DCBOOKS
Malayalam News Literature Website

കേരളത്തിലെ പല ലിറ്ററേച്ചർ ഫെസ്റ്റിവലുകൾക്കും കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ മാതൃകയായി: പിണറായി വിജയൻ

കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഏഴാം പതിപ്പ് ഇന്നുമുതൽ ഇവിടെ കോഴിക്കോട് ബീച്ചിൽ സമാരംഭിച്ചിരിക്കുകയാണല്ലോ. കഴിഞ്ഞ ഓരോ വർഷങ്ങളിലും കൂടുതൽ കൂടുതൽ ജനപങ്കാളിത്തം കൈവരിച്ചുകൊണ്ട് ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവത്തിൽ നിന്ന് ലോകത്തിലെത്തന്നെ ഏറ്റവും വലിയ സാഹിത്യോത്സവമായി ഇന്ന് അതു മാറിയിട്ടുണ്ട് എന്നത് ഉദ്ബുദ്ധരായ ഈ ജനസഞ്ചയം സാക്ഷ്യപ്പെടുത്തുന്നുണ്ട്. വിശേഷിച്ചും യുവജനങ്ങളുടെ പങ്കാളിത്തം എടുത്തു പറയേണ്ടതുണ്ട്. നവകേരളത്തിന്റെ
നിർമ്മിതിയിൽ സൃഷ്ട്യുന്മുഖമായ പങ്കുവഹിക്കുന്നവരാണ് ഈ യുവജനത. അവരുടെ മതനിരപേക്ഷവും പുരോഗമനാത്മകവും ജനകീയവുമായ നിലപാടുകളും ഇടപെടലുകളുമാണ് കേരളത്തെ ഇന്ത്യയുടെ മറ്റു പല ഭാഗങ്ങളിൽ നിന്നും വ്യത്യസ്തവും വികസനോന്മുഖവുമാക്കുന്നത്. അത്തരമൊരു നിലപാടിലേക്ക് ഒരു ജനതയെ നയിക്കുന്നതിൽ ഇത്തരത്തിലുള്ള സാഹിത്യോത്സവങ്ങൾ നിർണ്ണായകമായ പങ്കാണ് വഹിക്കുന്നത്. ഇവിടെ നടക്കുന്ന സംവാദങ്ങളിലൂടെയും ചർച്ചകളിലൂടെയും വികസ്വരമാകുന്ന ചിന്തകളും ആശയഗതികളുമെല്ലാമാണ് നമ്മുടെ സമൂഹത്തെ മുന്നോട്ടു നയിക്കുന്നത്.

മുൻ കാലങ്ങളിൽ കേരളത്തിലെ ഗ്രാമങ്ങളിലെമ്പാടുമുള്ള വായനശാലകളിലെ കൂട്ടായ്മകളിലൂടെ സൃഷ്ടിക്കപ്പെട്ട പൊതുബോധം നമ്മെ പുരോഗമനാത്മകമായ ഒരു സമൂഹമാക്കി വളർത്തിയെടുക്കുന്നതിൽ വഹിച്ച പങ്കു പോലെത്തന്നെ പ്രധാനമാണ് കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വഹിക്കുന്ന പങ്കും. പൊതു ഇടങ്ങളിലെ സംവാദങ്ങളിലൂടെയും ആശയക്കൈമാറ്റങ്ങളിലൂടെയുമാണ് ഓരോ സമൂഹവും പുരോഗമിക്കുന്നത്. അതു സൃഷ്ടിക്കുന്ന സാമൂഹ്യോർജ്ജമാണ് നമ്മെ എക്കാലവും മുന്നോട്ടു നയിക്കുക. അതിനു പകരം വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും മതാത്മകവും അധികാര പ്രമത്തവുമായ മറ്റൊരു വിധ്വംസകമായ ഊർജ്ജം പ്രസരിപ്പിക്കാനുള്ള ശ്രമം ഇന്ത്യയിലെമ്പാടും ഉണ്ടാകുന്നു എന്നതുകൂടി ഇവിടെ പറയേണ്ടതുണ്ട്. അത് ജനാധിപത്യത്തിനു മേലെ രാജവാഴ്ചയുടെ ചെങ്കോലു പ്രതിഷ്ഠിച്ചു കൊണ്ട് ജനാധിപത്യ മൂല്യങ്ങൾക്കു പകരം മതാത്മകതയുടെ നാമജപം നടത്തി പ്രജകൾ മാത്രമായി അടങ്ങിക്കഴിയാനാണ് ആഹ്വാനം ചെയ്യുന്നത്. അതിനെതിരായ സാമൂഹ്യ ഇച്ഛയുടെ പ്രതിഫലനം കൂടിയാണ് കെഎൽ എഫ് കൂട്ടായ്മ. എഴുത്തുകാരും വായനക്കാരും ചിന്തകരും സാമൂഹ്യ പ്രവർത്തകരും ഇവിടെ ഒത്തുചേരുന്നു.നിരവധി തരത്തിലുള്ള ആശയസംവാദങ്ങൾ അവർ നടത്തുന്നു. മുന്നൂറിലേറെ സെഷനുകളാണ് ഇവിടെ നാലു ദിവസങ്ങളിൽ ഏഴു വേദികളിലായി നടക്കുന്നത് എന്നറിയുന്നു. അവയിലൂടെ സൃഷ്ടിക്കപ്പെടുന്ന അറിവുകളും തിരിച്ചറിവുകളും ഇവിടെയെത്തുന്ന ജനലക്ഷങ്ങളിലൂടെ സാമൂഹ്യോർജ്ജമായി നമ്മുടെ സമൂഹത്തിലെമ്പാടും പ്രസരിക്കുന്നു. അത് സമൂഹത്തെ പുരോഗമനാത്മകമായി മുന്നേറാൻ പ്രാപ്തമാക്കുന്നു.

