു. കുടുംബം, മതം, രാഷ്ട്രീയവ്യവസ്ഥ, സാമ്പത്തികവ്യവഹാരം, വിദ്യാഭ്യാസ സംവിധാനം, വിനോദം എന്നീ സാമൂഹികസ്ഥാപനങ്ങളിലൂടെയാണ് ഒരു സാമൂഹികക്രമം രൂപപ്പെടുത്തിയെടുക്കുന്നത്. ആദിമ സമൂഹങ്ങള്‍ സാമൂഹികജീവിതത്തെ മതത്തിനുകീഴില്‍ വ്യവസ്ഥയാക്കി മാറ്റുകയായിരുന്നു. വിശ്വാസാധിഷ്ഠിതമാക കാരണം മതാടിസ്ഥാനത്തിലുള്ള സാമൂഹികവ്യവസ്ഥ അലംഘനീയവുമായിരുന്നു. ലോകത്തിന്റെ പല ഭാഗങ്ങളില്‍ വേറിട്ടു കിടന്ന് ഗോത്രവര്‍ഗ്ഗങ്ങള്‍കൊണ്ടാടിയത് അത്തരത്തിലുള്ള സാമൂഹികക്രമങ്ങളാണ്. പില്‍ക്കാലത്ത് രൂപംകൊണ്ട സിന്ധൂനദീതട, അസീരിയന്‍, മെസപ്പൊട്ടോമിയന്‍, മായന്‍, ഇന്‍ക, റോമന്‍, ഹൈന്ദവ സംസ്‌കൃതികളും, ജൂത-ക്രൈസ്തവ-ഇസ്‌ലാമിക സമൂഹങ്ങളും പല ദേശങ്ങളിലായി വേരൂന്നിയ മതങ്ങളാണ്. അവിടെയൊക്കെയും അനിഷേധ്യമായ സാമൂഹികഘടനയെത്തന്നെയാണ് സ്ഥാപനവല്‍ക്കരിച്ചത്. ഭരണകൂടത്തിന് വിശ്വാസാധിഷ്ഠിതമായ രൂപകല്പന നടത്തുന്നതോടെ രണ്ടും ഒന്നായി മാറുകയായിരുന്നു. അതുകൊണ്ടുതന്നെ വിമര്‍ശനങ്ങളെയും ചോദ്യംചെയ്യലുകളെയും ആചരണലംഘനങ്ങളെയും അടിച്ചമര്‍ത്തുകയെന്നത് എളുപ്പകരമായി മാറി. മൗലികവാദമോ സങ്കുചിതത്വമോ തീവ്രവാദമോ ജീവിതചര്യയാക്കുകയും കാലം ആവശ്യപ്പെടുന്ന മാറ്റങ്ങളെപ്പോലും അസാദ്ധ്യമാക്കിത്തീര്‍ക്കുന്നതും അങ്ങനെയാണ്. എന്നാല്‍ ഒരു മതവും വിശ്വാസമായാലും ചര്യകളായാലും, സ്ഥായിയായ ഒന്നിനെ പ്രതിനിധാനം ചെയ്യുന്നില്ല എന്നതാണ് കൗതുകകരമായ കാര്യം-ബാഹ്യതലത്തില്‍ മാറ്റങ്ങള്‍ക്ക് വിധേയമല്ല എന്ന് വിളംബരം ചെയ്യപ്പെടുമ്പോഴും മാറ്റങ്ങളെ അദൃശ്യതലങ്ങളില്‍ ഉള്‍ക്കൊള്ളുന്നുവെന്നതാണ് വസ്തുത. കാലത്തെ അതിജീവിക്കാന്‍ മതങ്ങള്‍ക്ക്, സമുദായങ്ങള്‍ക്ക്, മാറ്റം അനിവാര്യമാണെന്നും കാണാനാവുന്നു.

കേരളീയ മുസ്‌ലിങ്ങള്‍: മാറ്റത്തിന്റെ പ്രക്രിയ

മതങ്ങള്‍ അവയുടെ സ്ഥാപനവല്‍ക്കരിക്കപ്പെടുന്ന ചിഹ്നങ്ങളിലൂടെയും വ്യവഹാരവ്യവസ്ഥകളിലൂടെയും ആചാരാനുഷ്ഠാനങ്ങളിലൂടെയും വിശ്വാസികളെ വിധേയരാക്കുന്നു. ഇസ്‌ലാം മതവും മറ്റൊന്നല്ല ചിട്ടപ്പെടുത്തുന്നത്. പരമശക്തനായ അല്ലാഹുവിലുള്ള വിശ്വാസം-ഏകദൈവ ആരാധന, അവസാന പ്രവാചകനായി മുഹമ്മദ് നബിയെ അംഗീകരിക്കല്‍, അഞ്ച് നേരത്തെ നമസ്‌കാരം, വരുമാനത്തിലൊരു നിശ്ചിതഭാഗം ദാനധര്‍മ്മകര്‍മ്മങ്ങള്‍ക്കുവേണ്ടി വിനിയോഗിക്കല്‍, സാദ്ധ്യരെങ്കില്‍ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കല്‍ എന്നീ അടിസ്ഥാനപ്രമാണങ്ങളില്‍ മാറ്റമേതുംകൂടാതെ ഇസ്‌ലാം നിലകൊള്ളുന്നു. എന്നാല്‍ ആചാരങ്ങളിലും മറ്റ് വിശ്വാസങ്ങളിലുംതന്നെയും വന്ന മാറ്റങ്ങള്‍ മുസ്‌ലിങ്ങള്‍ക്കിടയിലും പ്രകടമാണ്. പ്രാദേശിക വ്യത്യാസങ്ങളോടെ പല ആചരണങ്ങളും നടക്കുന്നു. ഒന്നും മാറ്റാനാവില്ലെന്ന് കരുതുമ്പോഴും, പല മാറ്റങ്ങളെയും തടയുമ്പോഴും, മുസ്‌ലിങ്ങള്‍ക്കിടയിലും പലതും മാറിക്കൊണ്ടിരിക്കുന്നു.

