വര്‍ണ്ണപ്പൊലിമയോടെ സാഹിത്യോത്സവത്തില്‍ സാംസ്‌കാരിക സന്ധ്യകള്‍
ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ജനുവരി 16 മുതല്‍ 19 വരെ സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ വര്‍ണ്ണപ്പൊലിമയേറിയ കലാപരിപാടികളുടെ അവതരണവും. വിവിധ ദിനങ്ങളിലായി സംഘടിപ്പിക്കുന്ന സാംസ്‌കാരിക സന്ധ്യകളില്‍ നിരവധി കലാരൂപങ്ങളും നൃത്ത-സംഗീത സമന്വയങ്ങളും അരങ്ങേറുന്നു. കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപി, പ്രശസ്ത സംഗീതജ്ഞനും സാമൂഹികപ്രവര്‍ത്തകനും മാഗ്‌സെസെ പുരസ്‌കാരജേതാവുമായ ഡോ. ടി.എം.കൃഷ്ണ, സൂഫി ഗായകന്‍ മദന്‍ ഗോപാല്‍ സിങ് തുടങ്ങി ഇന്ത്യയിലും വിദേശത്തുമുള്ള പ്രഗത്ഭരായ കലാകാരന്മാരാണ് പരിപാടികള്‍ അവതരിപ്പിക്കാനായി കോഴിക്കോട്ടെ കെ.എല്‍.എഫ് വേദിയില്‍ എത്തുന്നത്.
ജനുവരി 15-ാം തീയതി കെ.ആര്‍.മീരയുടെ ശ്രദ്ധേയകഥ ഭഗവാന്റെ മരണത്തെ അധികരിച്ച് കനല്‍ സാംസ്‌കാരികവേദി അവതരിപ്പിക്കുന്ന നാടകം, ജനുവരി 16-ാം തീയതി ഡോ. ടി.എം. കൃഷ്ണയുടെ സംഗീതവിരുന്ന്, ജനുവരി 17-ന് കലാമണ്ഡലം ഗോപി അവതരിപ്പിക്കുന്ന കഥകളി, സ്‌പെയിനില്‍ നിന്നും എത്തുന്ന കലാസംഘത്തിന്റെ ഫ്‌ളെമിങ്കോ ഡാന്‍സ്, ഐബീരിയന്‍ സംഗീതനിശ എന്നിവയും ജനുവരി 18-ന് ഓളം ബാന്‍ഡിന്റെ പൊയറ്റിക് റോക്ക് ഷോ, ജനുവരി 19-ന് മദന്‍ ഗോപാല്‍സിങ്ങിന്റെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്ന സൂഫി സംഗീതവിരുന്ന്, കളരിപ്പയറ്റ് എന്നിവയും അവതരിപ്പിക്കപ്പെടുന്നു. എല്ലാ ദിവസവും വൈകിട്ട് എട്ടു മണി മുതലാണ് കലാപരിപാടികള്‍ ആരംഭിക്കുക.
ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ജനുവരി 16 മുതല്‍ 19 വരെ സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വെബ്‌സൈറ്റ് മുഖേനയും കേരളത്തിലുടനീളമുള്ള ഡി.സി ബുക്‌സ് -കറന്റ് ബുക്‌സ് ശാഖകളിലൂടെയും രജിസ്റ്റര്‍ ചെയ്യാം.
Comments are closed.