വിദ്യാർത്ഥികളിലും ഒരു വായനാ സംസ്കാരം വളർത്തിക്കൊണ്ടു വരുന്നതിനായി ഈ വർഷം മുതൽ ചിൽഡ്രൺസ് കെ എൽ എഫും പ്രത്യേക വേദിയിൽ വച്ച് ഈ നാലു ദിവസങ്ങളിലും അരങ്ങേറുന്നു.

യുനസ്കോയുടെ സിറ്റി ഒഫ് ലിറ്ററേച്ചർ പദവി ഇന്ത്യയിൽ ആദ്യമായി ലഭിച്ച കോഴിക്കോട് നഗരത്തിലാണ് കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ നടക്കുന്നതെന്നും എടുത്തുപറയേണ്ടതാണ്. ഇന്ത്യയിൽത്തന്നെ കൊൽക്കത്തയും മറ്റും ഈ പദവി നേടാൻ ശ്രമിച്ചിരുന്നുവെങ്കിലും യുനസ്കോ കോഴിക്കോടിനാണ് സിറ്റി ഒഫ് ലിറ്ററേച്ചർ പദവി ആദ്യമായി നല്കിയത്. അതും ഇന്ത്യയിൽത്തന്നെ ആദ്യമായി. കാലങ്ങളായുള്ള സാഹിത്യ പാരമ്പര്യത്തോടൊപ്പം കഴിഞ്ഞ ഏഴു വർഷങ്ങളായി ഇവിടെ നടന്നു വരുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ലോകോത്തരമായ ജനപങ്കാളിത്തവും ആ പദവി നേടാൻ കോഴിക്കോടു നഗരത്തെ അർഹമാക്കി എന്നതും എടുത്തു പറയേണ്ടതുണ്ട്. ഫ്രാങ്ക് ഫ്രട്ട് ബുക് ഫെയർ ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളയായി ഫ്രാങ്ക് ഫ്രട്ട് നഗരമൊന്നാകെ ആഘോഷിക്കുന്നു. അതുപോലെ ലോകത്ത് ആദ്യമായി സിറ്റി ഒഫ് ലിറ്ററേച്ചർ പദവി നേടിയ എഡിൻബറോയിലെ സാഹിത്യോത്സവവും. അവർ നഗരത്തെരുവുകൾക്കും പൊതു ഇടങ്ങൾക്കും പുസ്തകങ്ങളുമായോ സാഹിത്യവുമായോ ബന്ധപ്പെട്ട പേരുകൾ നല്കുകയും സാഹിത്യോത്സവത്തിൽ മുഴുവൻ നഗരവും പങ്കെടുകകയും ചെയ്യുന്നു’. ലോകത്തെ എല്ലാ വലിയ സാഹിത്യകാരരും ഇതിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരാണ്. അതുപോലെ ഇന്ത്യയിൽ ആദ്യമായി സിറ്റി ഒഫ് ലിറ്ററേച്ചർ പദവി നേടിയ കോഴിക്കോട് നഗരമൊന്നാകെ കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ആഘോഷമാക്കുകയും ലോകമെമ്പാടുമുള്ള എഴുത്തുകാർ എത്തിച്ചേരാൻ ആഗ്രഹിക്കുന്ന ഒരിടമായി കോഴിക്കോടിനെ വളർത്തണമെന്നും ആ ശിക്കുന്നു. അങ്ങനെ ഇന്ത്യയിലെ ആദ്യ സാഹിത്യ നഗരമായ കോഴിക്കോട് ലോക സാഹിത്യ ഭൂപടത്തിൽ ഏറ്റവും മികച്ച സ്ഥാനം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യയിൽ ആദ്യമായി ഒരു സാഹിത്യോത്സവത്തോടൊപ്പം റൈറ്റേഴ്സ് റെസിഡൻസി പ്രോഗ്രാo കൂടി കെ എൽ എ ഫ് ആരംഭച്ചിട്ടുണ്ട് എന്നറിയുന്നതിൽ സന്തോഷമുണ്ട്.കെ.എൽ എഫ്.2024 ന് മുമ്പും ശേഷവുമായി ഫ്രാൻസ്, വെയിൽസ് സ്കോട്ലാൻ്റ് ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിൽ നിന്നുള്ള 5 എഴുത്തുകാർ വാഗമണ്ണിലെ കെ എൽ എ ഫ് റൈറ്റേഴ്സ് റസിഡൻസിയിൽ അതിഥികളായി എത്തുന്നു. ഇങ്ങനെ വിവിധ രാജ്യങ്ങളിലുള്ള എഴുത്തുകാരെ കേരളത്തിലേക്ക്‌ എത്തിക്കാൻ കഴിയുന്നത് കെഎൽ എ ഫിനെ രാജ്യാന്തര തലത്തിലേക്കെത്തിക്കാൻ സഹായകമാകും.