കേരളത്തിലെ മുസ്‌ലിം സമുദായത്തിനും ബാഹ്യവും ആന്തരികവുമായ മാറ്റങ്ങളുടെ കലാപകഥകള്‍ പറയാനുണ്ട്. മതപരമല്ലാത്ത വിദ്യാഭ്യാസത്തിന്റെ, ഔപചാരിക ഭൗതിക വിദ്യാഭ്യാസത്തിന്റെ കേരളീയ പരിണാമങ്ങളെയും, അതുപോലെ മാറ്റിമറിക്കപ്പെട്ട പല വ്യവസ്ഥകളെയും അപഗ്രഥിക്കുമ്പോള്‍ ഇത് മനസ്സിലാക്കാനാവും. ആദ്യകാലത്ത് മതപഠനത്തിനുപോലും ഒരു വ്യവസ്ഥാപിത മാര്‍ഗ്ഗം കേരളത്തിലെ മുസ്‌ലിങ്ങള്‍ക്കിടയിലുണ്ടായിരുന്നില്ല. ആദ്യമൊക്കെ വീടുകളില്‍വെച്ച് കുടുംബാംഗങ്ങളും പിന്നീട് ഓത്തുപള്ളിയിലെ മൊല്ലാക്കയും അനൗപചാരികമായി നല്കിയ മതവിദ്യാഭ്യാസമായിരുന്നു മാപ്പിളക്കുട്ടികള്‍ക്കു വിധിക്കപ്പെട്ടിരുന്നത്. പിന്നീടാണ് ദര്‍സ്സ്, മദ്രസ്സ പഠനസംവിധാനങ്ങള്‍ പള്ളി കേന്ദ്രീകരിച്ചു തുടങ്ങിയത്. എന്നാല്‍ ഒരു നൂറ്റാണ്ട് കാലംമുമ്പേ വേരുപിടിച്ചുതുടങ്ങിയ ഔപചാരിക ഭൗതികവിദ്യാഭ്യാസത്തെ കേരളീയ മുസ്‌ലിങ്ങള്‍ സ്വീകരിച്ചിരുന്നില്ല. സ്‌കൂളില്‍ പറഞ്ഞയച്ച രക്ഷാകര്‍ത്താക്കളെ അമുസ്‌ലിങ്ങളാക്കി മുദ്രകുത്തിയിരുന്നു; ഭ്രഷ്ട് കല്പിച്ചിരുന്നു. അരനൂറ്റാണ്ടുകൊണ്ട് മുസ്‌ലിങ്ങളുടെ ഭൗതികവിദ്യാഭ്യാസത്തില്‍ വന്ന മാറ്റങ്ങള്‍ ആരെയും അത്ഭുതപ്പെടുത്തിയേക്കും. ഇന്ന് മുസ്‌ലിം സമൂഹം അവരുടെ സമുദായസംഘടനകളുടെ കീഴില്‍ ആയിരക്കണക്കിന് സ്‌കൂളുകളും നൂറുകണക്കിന് കലാലയങ്ങളും നടത്തുന്നു. ഇക്കാര്യത്തിലും സമുദായസംഘടനകള്‍ മത്സരിക്കുന്നു. മറ്റ് പല കാര്യങ്ങളിലുമുണ്ട് ഈ വ്യതിയാനം. പരിശുദ്ധ ഖുര്‍ആന്‍ പരിഭാഷപ്പെടുത്തുന്നത് ഇന്ന് നിഷിദ്ധമല്ല. പള്ളിക്കകത്തുനിന്ന് മാതൃഭാഷയില്‍ പ്രഭാഷണം നടത്തുന്നത് ഇന്ന് പൊതുവേ സ്വീകാര്യമായിരിക്കുന്നു. സ്ത്രീകള്‍ക്ക് പള്ളിപ്രവേശം അനുവദിച്ച് കൊടുക്കാതിരുന്ന സമുദായം, യാത്രക്കാരായ സ്ത്രീകള്‍ക്ക് (യാത്രക്കാരല്ലാത്തവരാര്?) നമസ്‌കരിക്കാനിടം കൊടുത്ത് കഴിഞ്ഞിരിക്കുന്നു. ഫോട്ടോയെടുക്കല്‍ ഹറാ
മെന്ന് കല്പിച്ച മൊല്ലമാരുടെ പുത്തന്‍തലമുറ വീഡിയോകളിലൂടെ മലയാളത്തിലും മുറിയന്‍ ഇംഗ്ലിഷിലും പ്രഭാഷണങ്ങള്‍ നടത്തുന്നു. ഇത്തരം മാറ്റങ്ങളുടെ പ്രക്രിയയില്‍ ചില വ്യവഹാരപരമായ ഘട്ടങ്ങള്‍ നിരീക്ഷിക്കാനാവും.

