കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ തമിഴ് സാഹിത്യത്തിലെ സമുന്നര്‍ പങ്കെടുക്കുന്നു
അക്ഷരങ്ങളും ആശയങ്ങളും കലയുടെ സകല മേഖലകളും അലയടിക്കുന്ന ഉത്സവസാഗരമായി മാറാന്‍ ഒരുങ്ങുകയാണ് കോഴിക്കോട് കടപ്പുറം. ലോകത്തിലെ പ്രഗത്ഭരായ എഴുത്തുകാരെയും ചിന്തകരെയും കലാകാരന്മാരെയും ഉള്‍പ്പെടുത്തി ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ജനുവരി 16-ന് തുടക്കം കുറിക്കും. വിവിധ രാജ്യങ്ങളില്‍നിന്നും വിവിധ ഭാഷകളില്‍നിന്നും അഞ്ഞൂറിലധികം വിശിഷ്ടാതിഥികളാണ് കെ.എല്‍.എഫ് വേദിയില്‍ സംവാദത്തിനെത്തുക.
ദ്രാവിഡഭാഷകളുടെ മാതാവായ തമിഴാണ് ഇത്തവണ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ കേന്ദ്രഭാഷയാകുന്നത്. തമിഴ്‌നാടിന്റെ ഔദ്യോഗികഭാഷയെന്നതിനപ്പുറം അന്താരാഷ്ട്രതലത്തില്‍ ഏറെ പ്രാമുഖ്യമുള്ള ഭാഷയാണ് തമിഴ്. ദ്രാവിഡരുടെ മൂലഭാഷയായ തമിഴാണ് ഇന്ത്യയില്‍ ആദ്യം ക്ലാസ്സിക്കല്‍ പദവി ലഭിച്ച ഭാഷ. ആധുനിക ഭാരതീയ ഭാഷകളുടെ ശ്രേണിയില്‍ ഏറ്റവും പഴക്കമുള്ള സാഹിത്യഭാഷ എന്ന സ്ഥാനവും തമിഴിനാണുള്ളത്. പ്രാചീനവും സാഹിത്യസമ്പുഷ്ടവുമായ തമിഴിലെ വൈവിധ്യങ്ങളാണ് ഇത്തവണ സാഹിത്യചര്‍ച്ചകളില്‍ ഇടംപിടിക്കുന്ന മുഖ്യവിഷയം.
തമിഴകത്തെ പ്രശസ്ത സാഹിത്യകാരന്മാരും പ്രസാധകരും ചിന്തകരും ചരിത്രകാരന്മാരും സാഹിത്യോത്സവത്തില്‍ പങ്കെടുക്കുന്നുണ്ട്. പെരുമാള്‍ മുരുകന്‍, എ.ആര്‍.വെങ്കിടാചലപതി, എ.സത്യമൂര്‍ത്തി, ബാമ, ടി.എം.കൃഷ്ണ, ഡോ.എസ്.രേവതി, സല്‍മ (രാജാത്തി സല്‍മ),
കണ്ണന്‍ സുന്ദരം(കാലച്ചുവട് പബ്ലിക്കേഷന്‍ എം.ഡി.) തുടങ്ങിയവര്‍ കെ.എല്‍.എഫ് വേദിയില്‍ എത്തുന്നുണ്ട്. തമിഴ് എഴുത്തുകാരുടെ സംഗമവും ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
തമിഴ് സാഹിത്യം അതിന്റെ വായനകളിലും പുനര്‍വായനകളിലും സഞ്ചരിക്കുന്ന ഈ ആധുനികകാലത്തും ഏറെ വൈവിധ്യങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ആ വൈവിധ്യങ്ങളെ അടുത്തറിയാനും സംവാദങ്ങളില്‍ പങ്കുചേരാനും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ ഒത്തൊരുമിക്കാം.
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വെബ്‌സൈറ്റ് മുഖേനയും കേരളത്തിലുടനീളമുള്ള ഡി.സി ബുക്‌സ് -കറന്റ് ബുക്‌സ് ശാഖകളിലൂടെയും രജിസ്റ്റര്‍ ചെയ്യാം.
Comments are closed.