ഡി സി കിഴക്കെ മുറി ഫൗണ്ടേഷനാണ് കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. നമ്മുടെ സാമൂഹ്യ സാംസ്കാരിക ചരിത്രത്തിൽ പുസ്തകലോകത്താകമാനം നിറഞ്ഞു നിന്ന വ്യക്തിയായിരുന്നു സ്വാതന്ത്ര്യ സമര സേനാനി കൂടിയായിരുന്ന ഡിസി കിഴക്കെ മുറി. ലോകത്ത് ആദ്യമായി സാഹിത്യ രംഗത്തുള്ളവരുടെ ഒരു സഹകരണ സംഘമുണ്ടാക്കുന്നതിനു വേണ്ടി പ്രവർത്തിക്കുകയും ആ സഹകരണ സംഘം വഴി നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് ദീർഘകാലം നേതൃത്വം നല്കിയ അദ്ദേഹം കേരളത്തിലെമ്പാടും വായനശാലകൾ സൃഷ്ടിച്ച ഗ്രന്ഥശാലാ പ്രസ്ഥാനത്തിനു തുടക്കമിട്ടവരിൽ ഒരാളുമായിരുന്നു. എൻ ബി എസ് എന്ന പുസ്തകശാലാ ശൃംഖല സ്ഥാപിച്ചതും അദ്ദേഹമാണ്. പൊതു ആവശ്യത്തിനായി ലോട്ടറി എന്ന ആശയം അവതരിപ്പിച്ചു നടപ്പാക്കിയത് ഡി സി കിഴക്കെ മുറിയാണ്. കോട്ടയത്തെ ഇന്ത്യയിലെ ആദ്യത്തെ 100 % സാക്ഷര നഗരമാക്കിയതും അദ്ദേഹത്തിന്റെ
പ്രവർത്തന ഫലമായാണ് -അദ്ദേഹം സ്ഥാപിച്ച ഡിസി ബുക്സ് ഇപ്പോൾ അമ്പതാം വാർഷികം ആഘോഷിക്കുകയാണ്. അദ്ദേഹത്തിന്റെ നാമത്തിലുള്ള ഫൗണ്ടേഷൻ ഇങ്ങനെയൊരു സംരംഭത്തിന് മുൻകൈ എടുത്തും ലോകത്തിലെത്തന്നെ ഏറ്റവും ജനപങ്കാളിത്തമുള്ള ലിറ്ററേച്ചർ ഫെസ്റ്റിവലാക്കി വളർത്തിയതും അഭിനന്ദനീയമാണ്. കോഴിക്കോടു കോർപറേഷൻ ഡിസി കിഴക്കെ മുറിയുടെ നാമത്തിലുള്ള ഒരു റൈറ്റേഴ്സ് റസിഡൻസി ഉണ്ടാക്കേണ്ടതാണ്. കേരളത്തിൽ പലയിടങ്ങളിലായി നടക്കുന്ന പല ലിറ്ററേച്ചർ ഫെസ്റ്റിവലുകൾക്കും കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ഒരു മാതൃകയായി എന്നതുകൂടി ഇവിടെ സൂചിപ്പിക്കട്ടെ.

വിഷയവൈവിധ്യം കൊണ്ടും ആശയവൈ പുല്യം കൊണ്ടും പങ്കെടുക്കുന്നവരുടെ എണ്ണം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ഏറ്റവും മുന്നിൽ നില്ക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്‌ എത്തിച്ചേർന്ന നിങ്ങളേവരെയും അഭിവാദ്യം ചെയ്തുകൊണ്ട് ഈ സാഹിത്യോത്സവത്തിന്റെ ഏഴാം എഡിഷൻ ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിക്കുന്നു.

 

Comments are closed.