DCBOOKS
Malayalam News Literature Website

‘വായനയാണ് ലഹരി’; കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം നവംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പ് നവംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ നിയമസഭ അങ്കണത്തിൽ നടക്കും. A21 – A25, A123-A125, A178- A199 എന്നിങ്ങനെയാണ് പുസ്തകോത്സവത്തിലെ  ഡി സി ബുക്‌സ്  സ്റ്റാൾ നമ്പരുകൾ. ബാബു ജോണിന്റെ ‘കിന്നര്‍ കൈലാസ യാത്ര’, വി ജെ ജയിംസിന്റെ ‘കിനാവ്’, എബ്രഹാം മാത്യുവിന്റെ ‘കഥകള്‍-എബ്രഹാം മാത്യു എന്നീ പുസ്തകങ്ങള്‍ വേദിയില്‍ പ്രകാശനം ചെയ്യും. വി ഷിനിലാലിന്റെ ‘ഇരു’ എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ള പുസ്തകചര്‍ച്ചയും ഡി സി ബുക്‌സ് സംഘടിപ്പിച്ചിട്ടുണ്ട്. ഡി സി ബുക്സ് സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അശ്വതിയും ശ്രീകാന്തും ചേര്‍ന്ന് ഒരുക്കുന്ന ‘ വാഗ്ഗേയ വൈഭവം’ നൃത്താവിഷ്‌കാരം നവംബര്‍ നാലിന് വൈകുന്നേരം അഞ്ച് മണിക്ക് അരങ്ങേറും.

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി വിവിധ വേദികളിലായി മുന്നൂറിലധികം പരിപാടികൾ അരങ്ങേറും. ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ്സ് ലോഞ്ചിലും നിയമസഭ വളപ്പിൽ തന്നെ സജ്ജീകരിച്ചിരിക്കുന്ന മറ്റ് മൂന്നുവേദികളിലുമായിട്ടാണ് പരിപാടികൾ നടക്കുക. പുസ്തകോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നവംബർ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.  സമഗ്ര സംഭാവനയ്ക്കുള്ള  ഇത്തവണത്തെ ‘നിയമസഭ അവാർഡ്’ പ്രശസ്ത എഴുത്തുകാരനും ജ്ഞാനപീഠം, കേരള ജ്യോതി പുരസ്‌കാര ജേതാവുമായ പത്മഭൂഷൺ  എം.ടി വാസുദേവൻ നായർക്ക് മുഖ്യമന്ത്രി സമ്മാനിക്കും.

240 പുസ്തക പ്രകാശനങ്ങൾ, 30 പുസ്തക  ചർച്ചകൾ, മന്ത്രിമാരും സാഹിത്യ സാമൂഹിക സാംസ്‌കാരിക നായകന്മാരുമുൾപ്പെടെ പങ്കെടുക്കുന്ന പാനൽ ചർച്ചകൾ, ദേശീയ അന്തർദേശീയ വ്യക്തിത്വങ്ങളെ സഹകരിപ്പിച്ചുകൊണ്ടുള്ള ‘മീറ്റ് ദി ഓതർ’, ‘എന്റെ എഴുത്തിന്റെയും വായനയുടെയും ലോകം’ തുടങ്ങിയ പരിപാടികൾ  പുസ്തകോത്സവത്തിൽ സംഘടിപ്പിക്കും. കെഎൽഐബിഎഫ് ടോക്ക്സ്, സ്മൃതി സന്ധ്യ,  കവിയരങ്ങ്, കവിയും ജീവിതവും, കെഎൽഐബിഎഫ് ഡയലോഗ്സ്, അക്ഷരശ്ലോക സദസ് തുടങ്ങിയ പരിപാടികളും നടക്കും.

വിവിധ വിഷയങ്ങളിൽ വിദഗ്ധരെ ഉൾക്കൊള്ളിച്ച് പാനൽ ചർച്ചകൾ, സംവാദങ്ങൾ, സെമിനാറുകൾ, വിഷൻ ടാസ്ക്, പുസ്തക പ്രകാശനം, മീറ്റ് ദ ആതർ, മുഖാമുഖം, ബുക്ക് സൈനിങ്‌, ബുക്ക് റീഡിങ്‌ തുടങ്ങി നിരവധി പരിപാടികൾകൊണ്ടും  ജനങ്ങളുടെ സജീവപങ്കാളിത്തംകൊണ്ടും ആദ്യപതിപ്പ് ഏറെ ശ്രദ്ധനേടിയിരുന്നു. സംസ്ഥാനത്തെ മുഴുവൻ പുസ്‌തക പ്രസാധകരും ദേശീയ, അന്തർദ്ദേശീയ തലങ്ങളിലെ പ്രമുഖപ്രസാധകരും മേളയുടെ ഭാഗമായിരുന്നു.

Comments are closed.