കേരളത്തിന്റെ മണ്‍സൂണ്‍സ്വഭാവം മാറുന്നു; കാര്‍ഷിക കലണ്ടര്‍ മാറ്റേണ്ടിവരുമെന്ന് വിദഗ്ധര്‍
ആഗോള കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി കേരളത്തിന്റെ മണ്‍സൂണ്‍ കലണ്ടര്‍ മാറുന്നതായി പഠനങ്ങള്‍. ‘ഒരു മാസം പെയ്യേണ്ട മഴ ഒരു മണിക്കൂറില്‍ വന്നു പതിക്കുന്നു. മഴയുടെ അളവിലും തീവ്രതയിലും വലിയ മാറ്റം സംഭവിച്ചിരിക്കുന്നു’ കേരളത്തിലും നീലഗിരിയും കുടകിലും അടക്കം രാജ്യത്തിന്റെ ഇതര മേഖലകളിലും ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രളയസമാനമായ അവസ്ഥയെക്കുറിച്ച് കാലാവസ്ഥാ ശാസ്ത്രഞ്ജന്മാരുടെ അഭിപ്രായമിതാണ്. ജൂണ്‍- ജൂലൈ മാസങ്ങളില്‍ കിഴക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കൃത്യമായി എത്താതെ ഒളിച്ചുകളിച്ചപ്പോള്‍ വരള്‍ച്ചയുടെ പിടിയിലായിരുന്ന പ്രദേശങ്ങളിലാണ് ഇപ്പോള്‍ മഴവെള്ളം തുള്ളിക്കൊരുകുടം എന്നനിലയില്‍ പെയ്തിറങ്ങുന്നത്. ഇപ്പോള്‍ അപ്രതീക്ഷിതമായ സ്ഥലങ്ങളില്‍ മാരകമായ പ്രഹരശേഷിയോടെ. പെയ്തിറങ്ങുന്ന വെള്ളത്തിന്റെ അളവ് ഗഹനമായി വര്‍ധിച്ചിരിക്കുന്നു.
ഇന്ത്യന്‍ കാലാവസ്ഥാ പ്രവചന കേന്ദ്രത്തിന്റെ മാനദണ്ഡം അനുസരിച്ച് ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ ഒരു പ്രദേശത്ത് 204 മില്ലിമീറ്റര്‍ മഴ കിട്ടിയാല്‍ അത് പ്രളയമായി കണക്കാക്കേണ്ടതാണ്. ഇക്കഴിഞ്ഞ ജൂണ്‍ ഒന്നിനും ഓഗസ്ത് എട്ടിനും ഇടയിലെ കണക്കെടുത്താല്‍ അസാം, മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവയുടെ ചില ഭാഗങ്ങള്‍ ഒഴിച്ചാല്‍ മറ്റെവിടെയും വേണ്ടത്ര മഴ ലഭിച്ചിട്ടില്ല. ഇപ്പോഴും പരമ്പരാഗത മണ്‍സൂണ്‍ ക്രമം തെറ്റുകയും മഴ ചില പ്രദേശങ്ങളില്‍ മാത്രമായി കേന്ദ്രീകരിക്കുകയും ചെയ്യുന്നു. കേരളത്തില്‍ തന്നെ വടക്ക് കാസര്‍ഗോഡും തെക്ക് കൊല്ലവും തിരുവനന്തപുരവും കെടുതികള്‍ കാര്യമായി നേരിടുന്നില്ല. നിലമ്പൂരും പാലക്കാടും ഇത്ര തീവ്രമായ മഴ ഉണ്ടാകാറുമില്ല.
രാജ്യത്തെ സംബന്ധിച്ചിടത്തോളം മണ്‍സൂണ്‍ ആയിരുന്നു കാര്‍ഷിക സമ്പദ് വ്യവസ്ഥയുടെ ആണിക്കല്ല്. പരമ്പരാഗത മണ്‍സൂണ്‍ സങ്കല്‍പ്പങ്ങള്‍ക്ക് ഇളക്കം സംഭവിച്ചു കഴിഞ്ഞു എന്നും കേരളത്തില്‍ ഇനി കാലവര്‍ഷം തുടങ്ങുന്നത് ജൂലൈ അവസാനമോ ഓഗസ്ത് തുടക്കത്തിലോ ആയാലും അത്ഭുതപ്പെടാനില്ലെന്നുമാണ് ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രം മുന്‍ ഡയറക്ടര്‍ ഡോ. രമേഷ് പറയുന്നു. നമ്മുടെ കാര്‍ഷിക കലണ്ടര്‍ തന്നെ അതിനനുസരിച്ചു പരിഷ്‌കരിക്കേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു.
Comments are closed.