DCBOOKS
Malayalam News Literature Website

ചാലക്കുടി രാജീവ് വധം; അഡ്വ. സി.പി ഉദയഭാനുവിനെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും

ചാലക്കുടി രാജീവ് വധക്കേസിലെ ഏഴാം പ്രതിയായ അഡ്വ. സി.പി ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഇതോടെ അദ്ദേഹത്തെ അറസ്റ്റ്‌ചെയ്യാന്‍ പൊലീസ് നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി ഉദയഭാനുവിന്റെ തൃപ്പൂണിത്തുറയിലുള്ള വീട്ടില്‍ പൊലീസ് പരിശോധന നടത്തി. എന്നാല്‍, ഉദയഭാനും വീട്ടില്‍ ഉണ്ടായിരുന്നില്ല. ഉദയഭാനുവിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം, മുന്‍കൂര്‍ ജാമ്യത്തിനായി ഉദയഭാനും സുപ്രീംകോടതിയെ സമീപിക്കുമെന്നും സൂചനയുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ നേരിട്ട് ഹാജരാകാമെന്ന ഉദയഭാനുവിന്റെ വാദം തള്ളിയ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിക്കുകയായിരുന്നു. ഉദയഭാനുവിനെതിരെ തെളിവുണ്ടെന്നും ജാമ്യം നല്‍കരുതെന്നുമായിരുന്നു പ്രോസിക്യുഷന്‍ നിലപാട്. 12 പേജ് ഉള്ള റിപ്പോര്‍ട്ടും അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു. രാജീവ് കൊല്ലപ്പെട്ട ദിവസം ഉച്ചയ്ക്ക് ശേഷം ഉദയഭാനുവും പ്രതികളായ ജോണിയും രഞ്ജിത്തും ആലപ്പുഴയില്‍ ഒരേ ടവര്‍ ലൊക്കേഷന് കിഴില്‍ ഉണ്ടായിരുന്നു എന്നും പ്രോസിക്യുഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഫോണ്‍ രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.

ഗൂഢാലോചനയില്‍ ഉദയഭാനുവിന് പങ്കുണ്ടെന്നും ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് പ്രോസിക്യുഷന്റെ നിലപാട്. എന്നാല്‍ അഭിഭാഷകന്‍ എന്ന നിലയിലാണ് പ്രതികളുമായി സംസാരിച്ചതെന്നാണ് ഉദയഭാനുവിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്.

 

Comments are closed.