DCBOOKS
Malayalam News Literature Website

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് നാളെ തുടക്കം കുറിക്കുന്നു

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ അഞ്ചാമത് പതിപ്പിന് നാളെ തിരശ്ശീല ഉയരുന്നു. ജനുവരി 16 മുതല്‍ 19 വരെ കോഴിക്കോട് കടപ്പുറത്ത് വെച്ചാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. നാല് ദിവസങ്ങളില്‍ അഞ്ച് വേദികളിലായി സംഘടിപ്പിക്കുന്ന ഈ സാംസ്‌കാരികമാമാങ്കത്തില്‍ ലോകോത്തര എഴുത്തുകാര്‍, ബുക്കര്‍ പുരസ്‌കാര ജേതാക്കള്‍, ഓസ്‌കര്‍ പുരസ്‌കാര ജേതാക്കള്‍, ജ്ഞാനപീഠ ജേതാക്കള്‍, പരിസ്ഥിതിപ്രവര്‍ത്തകര്‍, രാഷ്ട്രത്തലവന്മാര്‍, സിനിമാ-നാടകരംഗത്തെ പ്രമുഖര്‍, കലാകാരന്മാരും അഭിനേതാക്കളും, കവികള്‍, ചരിത്രകാരന്മാര്‍, മാധ്യമപ്രവര്‍ത്തകര്‍, നയതന്ത്രജ്ഞര്‍, തുടങ്ങി നിരവധി മേഖലകളിലെ പ്രഗത്ഭര്‍ പങ്കുചേരുന്നു.

ലോകത്തിലെ മറ്റേത് സാഹിത്യോത്സവങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍. പൂര്‍ണ്ണമായും ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള സാഹിത്യോത്സവമാണിത്.  പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും എന്നതാണ് ഇത്തവണത്തെ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഫോക്കസ് തീം. സ്‌പെയിനാണ് അതിഥി രാജ്യം. സ്‌പെയിനില്‍നിന്ന് ഇരുപതിലധികം കലാകാരന്മാരും എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും മേളയില്‍ പങ്കെടുക്കുന്നു. ഇന്ത്യന്‍ ഭാഷകളില്‍നിന്ന് ഇത്തവണ തമിഴാണ് അതിഥിഭാഷയായി തിരഞ്ഞെടുത്തിരിക്കുന്നത്. ശ്രദ്ധേയരായ പത്ത് തമിഴ് സാഹിത്യകാരന്മാര്‍ കെ.എല്‍.എഫ് വേദിയില്‍ അതിഥികളായി എത്തുന്നു. ഇന്ത്യയെ കൂടാതെ, ബ്രിട്ടണ്‍, സ്ലൊവേനിയ, ഈജിപ്റ്റ്, അയര്‍ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരും സാഹിത്യോത്സവത്തില്‍ പങ്കെടുക്കുന്നുണ്ട്.

പോയവര്‍ഷങ്ങളില്‍ ഏഷ്യയില്‍ വെച്ചുനടന്ന മറ്റേത് സാഹിത്യോത്സവങ്ങളേക്കാളും അവിതര്‍ക്കമായ വളര്‍ച്ചയാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനുള്ളത്. പുതുതായി രണ്ടു കാര്യങ്ങള്‍ കൂടി ഇത്തവണ മുതല്‍ മേളയില്‍ ഉള്‍പ്പെടുത്തുന്നു. കെ.എല്‍.എഫ് സാഹിത്യ പുരസ്‌കാരം-ഫിക്ഷന്‍, നോണ്‍ ഫിക്ഷന്‍, പോപ്പുലന്‍ സയന്‍സ്, യാത്ര എന്നീ വിഭാഗങ്ങളിലും മലയാളത്തിലെ ഏറ്റവും മികച്ച പുസ്തകത്തിനുള്ള പുരസ്‌കാരവും സമ്മാനിക്കും. കലാകാരന്മാര്‍ക്കും എഴുത്തുകാര്‍ക്കുമായി ഒരുക്കുന്ന വാഗമണ്‍ റെസിഡന്‍സി പ്രോഗ്രാമിന്റെ പ്രഖ്യാപനവും ഇത്തവണ മേളയിലുണ്ടാകും.

