DCBOOKS
Malayalam News Literature Website

ചരിത്രകാരന്‍ ടി.എച്ച്.പി ചെന്താരശ്ശേരി അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ ചരിത്രകാരന്‍ ടി.എച്ച്.പി. ചെന്താരശ്ശേരി(90) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അന്ത്യം. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.

ഇന്ത്യയിലെ ജാതി വ്യവസ്ഥയെക്കുറിച്ച് ആഴത്തില്‍ പഠനം നടത്തിയിട്ടുള്ള അദ്ദേഹം അയ്യങ്കാളിയുടെ ജീവചരിത്രം ഉള്‍പ്പെടെ നിരവധി കൃതികളുടെ രചയിതാവാണ്. ഡോ.ബി.ആര്‍. അംബേദ്കറെ കുറിച്ചുള്ള സമഗ്രമായ രചനകളും അദ്ദേഹത്തിന്റെതായുണ്ട്. മൂന്ന് ഇംഗ്ലീഷ് പുസ്തകങ്ങളുള്‍പ്പെടെ നാല്പതോളം കൃതികള്‍ രചിച്ചുണ്ട്.

1928 ജൂലൈ 29ന് തിരുവല്ലക്കടുത്തുള്ള ഓതറയിലാണ് ടി.എച്ച്.പി. ചെന്താരശ്ശേരി ജനിച്ചത്. സാധുജന പരിപാലന സംഘത്തിന്റെ സജീവപ്രവര്‍ത്തരായിരുന്നു മാതാപിതാക്കള്‍. അയ്യങ്കാളിയുടെ ജീവചരിത്രം മലയാളത്തില്‍ ആദ്യമായി രചിച്ചത് ടി.എച്ച്.പി. ചെന്താരശ്ശേരിയാണ്. തുടര്‍ന്ന് ഡോ. ബി.ആര്‍.അംബേദ്കര്‍, പൊയ്കയില്‍ അപ്പച്ചന്‍, പാമ്പാടി ജോണ്‍ ജോസഫ്, സ്വാമി ആനന്ദതീര്‍ത്ഥന്‍ എന്നീ നവോത്ഥാന നായകന്‍മാരെക്കുറിച്ചുള്ള ജീവചരിത്രങ്ങളെഴുതി. നോവല്‍, നാടകം, യാത്രാവിവരണം എന്നീ മേഖലകളിലും അദ്ദേഹം കൃതികള്‍ എഴുതിയിട്ടുണ്ട്.

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, നാഷണല്‍ ദലിത് സാഹിത്യ അവാര്‍ഡ്, അംബേദ്കര്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Comments are closed.