1. സ്ഥാപനവല്‍ക്കരിക്കപ്പെട്ട ആചാര വ്യവഹാര കാര്യങ്ങളില്‍ തീവ്രമായ വിലക്കുകള്‍ ഏര്‍പ്പെടുത്തുന്നു. അവ അലംഘനീയമെന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്നു. വ്യതിചലിക്കുന്നവര്‍ക്കെതിരേ ഭ്രഷ്ട് കല്പിക്കുകയോ ഊരുവിലക്ക് ഏര്‍പ്പെടുത്തുകയോ ശിക്ഷിക്കുകയോ ചെയ്യുന്നു.

2. വിമര്‍ശനങ്ങളും എതിര്‍പ്പുകളും അങ്ങിങ്ങായി ഉയരുമ്പോള്‍ പരിഹസിക്കുകയോ അടിച്ചമര്‍ത്തുകയോ ചെയ്യുന്നു. എന്നാല്‍ പറയാനിടം നല്കപ്പെടുന്നു.

3. ചോദ്യംചെയ്യലുകള്‍ ആവര്‍ത്തിക്കുമ്പോള്‍, വ്യതിചലനം ഇടയ്ക്കിടെ ഉണ്ടാകുമ്പോള്‍ കടുത്ത വിമര്‍ശനങ്ങള്‍ നടത്തുകയോ, പിന്നീട് ഒറ്റപ്പെടുത്തുകയോ അവഗണിക്കുകയോ ചെയ്യുന്നു.

4. മാറ്റങ്ങളെ അറിഞ്ഞില്ലെന്ന് നടിക്കുന്നു. ഇതൊന്നും ദീനുല്‍ ഇസ്‌ലാമിനെ തകര്‍ക്കില്ലെന്ന് പ്രസ്താവിക്കുന്നു.

5. മാറ്റങ്ങളെ എതിര്‍ത്തവരുടെ ശബ്ദവും അറിഞ്ഞോ അറിയാതെയോ നില്ക്കുന്നു. മൗനം സ്വന്തം അണികളിലുള്ളവര്‍ക്ക് അനുവാദമായി മാറുന്നു.

6. മാറ്റത്തെ സ്വീകരിക്കുകയും അതിന് പുതിയ വിശദീകരണമോ, അതുവരെ നടത്താത്ത വ്യാഖ്യാനങ്ങളോ നല്കുന്നു. പരമ്പരാഗതമായി ആചരിച്ച കാര്യങ്ങളിലെ വ്യതിയാനം പൂര്‍ണ്ണമാകുന്നു. മാറ്റങ്ങള്‍ മറ്റ് മേഖലകളിലേക്കും നീങ്ങുന്നു.

കേരളത്തിലെ മുസ്‌ലിങ്ങള്‍ക്കിടയില്‍ നടന്ന മാറ്റങ്ങളുടെ പ്രക്രിയയില്‍ ഈ ഘട്ടങ്ങള്‍ കാണാനാവും. എന്നാല്‍ അപ്പോഴും മറ്റ് ചില കാര്യങ്ങളില്‍ പിടിവാശിയും സങ്കുചിതത്വവും വെച്ചുപുലര്‍ത്താന്‍ ആഹ്വാനം ചെയ്ത് മതലംഘനീയമെന്ന് ആഹ്വാനം നിഷ്‌കര്‍ഷിച്ചുകൊണ്ടേയിരിക്കും. അനിവാര്യമായ മാറ്റങ്ങളെ കാല്‍നൂറ്റാണ്ട് കാലത്തേക്കെങ്കിലും വൈകിപ്പിക്കുന്നതിലാണ് മുസ്‌ലിംസമുദായ നേതൃത്വത്തിന്റെ സംഘടനാപാടവം നിലകൊള്ളുന്നതെന്ന് കാണാനാവും.

തുടര്‍ന്നു വായിക്കാം

എന്‍.പി.ഹാഫിസ് മുഹമ്മദിന്റെ ലേഖനത്തിന്റെ പൂര്‍ണ്ണരൂപം നവംബര്‍ ലക്കം പച്ചക്കുതിരയില്‍ വായിക്കുന്നതിനായി സന്ദര്‍ശിക്കുക 

Comments are closed.