വാഗമണ്‍ റെസിഡന്‍സി

2020 ഏപ്രില്‍ മുതല്‍ രണ്ടു വര്‍ഷത്തിലൊരിക്കല്‍ നാലാഴ്ചക്കാലത്തേക്ക് തിരഞ്ഞെടുത്ത കലാകാരന്മാര്‍ക്ക് താമസിച്ച് സര്‍ഗ്ഗസൃഷ്ടി നടത്തുന്നതിനായി വാഗമണിലെ പ്രകൃതിരമണീയമായ സ്ഥലത്ത് ഒരുക്കിയിട്ടുള്ള സൗകര്യമാണ് വാഗമണ്‍ റസിഡന്‍സി. കെ.എല്‍.എഫ് നാലാഴ്ചയും കലാകാരന്മാര്‍ക്കുള്ള എല്ലാവിധ സൗകര്യങ്ങളും ഇവിടെ ഒരുക്കും. കൂടാതെ പ്രമുഖ എഴുത്തുകാരുമായും കലാകാരന്മാരുമായും അതിഥി കലാകാരന്മാര്‍ക്ക് സംവദിക്കുന്നതിനുള്ള അവസരവും ഒരുക്കുന്നുണ്ട്. അന്താരാഷ്ട്ര തലത്തിലുള്ള അതിഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷാഫോറം കെ.എല്‍.എഫിന്റെ വാഗമണ്‍ റസിഡന്‍സി പ്രോഗ്രാം സൈറ്റില്‍ ഉടന്‍തന്നെ ലഭ്യമാകും.

സംവാദങ്ങള്‍, നേരിട്ടുള്ള പ്രഭാഷണങ്ങള്‍, പുസ്തകവര്‍ത്തമാനങ്ങള്‍, വായനക്കാരുടെ സംവാദങ്ങള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന സദസ്സുകളാണ് കെ.എല്‍.എഫിന്റെ അഞ്ചാം പതിപ്പില്‍ ഒരുക്കിയിട്ടുള്ളത്. ചരിത്രം, സാഹിത്യം, ശാസ്ത്രം, കായികം, കല, ദര്‍ശനം, ചരിത്രം, സിനിമ തുടങ്ങി വ്യത്യസ്ത മണ്ഡലങ്ങളിലുള്ള വിഷയങ്ങള്‍ അഞ്ചു വേദികളിലായി നാലു ദിവസങ്ങളില്‍ നടക്കുന്നു.

പ്രധാന സംവാദങ്ങള്‍

ഗാന്ധിയും പരിസ്ഥിതിയും, പ്രളയാനന്തര കേരളം ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍, ജൈവകൃഷിയും പാറഖനനവും, വനനശീകരണവും മണല്‍ ഖനനവും, ഇസ്‌ലാമും സ്ത്രീയും, ശബരിമല സ്ത്രീപ്രവേശന വിഷയം, അയോദ്ധ്യ കോടതിവിധി, പ്രാദേശികഭാഷകളുടെ ആവിര്‍ഭാവം, ഗോത്രഭാഷസാഹിത്യം, മലയാളത്തിലെ പുതുകഥകള്‍, ഡോണ്‍ ക്വിക്‌സോട്ടിന്റെ പുതിയ ഭാഷ്യം, സ്പാനിഷ് നോവലിസ്റ്റായ മിഗ്വെല്‍ ഡെലിബ്‌സിന്റെ നോവലുകള്‍, ഭൂപടശാസ്ത്രം, പ്രാചീന ഇന്ത്യാക്കാരെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകള്‍, റോബോട്ടിക്‌സ്, മാനവരാശിയുടെ ഭാവി, അഭിപ്രായരൂപീകരണത്തില്‍ സമൂഹമാധ്യമങ്ങളുടെ പങ്ക്, കല, സംഗീതം, ജാതി എന്നിവയിലെ സമകാലികപ്രവണതകള്‍, അപകടകരമായകാലത്തെ സാഹിത്യം, തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ സാഹിത്യോത്സവത്തില്‍ ചര്‍ച്ചയാകുന്നു. കവി കെ.സച്ചിദാനന്ദന്‍ ഫെസ്റ്റിവല്‍ ഡയറക്ടറും പെന്‍ഗ്വിന്‍ ഇന്ത്യയുടെ മുന്‍ വൈസ് പ്രസിഡന്റ് ഹെമാലി സോധി ഫെസ്റ്റിവല്‍ അഡൈ്വസറുമാണ്.

അഞ്ച് വേദികള്‍, അഞ്ഞൂറോളം പ്രഭാഷകര്‍

സാഹിത്യലോകത്തെ വിഖ്യാത എഴുത്തുകാര്‍, ബുക്കര്‍ പുരസ്‌കാര ജേതാക്കള്‍, ഓസ്‌കര്‍ പുരസ്‌കാര ജേതാക്കള്‍, ജ്ഞാനപീഠ ജേതാക്കള്‍, പരിസ്ഥിതിപ്രവര്‍ത്തകര്‍, രാഷ്ട്രത്തലവവന്മാര്‍, സിനിമാ-നാടകരംഗത്തെ പ്രമുഖര്‍, കലാകാരന്മാരും അഭിനേതാക്കളും, കവികള്‍, ചരിത്രകാരന്മാര്‍, മാധ്യമപ്രവര്‍ത്തകര്‍, നയതന്ത്രജ്ഞര്‍, തുടങ്ങി നിരവധി മേഖലകളിലെ പ്രഗത്ഭര്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നു.

രാജ്ദീപ് സര്‍ദേശായി, ബി.ആര്‍.പി.ഭാസ്‌കര്‍, കരണ്‍ ഥാപ്പര്‍, ഫ്രാന്‍സിസ്‌കോ ലോപ്പസ്, എയ്ഞ്ചല്‍ ലോപ്പസ് (സ്‌പെയിന്‍) തുടങ്ങിയ പ്രശസ്ത മാധ്യമപ്രവര്‍ത്തകരും ശിവ് ഖേര, ടി.എം. കൃഷ്ണ, ശശി തരൂര്‍, കൃഷ്ണ രാമാനുജന്‍, ചന്ദന്‍ ഗൗഡ, മോണിക്ക റോഡ്രിഗസ്, ഫ്രാന്‍സെസ് മിറേല്‍സ്(സ്‌പെയിന്‍) ചരിത്രകാരന്മാരായ മനു എസ്.പിള്ള, വില്യം ഡാല്‍റിംപിള്‍, വിക്രം സമ്പത്ത്, പാര്‍വ്വതി ശര്‍മ്മ, എം.വെങ്കിടാചലപതി, ടോണി ജോസഫ്, പെരുമാള്‍ മുരുകന്‍, ഇസൈ, നമിത ഗോഖലെ, നിഷി ചൗള, പരമിത സത്പതി, ആനന്ദ് തേല്‍തുംതെ, വിനയ് ലാല്‍, മുനി നാരായണപ്രസാദ്, കെ.ആര്‍.മീര, ബെന്യാമിന്‍, സുഭാഷ് ചന്ദ്രന്‍, പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗില്‍, അല്‍ക്കാ പാണ്ഡേ, റിയാസ് കോമു, സുബോധ് കേര്‍കര്‍, കണ്ണന്‍ സുന്ദരം, എസ്.രാമകൃഷ്ണന്‍, ചേരന്‍ (ശ്രീലങ്ക), അരിസിറ്റസ്( ദക്ഷിണാഫ്രിക്ക), സല്‍മ, ഹേമന്ദ് ദിവതെ, സച്ചിന്‍ കേത്കര്‍, സുബ്രോ ബന്ദോപാദ്ധ്യായ, അരുന്ധതി സുബ്രഹ്മണ്യം, പത്മപ്രിയ, നന്ദിത ദാസ് തുടങ്ങിയ പ്രശസ്ത ചലച്ചിത്രനടികളും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ വിവിധ സംവാദങ്ങളില്‍ പങ്കെടുക്കുന്നു. യു.എ.ഇയിലെ പരിസ്ഥിതി- കാലാവസ്ഥാ വ്യതിയാനം വിഭാഗം വകുപ്പ് മന്ത്രി ഹിസ് എക്‌സലന്‍സി ഡോ. തനി ബിന്‍ അഹമ്മദ് അല്‍ സയൗദി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ അഞ്ചാമത് പതിപ്പില്‍ മുഖ്യപ്രഭാഷണം നടത്തും.

സാംസ്‌കാരികവിരുന്ന്

പകല്‍സമയത്തെ സംവാദങ്ങള്‍ക്കു പുറമേ സായന്തനങ്ങളില്‍ നിരവധി കലാപരിപാടികളും സഹൃദയര്‍ക്കായി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഒരുക്കിയിട്ടുണ്ട്. ടി.എം.കൃഷ്ണയുടെ ശാസ്ത്രീയ സംഗീതവിരുന്ന്, കലാമണ്ഡലം ഗോപിയുടെ കര്‍ണ്ണ ശപഥം കഥകളി, സ്‌പെയിനില്‍നിന്നെത്തുന്ന കലാസംഘത്തിന്റെ ഫ്‌ളെമിങ്‌ഗോ നൃത്തശില്പം, ജെര്‍മന്‍ ഡയസ് അവതരിപ്പിക്കുന്ന ഐബീരിയന്‍ സംഗീതനിശ, ചാര്‍ യാര്‍ അവതരിപ്പിക്കുന്ന സൂഫി സംഗീതം, ഭഗവാന്റെ മരണം- നാടകാവതരണം, അന്‍വര്‍ അലിയും ഓളം ബാന്റും ചേര്‍ന്ന് അവതരിപ്പിക്കുന്ന സംഗീതവിരുന്ന്, കളരിപ്പയറ്റ് എന്നിവയും കെ.എല്‍.എഫിന്റെ ഭാഗമായുണ്ട്.

കലയും സംസ്‌കാരവും സാഹിത്യവും ഒന്നിക്കുന്ന സജീവമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കുമൊപ്പം താത്പര്യമുള്ള എല്ലാ സഹൃദയര്‍ക്കും പങ്കുചേരാം.

ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വെബ്‌സൈറ്റ് മുഖേനയും കേരളത്തിലുടനീളമുള്ള ഡി.സി ബുക്‌സ് -കറന്റ് ബുക്‌സ് ശാഖകളിലൂടെയും രജിസ്റ്റര്‍ ചെയ്യാം.

കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക

Comments are closed.